കോഴിക്കോട്: ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം ജനസംഖ്യയുടെ അടിസ്ഥാനത്തിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ്. മുസ്ലിം സമുദായത്തിന് ലഭിച്ചിരുന്ന ആനുകൂല്യത്തെ കേരള ഗവണ്മെന്റ് ഇല്ലാതാക്കിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. ആരോപിച്ചു. മന്ത്രിസഭാ തീരുമാനത്തോടെ പിന്നാക്ക അവസ്ഥ പരിഗണിച്ച് മുസ്ലിം സമൂഹത്തിന് കൊടുക്കേണ്ട ആനുകൂല്യമാണ് ഇല്ലാതായതെന്നും അദ്ദേഹം പറഞ്ഞു.
മറ്റു സംസ്ഥാനങ്ങള്‍ കൊടുക്കുന്ന ആനുകൂല്യമാണ് കേരളം ഇല്ലാതാക്കിയത്. പിന്നാക്ക അവസ്ഥ എന്ന മാനദണ്ഡമേ ഇല്ലാതായി. ന്യൂനപക്ഷത്തിന് പ്രത്യേക സ്കീമായിരുന്നു ഉചിതം. സചാര്‍ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടവര്‍ സചാറിനെ തന്നെ ഇല്ലാതാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ആനുകൂല്യം കേരളം ഇല്ലാതാക്കിയതിന് കാരണക്കാര്‍ ഇടത് മുന്നണിയാണ്.
സചാര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത് അനുസരിച്ചുള്ള സ്കീം നിലനിര്‍ത്തിയതിന് ശേഷം മറ്റുള്ളവര്‍ക്ക് പ്രത്യേക സ്കീം ആയിരുന്നു ഉചിതം. ഇക്കാര്യം സര്‍വകക്ഷിയോഗത്തില്‍ താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതാണ്. സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന ഈ തീരുമാനം വളരെ ഗൗരവമുള്ളതാണ്. കേടതിവിധി അനുസരിച്ചു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അപ്പീല്‍ പോകാതിരുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ല.
സുപ്രീം കോടതി വിധി ഉണ്ടാകുമ്പോള്‍ മാത്രമാണ് കോടതി നടപടി പൂര്‍ത്തിയായി എന്ന് പറയാന്‍ കഴിയുക. ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും നിയമസഭയിലും ഇക്കാര്യം ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാ അടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളര്‍ഷിപ്പ് അനുവദിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.
Content highlights: P.K Kunhalikkutty on Minority scolarship issue