ഭാഗം: 7
ഇന്തോനേഷ്യയിൽ ഗവർണർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പില്ലാത്ത ഏക പ്രൊവിഷ്യയാണ് യോഗ്യകാർത്ത.
ഇന്തോനേഷ്യയുടെ രൂപീകരണ കാലത്ത് യോഗ്യാകാർത്ത, സുൽത്താൻ ഭരണത്തിലായിരുന്നു. സ്വാതന്ത്ര്യാനന്തരം ഡച്ചുകാരുടെ ഭീഷണി രണ്ടാമതും യോഗ്യാകാർത്തക്കു നേരെ ഉണ്ടായപ്പോൾ ഇന്തോനേഷ്യൻ സർക്കാർ സുൽത്താനെ കയ്യും മെയ്യും മറന്ന് സഹായിച്ചു. ഈ കടപ്പാടിൻ്റെ കൂടി പശ്ചാതലത്തിലാണ് ഇന്തോനേഷ്യൻ യൂണിയനിൽ ചേരാൻ രാജകുടുംബം ഒരു വ്യവസ്ഥ മുന്നോട്ടുവെച്ചത്. യോഗ്യകാർത്ത ഇന്തോനേഷ്യയുടെ ഭാഗമായാൽ പ്രൊവിശ്യയുടെ ഗവർണർ സ്ഥാനം തെരഞ്ഞെടുപ്പില്ലാതെ രാജകുടുംബത്തിലെ താവഴിക്കാരന് നൽകണം. പ്രസ്തുത ആവശ്യം സുഹാർത്തൊ അംഗീകരിച്ചു.
അതോടെയാണ് യോഗ്യകാർത്ത ഇന്തോനേഷ്യയുടെ ‘യഥാർത്ഥ’ പ്രൊവിൻസായി മാറിയത്. സുൽത്താൻമാരിൽ ജനപ്രിയ സുൽത്താൻ ഒൻപതാം സുൽത്താൻ റാഡൻ മാസ് ദോറോദ്ജാതനാണ് എന്നാണ് പൊതുജനാഭിപ്രായം. അദ്ദേഹത്തിൻ്റെ ജനകീയത മനസ്സിലാക്കിയ സുഹാർത്തോ പിൽക്കാലത്ത് അദ്ദേഹത്തെ ഇന്തോനേഷ്യയുടെ വൈസ് പ്രസിഡണ്ടാക്കി. നല്ല രാഷ്ട്രീയക്കാരൻ, തന്ത്രശാലിയായ സൈനിക മേധാവി, അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരൻ, വിദ്യാർത്ഥികൾക്കായുള്ള സ്കൗട്ട് & ഗൈഡിൻ്റെ സ്ഥാപകൻ എന്നീ നിലകളിലെല്ലാം സുൽത്താൻ പ്രശസ്തനായിരുന്നു.
പ്രാരംഭത്തിൽ സുഹാർതോ മന്ത്രിസഭയിലെ ധനകാര്യവ്യവസായ വകുപ്പ് മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു. ജീവിച്ചിരിക്കുമ്പോൾ തന്നെ കൊട്ടാരത്തിൻ്റെ ഒരു ചെറിയ ഭാഗം താമസിക്കാനായി ഉപയോഗിച്ച അദ്ദേഹം പാലസിൻ്റെ സിംഹഭാഗങ്ങളും ജനങ്ങൾക്ക് കാണാനും പൊതു ആവശ്യങ്ങൾക്കും വിട്ടുകൊടുത്തു.
