ആദ്യത്തെ സിക്ക വൈറസ് വാക്സിന് വികസിപ്പിച്ചെന്ന് അവകാശപ്പെട്ടത് ഇന്ത്യന്‍ കമ്പനി ഭാരത് ബയോടെക് ആയിരുന്നു. പക്ഷേ, ആദ്യഘട്ട ക്ലിനിക്കല്‍ ട്രയലിന് ശേഷം അനക്കമില്ല. താൽപര്യം പ്രകടിപ്പിച്ച ആറ് കമ്പനികള്കൂടെ വാക്സിന് നിര്‍മ്മാണം വൈകിപ്പിക്കുന്നു. ഇതാണ് കാരണം
വാക്സിൻ. (Representative Photo/AP)
ഈഡിസ് ഈജിപ്റ്റി (Aedes aegypti) ഇനത്തില്‍പ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. ആധുനിക വൈദ്യശാസ്ത്രത്തില്‍ സിക്ക വൈറസിന് ഇതുവരെ മരുന്നില്ല.
ഇന്ത്യയുടെ സിക്ക വൈറസ് വാക്സിന്
വൈറസ് രോഗമായ സിക്ക (Zika) തടയാന്‍ വാക്സിനുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. 2016ല്‍ ഇന്ത്യന്‍ മരുന്ന് കമ്പനി ഭാരത് ബയോടെക് സിക്ക വാക്സിന് വികസിപ്പിച്ചെന്ന് അവകാശപ്പെട്ടിരുന്നു. ലോകത്തിലെ ആദ്യത്തെ സിക്ക വൈറസ് വാക്സിന് പ്രഖ്യാപനമായിരുന്നു ഇത്.
രണ്ട് വാക്സിനുകളാണ് നിര്‍മ്മാണത്തിലുണ്ടെന്ന് കമ്പനി അറിയിച്ചത്. ഇത് രണ്ടും ലോകാരോഗ്യ സംഘടനയുടെ സാധ്യതാ വാക്സിന് (Vaccine Candidate) പട്ടികയില്‍ ഇടംപിടിച്ചിരുന്നു. പക്ഷേ, 2021 ആയിട്ടും വാക്സിന് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടന്നിട്ടില്ല.
ഭാരത് ബയോടെക് ഉടമ ഡോ. കൃഷ്ണ എല്ലാ. Photo: BCCL
സിക്കവാക് (ZIKAVAC) എന്ന പേരിലാണ് വാക്സിനുള്ള പേറ്റന്റ് ഭാരത് ബയോടെക് എടുത്തത്. 2015 മുതല്‍ പരീക്ഷണം തുടങ്ങി. ഒരു വര്‍ഷത്തിന് ശേഷം ഒരു റീകോംബിനന്റ് വാക്സിനും ഒരു ഇനാക്റ്റിവേറ്റഡ് വാക്സിനും വികസിപ്പിച്ചു. — ഭാരത് ബയോടെക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
വൈറസില്‍ നിന്ന് തന്നെ ഡി.എന്‍.എ വേര്‍പെടുത്തി ശുദ്ധീകരിക്കുന്ന രീതിയാണ് ആദ്യത്തെത്. വൈറസിനെ നിര്‍ജീവമാക്കി ഉപയോഗിക്കുന്ന രീതിയാണ് രണ്ടാമത്തെത് — ഓക്സ്ഫഡ് വാക്സിന് ഗ്രൂപ്പ് വിശദീകരിക്കുന്നു.
സിക്ക വൈറസ് പുറത്തുനിന്ന് ഇറക്കുമതി ചെയ്താണ് ഭാരത് ബയോടെക് വാക്സിന് വികസിപ്പിച്ചത്. ഐ.സി.എം.ആര് ഇതിന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.
ലോകത്തിലെ സിക്ക വാക്സിന് വികസനം
ബ്രസീലില്‍ സിക്ക വൈറസ് വ്യാപനം രൂക്ഷമായ സമയത്ത് ഭാരത് ബയോടെക് ഉള്‍പ്പെടെ 7 സാധ്യതാ വാക്സിനുകളും 40 വാക്സിന് ആശയങ്ങളും ലോകാരോഗ്യ സംഘടനയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. യു.എസ്., പ്യൂര്‍ട്ടോറിക്കോ, ഓസ്ട്രേലിയ രാജ്യങ്ങളില്‍ നിന്നായിരുന്നു സാധ്യത വാക്സിനുകള്‍.
