മനാമ > വിനോദ സഞ്ചാരം വര്‍ധിപ്പിക്കാനായി ഏകീകൃത ടൂറിസ്റ്റ് വിസ ആരംഭിക്കുന്നത് സൗദിയും ഒമാനും പരിഗണിക്കുന്നു. സൗദി ടൂറിസം മന്ത്രി അഹ്മദ് അല്‍ ഖത്തീബും ഒമാന്‍ പൈതൃക ടൂറിസം മന്ത്രി സലിം മുഹമ്മന് അല്‍ മഹ്റൂഖിയും ഇക്കാര്യം ചര്‍ച്ച ചെയ്തു. വിദേശ വിനോദസഞ്ചാരികളെയും ഇരു രാജ്യങ്ങളിലെയും പൗരന്മാരെയും ഗള്‍ഫ് രാജ്യങ്ങളിലെ താമസക്കാരെയും ആകര്‍ഷിക്കാനായി സംയുക്ത സംരംഭങ്ങള്‍ക്കും യോഗത്തില്‍ തുടക്കമായി.
സംയുക്ത ടൂറിസ്റ്റ് വിസ, ടൂറിസം സീസണിലെ വിമാന സര്‍വീസകള്‍, സംയുക്ത ടൂറിസം കലണ്ടര്‍ എന്നിവയിലൂടെ ഇരു രാജ്യങ്ങളിലേക്കും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംയുക്ത സംരഭങ്ങള്‍ ലക്ഷ്യമിടുന്നതായി സൗദി വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളിലെയും ട്രാവല്‍, ടൂറിസം സംരംഭകരെ പിന്തുണക്കല്‍, ടൂറിസം മാനവ വിഭവശേഷിയെ പരിശീലിപ്പിക്കല്‍ എന്നിയിലെ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കാന്‍ വ്യാപാര നിക്ഷേപ സഹകരണം വര്‍ധിപ്പിക്കാനും ഇരു മന്ത്രിമാരും തീരുമാനിച്ചു. ക്യാമ്പിങ്, സാഹസിക ടൂറിസം മേഖലകളില്‍ സംയുക്ത പരിപാടികള്‍, സംയുക്ത ടൂറിസം പരിപാടികളുടെ കലണ്ടര്‍, ടൂറിസം മേഖലയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണക്കാനുള്ള പരിപാടി എന്നിവയും യോഗത്തില്‍ അംഗീകരിച്ചു.
പ്രകൃതി, സാംസ്കാരിക വൈവിധ്യം നിറഞ്ഞ ഒമാനും സൗദിയും മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണെന്ന് മന്ത്രി സലിം അല്‍ മഹ്റൂഖി പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വിനോദ സഞ്ചാരികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഒമാനില്‍ നിന്ന് ഏകദേശം 1,64,000 വിനോദസഞ്ചാരികള്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദി സന്ദര്‍ശിച്ചു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 136 ശതമാനമാണ് വര്‍ധന. സൗദിയില്‍ നിന്നും ഏകദേശം 49,000 വിനോദസഞ്ചാരികള്‍ 2023 ന്റെ ആദ്യ പാദത്തില്‍ ഒമാന്‍ സന്ദര്‍ശിച്ചു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 92 ശതമാനമാമായി സൗദി സന്ദര്‍ശകര്‍ വര്‍ധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..