രണ്ടായിരത്തിന് ശേഷമാണ് രാജകൊട്ടാരം കാണാനുള്ള വിനോദ സഞ്ചാരികളുടെ നിലക്കാത്ത ഒഴുക്ക് ശക്തിപ്പെട്ടത്. ഇപ്പോഴും രാജകുടുംബാംഗങ്ങളായ ഗവർണർമാർ നേരത്തെ സുൽത്താൻ ഉപയോഗിച്ച കൊട്ടാരത്തിലെ ചെറിയ ഭാഗം ഉപയോഗിക്കുന്നു. അതുകൊണ്ടാകണം അങ്ങോട്ട് സന്ദർശകർക്ക് പ്രവേശനമില്ല. കൊട്ടാരത്തിൽ പഴയ ഹൈന്ദവബൗദ്ധ സാംസ്കാരിക ശേഷിപ്പുകൾ നിരവധിയുണ്ട്. സാധാരണയായി മറ്റൊരു മുസ്ലിം രാജ്യത്തും കാണാത്ത നേതാക്കളുടെ പ്രതിമകൾ ഇന്തോനേഷ്യയിൽ പലയിടങ്ങളിലും കണ്ടു. ഇത് ഹൈന്ദവബൗദ്ധ സംസ്കാരത്തിൻ്റെ സ്വാധീനഫലമായി ഉണ്ടായതാവാം.
മുഗൾ രാജാക്കൻമാർ പോലും അവരുടെ പ്രതിമകൾ എവിടെയും നിർമ്മിച്ചതായി കണ്ടിട്ടില്ല. പ്രതിമാ സ്ഥാപനം വ്യക്തിപൂജയിലേക്കും ബഹുദൈവാരാധനയിലേക്കും നയിക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് ഇസ്ലാം അത്തരം രീതികളെ പ്രാരംഭത്തിലേ നിരുൽസാഹപ്പെടുത്തിയത്. ഇപ്പോഴത്തെ ഗവർണർക്ക് ആൺകുട്ടികളില്ല. അഞ്ച് പെൺമക്കളാണ്. ഇന്തോനേഷ്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത യോഗ്യാക്കാർത്തയിൽ നിലവിലെ സുൽത്താന് ശേഷം ഗവർണറാകുമെന്ന പ്രതീക്ഷയിലാണ് പ്രൊവിഷ്യയിലെ വനിതകൾ.
പഴയ സുൽത്താന്മാരുടെ കൊട്ടരത്തിലേക്കാണ് രാവിലെ 9.30ന് പോയത്. കൊട്ടാരം ഇൻഡോബുദ്ധിസ്റ്റ് രീതിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ ബോദ്ധ്യമാകും. കൊട്ടാര വളപ്പിലേക്ക് കടന്നാൽ രാജ സദസ്സാണ് ആദ്യം കാണുക. അവിടെ ഒരുപാട് സംഗീതോപകരണങ്ങൾ അടുക്കിവെച്ചിട്ടുണ്ട്.
അതെന്തിനാണെന്ന് അന്വേഷിച്ചപ്പോൾ എന്നും നടക്കാറുള്ള നൃത്തനൃത്യങ്ങൾക്ക് അകമ്പടിയായി ഉപയോഗിക്കാനുള്ളതാണെന്ന് ഗൈഡ് പറഞ്ഞു. സെൻട്രൽ ജാവയുടെ സാമ്പത്തിക സാമൂഹ്യ സാംസ്കാരിക ചരിത്രം പ്രതിഫലിപ്പിക്കുന്ന എണ്ണപ്പെട്ട ഒരു മ്യൂസിയവും കൊട്ടരത്തിൻ്റെ ഒരു ഭാഗത്ത് സെറ്റ് ചെയ്തിട്ടുണ്ട്. പാലസിൻ്റെ പ്രധാന കവാടം വർഷത്തിൽ ഒരിക്കലേ തുറക്കാറുള്ളുവത്രെ. മുഹമ്മദ് നബിയുടെ ജൻമദിനമായ മീലാദ് ശരീഫിന്.