ഒരേയൊരു വാക്സിന് മാത്രം ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ രണ്ടാം ഫേസ് പകുതി കടന്നു. യു.എസ് വാക്സിന് റിസര്‍ച്ച് സെന്റര്‍ വികസിപ്പിച്ച വാക്സിന് ആയിരുന്നു ഇത്. ജൂലൈ 2017 ഓടെ ആണ് പരീക്ഷണം തുടര്‍ന്നത്. ഇതേ വര്‍ഷം മെയ് മാസമാണ് ഭാരത് ബയോടെക് വാക്സിന് ഒന്നാം ഘട്ടം ക്ലിനിക്കല്‍ പരീക്ഷണം നടത്തിയത്.
ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പല കമ്പനികളും 100 ശതമാനം ഫലം കാണിച്ചെങ്കിലും വലിയ പരീക്ഷണങ്ങള്‍ പിന്നീട് ഉണ്ടായില്ല. ഉദാഹരണത്തിന് ഭാരത് ബയോടെക് , അമേരിക്കയിലെ ഇനോവിയോ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവരുടെ ആദ്യഘട്ട പരീക്ഷണത്തില്‍ 100 ശതമാനം ഫലപ്രാപ്തി കാണിച്ചിരുന്നു.
ജപ്പാനില്‍ നിന്നുള്ള തക്കേഡ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ പരീക്ഷണം ഒന്നാംഘട്ടത്തില്‍ തന്നെ തുടരുകയാണ്. ഫ്രഞ്ച് ആഗോള ഫാര്‍മ കമ്പനി, സനോഫി പരീക്ഷണങ്ങള്‍ തന്നെ റദ്ദാക്കി.
എന്തുകൊണ്ടാണ് സിക്ക വാക്സിന് വൈകുന്നത്?
ഒന്നിലധികം കാരണങ്ങളാണ് സിക്ക വാക്സിന് അഞ്ച് വര്‍ഷത്തോളമായിട്ടും നിര്‍മ്മിക്കാന്‍ കമ്പനികള്‍ക്ക് കഴിയാത്തത്. രോഗം പ്രത്യക്ഷപ്പെടുന്ന കാലയളവ് കുറവാണെന്നതാണ് ഒരു പ്രധാന കാരണം. ഇത് വലിയ തോതിലുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുള്ള സാധ്യത ഇല്ലാതാക്കുന്നു . ബ്രിട്ടീഷ് ഫാര്‍മ വെബ്സൈറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ ജേണല്വിശദീകരിക്കുന്നു.
1947ല്‍ ആഫ്രിക്കയില്‍ നിന്നാണ് സിക്ക വൈറസിനെ ഗവേഷകര്‍ തിരിച്ചറിഞ്ഞത്. പസിഫിക്കിലെ യാപ് ദ്വീപില്‍ 2007 വലിയതോതില്‍ സിക്ക വ്യാപിച്ചതോടെയാണ് ലോകം വൈറസിനെ ശ്രദ്ധിച്ചത്. 2013ല്‍ ഫ്രഞ്ച് പോളിനേഷ്യയില്‍ വൈറസ് കണ്ടെത്തി. 2015ല്‍ ബ്രസീലിലും രൂക്ഷമായ വ്യാപനം ഉണ്ടായി. രണ്ട് വര്‍ഷത്തിനുള്ളില്‍ ബ്രസീലില്‍ നിന്ന് വൈറസ് പതിയെ ഇല്ലാതായി. ഇതോടെ ആയിരക്കണക്കിന് ആളുകളെ ഉള്‍ക്കൊള്ളിച്ചുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ഉള്ള സാധ്യതയും ഫാര്‍മ കമ്പനികള്‍ക്ക് നഷ്ടമായി.
സിക്ക വൈറസ് മാതൃക, ശിൽപ്പമായി പ്രദർശിപ്പിച്ചത്. Photo: Getty Images
ഒരു വൈറസ് രോഗം മൂര്‍ച്ഛിച്ച് കൂടുതല്‍ രോഗികളുണ്ടായാലേ അത് പൊതുശ്രദ്ധയിലേക്ക് വരൂ എന്നത് തന്നെയാണ് വാക്സിന് വൈകുന്നതിനുള്ള ഒരു കാരണം. സിക്ക വൈറസ് പ്രായപൂര്‍ത്തിയായവരില്‍ ഉണ്ടാക്കുന്ന ഫലങ്ങള്‍ എന്താണെന്ന് ഗവേഷകര്‍ ഇനിയും പൂര്‍ണമായും കണ്ടെത്തിയിട്ടില്ലെങ്കിലും വളരെ കുറഞ്ഞ തീവ്രതയാണ് വൈറസിനുള്ളത് എന്നത് മൊത്തത്തില്‍ ശ്രദ്ധ കുറയ്ക്കുകയാണ്.
