Authored by Anit | Samayam Malayalam | Updated: 2 Jun 2023, 4:11 pm
പല ആഹാര സാധനങ്ങളും എളുപ്പത്തിന് ഫ്രിഡ്ജിലേക്ക് വെക്കുകയാണ് പതിവ്. അത് ഫ്രിഡ്ജിൽ വെക്കേണ്ടതാണോ അല്ലാത്തതാണോ എന്നൊന്നും ചിന്തിക്കാതെ ആഹാര സാധനങ്ങളെന്തും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവർ തീർച്ചയായും ഇതറിയണം.
-
എല്ലാം ഫ്രഡ്ജിൽ വെക്കണോ?
ആഹാര സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനാണ് നാം ഫ്രിഡ്ജിനെ ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ ആഹാര സാധനങ്ങളും ഫ്രിഡ്ജിലേയ്ക്ക് വെയ്ക്കുന്ന ശീലമുണ്ട് പലർക്കും. എന്നാൽ നിങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന വസ്തുക്കളിൽ പലതും ഫ്രിഡ്ജിൽ വെക്കേണ്ടാത്തവയാണ്. അത്തരത്തിൽ എന്തൊക്കെയാണ് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്തവ എന്ന് പെട്ടന്നൊന്ന് മനസിലാക്കാം.
-
ബ്രെഡ്
പല ആളുകളും ഫ്രിഡ്ജിൽ വെക്കുന്ന പ്രധാന ആഹാരസാധനങ്ങളിലൊന്നാണ് ബ്രെഡ്. ഇങ്ങനെ ചെയ്യുമ്പോൾ ബ്രെഡ് കൂടുതൽ ഉണങ്ങി പോകുകയേ ഉള്ളൂ. ബ്രെഡ് സാധാരണ താപനിലയിൽ പുറത്ത് തന്നെ സൂക്ഷിച്ച് എക്സ്പയറി ഡേറ്റിന് മുമ്പായി ഉപയോഗിച്ച് തീർക്കാം. അതല്ലെങ്കിൽ കഴിക്കാൻ ആവശ്യമായത് മാത്രം പുറത്ത് വെച്ച് ബാക്കിയുള്ളത് നല്ലൊരു കവറിൽ സീൽ ചെയ്ത ശേഷം ഫ്രീസറിൽ സൂക്ഷിക്കാം. വേണ്ടപ്പോൾ പുറത്തെടുത്ത് ടോസ്റ്റ് ചെയ്ത് കഴിക്കാം. ഫ്രീസറിൽ നിന്ന് എടുത്ത ബ്രെഡ് ഉടൻ തന്നെ ടോസ്റ്റ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഫ്രീസ് ചെയ്യാത്ത ബ്രെഡ് ടോസ്റ്റ് ചെയ്യുന്നതിനേക്കാൾ അധിക സമയം എടുക്കുമെന്ന് മാത്രം.
-
ഉരുളക്കിഴങ്ങ്
ഫ്രിഡ്ജിലെ തണുത്ത താപനില ഉരുളക്കിഴങ്ങിൽ അന്നജത്തെ വിഘടിപ്പിക്കാൻ കാരണമാകും. കൂടാതെ ഇതിന്റെ ഗുണങ്ങൾ ഇല്ലാതാകുകയും ചെയ്യും. അതിനാൽ ഉരുളക്കിഴങ്ങ് ഉണങ്ങിയ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. അതും ഈർപ്പം ഇല്ലാത്ത പേപ്പർ ബാഗിൽ സൂക്ഷിക്കുക. പ്ലാസ്റ്റിക്ക് ബാഗിൽ വെച്ചാൽ അതിൽ ഈർപ്പം തടഞ്ഞ് ഉരുളക്കിഴങ്ങ് പെട്ടന്ന് ചീഞ്ഞു പോകാം.
-
തണ്ണിമത്തൻ
തണ്ണിമത്തൻ എപ്പോഴും ഫ്രിഡ്ജിന് പുറത്ത് സാധാരണ താപനിലയിൽ സൂക്ഷിക്കുന്നതാണ് നല്ലത്. രുചിയും ഗുണവും നിലനിർത്താൻ ഇത് തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം. എന്നാൽ മുറിച്ച് കഴിഞ്ഞാൽ മൂന്നോ നാലോ ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
-
പഴം
വാഴപ്പഴം ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ? ഇങ്ങനെചെയ്യുന്നത് പഴത്തിന്റെ തനത് രുചി നഷ്ടമാക്കുമെന്നത് ഒന്നാമത്തെ കാര്യം. കൂടാതെ പഴത്തൊലി ഇരുണ്ട് കൂടുതൽ കട്ടിയുള്ളതായി മാറുകയും അധികം പഴുക്കാത്ത പഴങ്ങൾ ആണെങ്കിൽ അവ പഴുക്കാതിരിക്കാനും കാരണമാകും.
-
സവാള
വായു സഞ്ചാരമുള്ള സ്ഥലത്ത് ഒരു പേപ്പർ ബാഗിൽ സവാള സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ല വഴി. എന്നാൽ മുറിച്ചതോ തൊലി നീക്കം ചെയ്തതോ ആയ സവാള ഒരു എയർടൈറ്റ് ബോക്സിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം. സവാളയും ഉരുളക്കിഴങ്ങും ഒരുമിച്ച് സൂക്ഷിക്കാതിരിക്കാനും ശ്രദ്ധിക്കുക.
-
തക്കാളി
പല ആളുകളും താക്കളി വാങ്ങിയപാടെ നേരെ ഫ്രിഡ്ജിലേയ്ക്ക് വെയ്ക്കുകയാണ് പതിവ്. എന്നാൽ തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഇത് പെട്ടന്ന് അഴുകാൻ കാരണമാകും. ഇവയും ഒരു പേപ്പർ ബാഗിൽ പുറത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.
-
വെളുത്തുള്ളി
വെളുത്തുള്ളിയ്ക്ക് തീവ്ര ഗന്ധവും സ്വാദുമൊക്കെയാണ്. എന്നാൽ ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് വഴി ഈ ഗുണങ്ങളൊക്കെ ഇല്ലാതാകും. വെളുത്തുള്ളിയും പുറത്ത് പേപ്പർ ബാഗിൽ സൂക്ഷിക്കുന്നതാണ് നല്ലത്. തൊലി നീക്കം ചെയ്ത വെളുത്തുള്ളി അല്ലികളും ദീർഘനാൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ചീയാൻ തുടങ്ങും.
-
തേൻ
നിങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഒന്നാണ് തേൻ. തേൻ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ വേഗം കട്ട പിടിക്കും. അത് ഒഴിവാക്കാനാണ് തേൻ റൂം ടെമ്പറേച്ചറിൽ തന്നെ സൂക്ഷിക്കണം എന്ന് പറയുന്നത്.