പാലസ് കണ്ട് മടങ്ങുമ്പോൾ രാജസദസ്സിൽ വലിയ ആൾക്കൂട്ടം കണ്ടു. കലാപരിപാടികൾക്കുള്ള തുടക്കമാണ്. തട്ടും മുട്ടും കൊട്ടും മൈക്ക് ടെസ്റ്റിംഗും തകൃതിയായി നടക്കുന്നു. പരിപാടിക്കായി മേക്കപ്പ് ചെയ്ത് ഒരുങ്ങി നിൽക്കുന്ന കലാകാരൻമാരെയും കലാകാരികളെയും അണിയറക്ക് പിന്നിൽ കണ്ടു. അവരോടൊപ്പം ഒരു ഫോട്ടോ എടുത്തു.
രാമായണ കഥയിലെ രാമനും രാവണനും സീതയെ സ്വന്തമാക്കാൻ നടത്തുന്ന രംഗം നൃത്താവിഷ്കാരമായി അവതരിപ്പിക്കാൻ അവർ വേദിയിലേക്ക് ക്ഷണിക്കപ്പെട്ടു. രാമനായും രാവണനായും സീതയായുമെല്ലാം വേഷം കെട്ടിയിരിക്കുന്ന എല്ലാവരും മുസ്ലിങ്ങൾ! കാണികളിലും 90% മുസ്ലിങ്ങൾ! ഈ രാമായണ കഥാവിഷ്കാരം 1961 മുതൽക്കാണ് അരങ്ങിൽ പ്രദർശിപ്പിക്കാൻ തുടങ്ങിയത്.
365 ദിവസവും മുടക്കമില്ലാതെ പരിപാടി നടക്കും. കാണികൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ശരി. വിശ്വാസമാറ്റം പാരമ്പര്യങ്ങളോട് പുറം തിരിഞ്ഞ് നിൽക്കാൻ ഇന്തോനേഷ്യക്കാർക്ക് കാരണമായിട്ടില്ല. നമ്മുടെ നാട്ടിൽ നിലവിളക്ക് കൊളുത്തുന്നതും കൈ കൂപ്പുന്നതുമെല്ലാം മത വിരുദ്ധമെന്ന് കരുതുന്നവരോട് സഹതാപം തോന്നി! രാജകുമാരിമാർ കുളിച്ചിരുന്ന സ്വിമ്മിംഗ് പൂൾ കൊട്ടാരത്തിൻ്റെ കുറച്ചകലെയാണ്. പുരുഷൻമാരിൽ രാജാവിന് മാത്രമേ അങ്ങോട്ട് പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. കാളിചിത്രം മുദ്രണം ചെയ്ത രണ്ട് കവാടങ്ങൾ അതിനുണ്ട്. കൊട്ടാരത്തിലും സ്വിമ്മിംഗ് പൂളിനോടനുബന്ധിച്ചുമെല്ലാം ഔദ്യോഗിക കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എടുത്തു പറയേണ്ട സവിശേഷതയാണ്.
തീർത്ഥാടന കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ചരിത്ര സ്മാരകങ്ങളും കലാകായിക കേന്ദ്രങ്ങളുമെല്ലാം അധികൃതമായുള്ള കൊച്ചുകൊച്ചു കച്ചവട സ്ഥാപനങ്ങളാൽ നിർഭരമാണ്. തദ്ദേശീയർക്കും സർക്കാരിനും വരുമാനം ലഭിക്കുന്ന അനുകരണീയ മാതൃക. ഏതാണ്ട് എല്ലാ സ്ഥലത്തും പ്രവേശിക്കാൽ സാമാന്യം ഭേദപ്പെട്ട ഫീ വേണം. പഠിക്കാനും രേഖപ്പെടുത്താനും താൽപര്യമുള്ളവർ ‘പ്രവേശന ഫീ’ കൊടുത്ത് മുടിയും. ഏത് വിനോദപുരാവസ്തു കേന്ദ്രങ്ങളിലേക്കാണെങ്കിലും പ്രവേശിക്കാനും പുറത്തിറങ്ങാനും വ്യത്യസ്ത വഴികളാണ്. രണ്ട് വഴികളുടെയും ഓരങ്ങളിൽ വരിവരിയായി ‘ഹട്ട് ഷോപ്പുകൾ’ സജ്ജീകരിച്ചിട്ടുണ്ട്. വിശുദ്ധ ‘കഅബ’ മുസ്ലിം തീർത്ഥാടന കേന്ദ്രം മാത്രമല്ല, മക്കാനിവാസികളുടെ ഉപജീവന വഴികൂടിയാണെന്നാണ് ഖുർആൻ പറയുന്നത്. ആ നിരീക്ഷണം ദൈവം കനിഞ്ഞരുളിയ ‘അനുഗ്രഹങ്ങളുടെ’ കാര്യത്തിൽ പൂർണ്ണാർത്ഥത്തിൽ ഉൾകൊണ്ട് നടപ്പിലാക്കിയവരാണ് ഇന്തോനേഷ്യക്കാർ.