ബ്രസീലില്‍ ആണ് രോഗം ഏറ്റവും ഗുരുതരമായത്. കൊഗ്നിറ്റിവ് സിക്ക സിൻഡ്രം (Congenital Zika Syndrome) എന്ന് വിശേഷിപ്പിക്കുന്ന ഗര്‍ഭിണികളെയും നവജാത ശിശുക്കളെയും ബാധിക്കുന്ന അവസ്ഥയിലേക്ക് വൈറസ് മാറിയിരുന്നു. ചെറിയ തലയോടോട് കൂടെ കുട്ടികള്‍ ജനിക്കുക, തലച്ചോറിലെ കോശങ്ങള്‍ ചുരുങ്ങുക, കാഴ്ച്ച തകരാര്‍, അംഗവൈകല്യം തുടങ്ങിയ ആരോഗ്യപ്രശനങ്ങളായിരുന്നു ഇതിന് കീഴില്‍.
കൊഗ്നിറ്റിവ് സിക്ക സിൻഡ്രം പോലെയുള്ള പ്രശനങ്ങള്‍ ആവര്‍ത്തിച്ചാലേ വാക്സിന് വികസനത്തിന് എന്തെങ്കിലും വേഗം പ്രതീക്ഷിക്കാവൂ എന്നാണ് ഓക്സ്ഫഡ് ഗവേഷകര്‍ കരുതുന്നത്. ഗര്‍ഭധാരണത്തിന് ശേഷിയെത്തുന്നതിന് മുൻപ് തന്നെ സിക്ക വൈറസിന് എതിരെയുള്ള പ്രതിരോധം നല്കുന്ന തരത്തിലേക്ക് വാക്സിന് വേണ്ടതെന്നാണ് ഇവര്‍ വാദിക്കുന്നത്. നിലവില്‍ ലോകത്ത് കാണപ്പെടുന്ന സിക്ക വൈറസ് വകഭേദങ്ങള്‍ മുഴുവന്‍ 1950കളില്‍ ആഫ്രിക്കയില്‍ തിരിച്ചറിഞ്ഞ അതേ വൈറസിന്റെത് തന്നെയാണ്. അതുകൊണ്ട് തന്നെ കൊവിഡ്-19 പോലെയുള്ള വൈറസുകളില്‍ നിന്ന് വിഭിന്നമായി ഒറ്റ വാക്സിന് തന്നെ മതിയാകും എന്നാണ് ഗവേഷകര്‍ കരുതുന്നത്.
എന്താണ് സിക്ക വൈറസ് രോഗം
ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ സിക്ക വനത്തില്‍ നിന്നാണ് സിക്ക വൈറസ് തിരിച്ചറിഞ്ഞത്. ഈഡിസ് ഈജിപ്റ്റി കൊതുകുകളാണ് രോഗ വാഹകര്‍. 2007ല്‍ പസിഫിക്കിലെ ദ്വീപുകളില്‍ രോഗം കണ്ടെത്തിയിരുന്നു. ഡിസംബര്‍ 2016വരെ ലോകത്തിലെ 75 രാജ്യങ്ങളില്‍ വൈറസ് സാന്നിധ്യം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.
സിക്ക വൈറസ് ബാധിച്ച ഇരട്ടക്കുട്ടികൾ. Photo: Getty Images
ഡെങ്ക്യു, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങളും പരത്തുന്ന കൊതുകുകളാണ് ഈഡിസ് ഈജിപ്റ്റി. സിക്ക വൈറസിന് മരുന്നു കണ്ടെത്തിയിട്ടില്ല. കൊതുകുകടി ഒഴിവാക്കുകയാണ് പ്രതിരോധ മാര്‍ഗം. ലൈംഗിക ബന്ധത്തിലൂടെയും വൈറസ് പകരാമെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്.
2015 മുതല്‍ ബ്രസീലില്‍ വലിയ തോതില്‍ സിക്ക വൈറസ് വ്യാപനം കണ്ടെത്തിയിരുന്നു. നവജാത ശിശുക്കളുടെ തലയോട് ചെറുതാകുകയും തലച്ചോറ് തകരാറിലാകുകയും ചെയ്യുന്ന ആരോഗ്യ പ്രശനം ആണ് രോഗത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കാന്‍ ഗവേഷകരെ നിര്‍ബന്ധിതരാക്കിയത്. 2016 ഫെബ്രുവരില്‍ സിക്ക വൈറസ് ഒരു ആഗോള ആരോഗ്യ അടിയന്തര പ്രാധാന്യമുള്ള രോഗമായി ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തി.
****
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : zika virus vaccine kerala
Malayalam News from malayalam.samayam.com, TIL Network