ചെറിയ പെരുന്നാളിനും ബലി പെരുന്നാളിനും പ്രവാചക ജന്മദിനത്തിനും മുഹറത്തിനും ഞാപ്പിക്കും (ഹിന്ദു ആഘോഷം) വേസാ ഡേക്കും (ബുദ്ധിസ്റ്റ് ആഘോഷം) ഇംലെക്കിനും (ചൈനീസ് ആഘോഷം) ക്രിസ്തുമസിനും, ഈസ്റ്ററിനുമെല്ലാം ഇന്തോനേഷ്യയിൽ ദേശീയ അവധികളാണ്. നബിദിനാഘോഷം ഉൾപ്പടെ എല്ലാം മുസ്ലിം ആഘോഷങ്ങൾക്കും ഹൈന്ദവബൗദ്ധ കലകളെ ആധാരമാക്കിയുള്ള മുസ്ലിം ചരിത്രാഖ്യാന കലാരൂപ പ്രദർശനങ്ങൾ ഇവിടെ പതിവാണത്രെ. ഒരു ബഹുസ്വര സമൂഹം എങ്ങിനെയാവണമെന്ന് ഈ വൻ ദ്വീപ സമൂഹത്തിലെ ജനങ്ങൾ ലോകത്തെ പഠിപ്പിക്കുന്നു.
സ്വിമ്മിംഗ്പൂൾ കണ്ട് അടുത്ത സ്ഥലവും തേടിപ്പോകവെ പുറത്തെ വഴിയിൽ പഴയ പുസ്തകങ്ങൾ വിൽക്കുന്ന ഒരു കൊച്ചു കട കണ്ടു. അവിടെ ഒരു വൃദ്ധയേയും. എങ്കിൽ ഒന്ന് കയറാമെന്ന് കരുതി. വിവരങ്ങൾ ചോദിച്ചു. 82കാരിയായ അവരുടെ പേര് പാർത്തീനി. 28 വർഷം മുമ്പ് ഭർത്താവ് മരിച്ചു. 4 മക്കളുണ്ട്. എല്ലാവരും വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നു. മക്കൾ പലതവണ അവരുടെ അടുത്തേക്ക് വിളിച്ചതാണ്. പക്ഷെ, പാർത്തീനിക്ക് ജനിച്ചിടം വിട്ട് പോകാൻ താൽപര്യമില്ല. വെറുതെയിരിക്കേണ്ടെന്ന് കരുതി വീടിനോട് ചേർന്ന് ഒരു ചെറിയ കച്ചവടം നടത്തുന്നു.
ചില ദിവസങ്ങളിൽ ഒരു രൂപയുടെ പോലും കച്ചവടം ഉണ്ടാകാറില്ല. അതൊന്നും ആ വൃദ്ധമാതാവിന് ഒരു പ്രശ്നമല്ല. ക്യാഷ് കൗണ്ടറിനടുത്ത് തന്നെ മെത്തയിട്ട ഒരു ചെറിയ കട്ടിലുണ്ട്. ക്ഷീണം തോന്നുമ്പോൾ കിടക്കാൻ. ചെലവിന് ആവശ്യമുള്ളത് മക്കൾ കൊടുക്കും. യാത്ര പറഞ്ഞിറങ്ങുമ്പോൾ ആ വല്ലിമ്മയോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി. നടത്തത്തിന് വേഗത കൂട്ടി. എങ്കിലും ചില കാഴ്ചകൾ നമ്മെ അങ്ങോട്ട് പിടിച്ച് വലിക്കും.
റോഡരികിൽ ഒരു ടീ ഷോപ്പിന് മുന്നിൽ ഒരു സ്ത്രീ പാടുന്നത് കേട്ടപ്പോൾ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. നല്ല ശബ്ദം.ആകർഷണീയമായ ആലാപനം. വിദേശികൾ ഉൾപ്പടെ കുറച്ചുപേർ തെരുവു ഗാനമേള ആസ്വദിക്കുന്നു. അവിടെ അൽപ്പ നേരം നിന്നു. സംഗീതം സിരകളിൽ ഓടുന്നവരാണ് ഇന്തോനേഷ്യക്കാരെന്ന് എവിടെച്ചെന്നാലും നമുക്ക് മനസ്സിലാകും. അവരുടെ ശാന്ത പ്രകൃതത്തിൻ്റെ കാരണം ഈ സംഗീത ഭ്രമമാകാം.
സുൽത്താൻ കൊട്ടാരം നിർമ്മിച്ചപ്പോൾ സമീപത്ത് പടിഞ്ഞാറ് ഭാഗത്തായി ഒരു വലിയ പള്ളിയും പണിതിട്ടുണ്ട്. ക്ഷേത്ര വാസ്തുവിദ്യാ രീതിയിലാണ് മസ്ജിദിൻ്റെ നിർമ്മാണം. മിനാരങ്ങളില്ലാത്ത പടുകൂറ്റൻ പള്ളി. പള്ളിയുടെ ഉൾഭാഗം മുഴവൻ മരം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. വലിയ മരത്തൂണുകളും അവയെ പരസ്പരം ബന്ധിപ്പിക്കുന്ന മരം കൊണ്ടുള്ള ഭീമുകളും സ്ഥാപിച്ചിട്ടുണ്ട്. സുൽത്താൻ നമസ്കരിക്കാൻ വരുമ്പോൾ നിൽക്കാൻ പള്ളിക്കകത്ത് പ്രസംഗ പീഠത്തോട് ചേർന്ന് ഭംഗിയായി തയ്യാറാക്കിയ ഒരു മരക്കൂട് ഉണ്ടാക്കി വെച്ചിരിക്കുന്നു. ലോകത്ത് എവിടെയും കാണാത്ത രീതിയാണിത്. ഇന്തോനേഷ്യയിൽ തന്നെ മറ്റു പള്ളികളിലൊന്നും ഇത്തരം ‘രാജ പ്രാർത്ഥനാ സ്ഥലം’ വേർതിരിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. അന്വേഷിച്ചപ്പോൾ ഇവിടെ മാത്രമേ അത്തരം സംവിധാനമുള്ളൂ എന്നാണ് അറിയാനായത്.
ഇസ്ലാമിൻ്റെ സമത്വ സങ്കൽപ്പത്തിന് എതിരാണിത്. മക്കയിലോ മദീനയിലോ അവിടുത്തെ ഭരണാധികാരികൾക്ക് നിൽക്കാൻ പ്രത്യേക ഇടങ്ങളില്ല. മുഗള കാലത്ത് കൊട്ടാരങ്ങൾക്കടുത്ത് നിർമ്മിച്ച പള്ളികളിലും ഇത്തരമൊന്ന് ഉണ്ടായിരുന്നതായി കേട്ടിട്ടില്ല. ആദ്യം വരുന്നവർക്കാണ് മസ്ജിദുകളിൽ മുൻനിരയിൽ സ്ഥാനം. വൈകി വരുന്നവർ പിന്നിൽ നിൽക്കേണ്ടി വരും. അത് രാജാവായാലും പ്രജയായാലും.
പണ്ഡിതനായാലും പാമരനായാലും. സുൽത്താൻ സ്വന്തം സ്ഥലത്ത് സ്വന്തം ചെലവിൽ നിർമ്മിച്ച മസ്ജിദായത് കൊണ്ടാകാം ഈ പള്ളിയിൽ മാത്രം ഇങ്ങിനെ ഒരു ‘വി.ഐ.പി ഇടം’. കൊട്ടാരത്തിനും മസ്ജിദിനും മുന്നിൽ ഒരു വലിയ മൈതാനമുണ്ട്.
‘പാലസ് സ്ക്വയർ’ എന്നാണ് ഇതറിയപ്പെടുന്നത്. നബിദിനം, പെരുന്നാൾ തുടങ്ങിയ ആഘോഷ വേളകളിൽ ആളുകൾ ഈ മൈതാനത്ത് ഒത്തുചേർന്ന് കളിതമാശകളിൽ ഏർപ്പെടും. വിശേഷാൽ വേളകളിൽ മാത്രമേ ‘പാലസ് സ്ക്വയർ’ ജനങ്ങൾക്ക് തുറന്ന് കൊടുക്കൂ.
ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രമാണ് ‘പ്രംബനൺ’ ക്ഷേത്രം. പ്രംബനൺ
ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു എന്നുള്ളത് കൊണ്ടാണ് ഈ ക്ഷേത്രത്തിന് ഇങ്ങിനെ പേരുവന്നത്. ‘പ്രംബനൺ” എന്ന വാക്കിൻ്റെ അർത്ഥം ‘അഞ്ചുമലകൾ” എന്നാണ്.
പർവ്വതത്തിൻ്റെ അകൃതിയിലാണ് ഈ ഗംഭീര ക്ഷേത്രം പണിതിരിക്കുന്നത്. ത്രിമൂർത്തികളായ ശിവൻ്റെയും വിഷ്ണുവിൻ്റെയും ബ്രഹ്മാവിൻ്റെയും ക്ഷേത്രങ്ങളാണ് സമുച്ഛയത്തിൽ ഉയർന്ന് നിൽക്കുന്നത്.
കൂട്ടത്തിൽ തലയെടുപ്പ് ശിവക്ഷേത്രത്തിനാണ്. ത്രിമൂർത്തികൾക്ക് ചുറ്റും 240 ഗോപുരങ്ങൾ കൂടി ചേർന്നതായിരുന്നു ‘പ്രംബനൺ’ ക്ഷേത്ര മഹാമൈതാനം.
ഒൻപതാം നൂറ്റാണ്ടിലാണ് ഈ അൽഭുത ക്ഷേത്രം പണിതത്.
അതിന് ശേഷം വിവിധ കാലങ്ങളിലായി ഉണ്ടായ ഭൂകമ്പങ്ങളിൽ 222 ചെറു ഗോപുരങ്ങൾ തകർന്നു. 18 എണ്ണം എല്ലാ ഭൂമികുലുക്കങ്ങളെയും അതിജീവിച്ചു നിൽക്കുന്നു. തകർന്ന ഗോപുരങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ചുറ്റും കാണാം. അവയെല്ലാം വൃത്തിയിൽ സൂക്ഷിച്ചിട്ടുണ്ട്. 60 ഏക്കർ സ്ഥലത്താണ് ഈ മഹാദേവാലയം സംരക്ഷിച്ചു പോരുന്നത്.
വിഷ്ണു ക്ഷേത്രത്തിന് മുന്നിലായി വലിയ ഒരു പശുവിൻ്റെ പ്രതിഷ്ഠയോട് കൂടിയ ഗോപുരവും നിലനിൽക്കുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നിർമ്മിക്കുകയും പ്രകൃതി ദുരന്തങ്ങളിൽ മണ്ണിനടിയിലാവുകയോ തകരുകയോ ചെയ്തതുമായ ക്ഷേത്രങ്ങളും ചരിത്ര സ്മാരകളും വീണ്ടെടുത്ത് സംരക്ഷിക്കാൻ ഇന്തോനേഷ്യൻ സർക്കാരിന് കീഴിലുള്ള പുരാവസ്തു വകുപ്പ് കാണിക്കുന്ന താൽപര്യം മഹത്തരമാണ്. താജ്മഹൽ പൊളിക്കാൻ പ്രധാനമന്ത്രിക്ക് പണം വഗ്ദാനം ചെയ്ത സംഘി നേതാവിനെയാണ് അപ്പോൾ ഞാൻ ഓർത്തത്.
ക്ഷേത്രം കാണാനെത്തിയവരിൽ ധാരാളം ഹിജാബ് (ശിരോവസ്ത്രം) ധാരിണികളെ കാണാനായി. വിവിധ മതവിശ്വാസികൾ പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും ജീവിക്കുന്നത് കാണാൻ എന്തൊരു സന്തോഷമാണ്. അഫ്ഗാനിസ്ഥാനിൽ ബുദ്ധപ്രതിമ തകർത്ത മുസംഘികളും ഇന്ത്യയിൽ ബാബരി മസ്ജിദ് തകർത്ത ഹിസംഘികളും ഇന്തോനേഷ്യയിൽ ഇല്ലാത്തതാണ് ആ നാടിൻ്റെ ഐശ്വര്യം.
ഇന്തോനേഷ്യക്ക് പ്രത്യേകമാരു വസ്ത്രമുണ്ട്. ‘ബാതിക്ക്’. നമ്മുടെ ‘ഖാദി’ പോലെ. തുണിയിൽ പ്രകൃതിയിൽ നിന്നുണ്ടാക്കുന്ന ഛായം മുക്കി ചിത്രങ്ങൾ പതിപ്പിക്കുന്ന രീതിയാണ് ഇതിൻ്റെ
നിർമ്മാണത്തിന് അവലംബിക്കുന്നത്. ‘ബാതിക്’ വസ്ത്രങ്ങൾ ഉണ്ടാക്കി ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർ ഇന്തോനേഷ്യയിലുണ്ട്.
”ബാതിക്’ അവരുടെ പരമ്പരാഗത വസ്ത്രമാണ്. സ്ത്രീകളും പുരുഷൻമാരും ഇതണിയുന്നു. ആഴ്ചയിൽ ഒരു ദിവസം ‘ബാതിക്’ വസ്ത്രം ഓരോ ഇന്തോനേഷ്യക്കാരനും ധരിക്കണമെന്നാണ് അലിഖിത നിയമം. ഓരോ പ്രൊവിഷ്യകളിലും ജനങ്ങൾ ‘ബാതിക്’ ധരിക്കാൻ നിശ്ചയിച്ചിരിക്കുന്ന ദിവസം വ്യത്യസ്തമാണ്.
സർക്കാരിൻ്റേത് അഭ്യർത്ഥന മാത്രമാണ്. വേണ്ടവർക്ക് കേൾക്കാം, വേണ്ടാത്തവർക്ക് കേൾക്കാതിരിക്കാം. നിർബന്ധമില്ല. ആഗോളവൽക്കരണത്തിൻ്റെ കൂലംകുത്തിയൊഴുക്കിൽ ഒരു നാടിൻ്റെ പാരമ്പര്യ രീതികൾ അന്യംനിൽക്കാതിരിക്കാൻ സർക്കാർ എടുക്കുന്ന മുൻകരുതൽ അഭിനന്ദനാർഹമാണ്. ഒപ്പം പ്രസ്തുത തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് വലിയൊരാശ്വാസവുമാണ്. ഇന്ത്യയുടെ ദേശീയ വസ്ത്രമായി കണ്ടിരുന്ന ഖാദിയെ പഴഞ്ചനെന്ന് മുദ്രയടിച്ച് ‘ഉത്തരവാദപ്പെട്ടവർ’ തന്നെ കാലഹരണപ്പെട്ടതായി എഴുതിത്തള്ളുമ്പോൾ ഇന്തോനേഷ്യ അവരുടെ ‘ഖാദി’യെ സംരക്ഷിക്കാൻ പൊരുതുകയാണ്.
കാഴ്ചകൾ കാണൽ അത്ര എളുപ്പമുള്ള കാര്യമല്ല. എവിടെപ്പോയാലും നടന്ന് കാല് തളരും. അത്രകണ്ട് ദൂരമുണ്ട് ഓരോ കോമ്പൗണ്ടിലെയും നടപ്പാതകൾ. അതുകഴിഞ്ഞ് മുകളിലേക്ക് പടവുകൾ കയറാൻ കൂടി നിന്നാൽ കാര്യം പറയുകയും വേണ്ട. നല്ല ചൂടുള്ളതിനാൽ ഇടക്കിടെ വെള്ളം കുടിച്ച് ദാഹമകറ്റി. പ്രാദേശിക ഭക്ഷണമാണ് എല്ലായിടത്തു നിന്നും കഴിച്ചത്. യോഗ്യാകാർത്തയിലെ യാത്രക്കിടയിൽ ഒരു മലയാളിയെപ്പോലും കാണാനാകാത്തത് നിരാശപ്പെടുത്തി. ആരെയെങ്കിലും കണ്ടുമുട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ, അതുണ്ടായില്ല.
അടുത്തത് ബാലിയിലേക്കാണ്. ‘ഹോംസ്റ്റേ’യുടെ ഉടമസ്ഥയോട് നന്ദി പറഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഒരു കർഷകൻ തലയിൽ വലിയൊരു ഓലത്തൊപ്പി വെച്ച് തൻ്റെ പാടത്ത് കള പറിക്കുന്നത് കണ്ടു. ഐശ്വര്യമുള്ള കാഴ്ച. കേരളത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമ്യ ഭംഗി ഒട്ടും നഷ്ടപ്പെടാതെ കാണാൻ ആഗ്രഹമുള്ളവർ ഇന്തോനേഷ്യൻ ഗ്രാമങ്ങൾ സന്ദർശിച്ചാൽ മതി.
ആ മണ്ണിനോടും മനുഷ്യരോടും യാത്ര പറഞ്ഞ് മടങ്ങുമ്പോൾ എവിടെയോ ഒരു വേദന. കുട്ടിക്കാലത്തെ എൻ്റെ തനി നാട്ടിൻപുറം വീണ്ടും കാണാനായ സംതൃപ്തിയിൽ മനം നിറഞ്ഞ ഒരു വിട വാങ്ങൽ. ഒരിക്കലും തിരിച്ചു കിട്ടാത്ത പിന്നിട്ട കാലത്തിൻ്റെ ചിത്രം മനസ്സിൽ മിന്നിമറഞ്ഞു. മുന്നോട്ട് പോകുമ്പോൾ പിന്നിലാകുന്ന ഓരോ നിമിഷവും എന്നന്നേക്കുമുള്ള നഷ്ടമാണ്. അതൊരിക്കലും വീണ്ടെടുക്കാനാവില്ല. ഒഴുകുന്ന നദിയിലെ ഒരേ വെള്ളത്തിൽ ഒരാൾക്കും വീണ്ടും ഇറങ്ങാനാകാത്തത് പോലെയാണ് കാഴ്ചകളും അനുഭവങ്ങളും. ഒരേ സന്ദർഭത്തിലും സമയത്തും സാഹചര്യത്തിലും കാണുന്ന ദൃശ്യം ഒരു തവണയേ ഒരാൾക്ക് കാണാനും അനുഭവിക്കാനുമാകൂ. അതുകൊണ്ടാണ് യാത്രകൾ മനുഷ്യനെ എപ്പോഴും ഉൻമേഷവാനാക്കുന്നത്.
(തുടരും)
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..