കോഴിക്കോട്: ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട്ടെ മഹിളാ മാളിലെ സംരംഭകരെ സംരക്ഷിക്കാന്‍ കോര്‍പ്പറേഷന്റെ ഇടപെടല്‍. അവരുമായി കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ചര്‍ച്ച നടത്തി. പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സംരംഭകര്‍ മുന്നോട്ട് വെച്ചത്. സംരംഭകരുടെ പ്രശ്നം കേട്ട മേയര്‍ പരിഹാര മാര്‍ഗങ്ങള്‍ എങ്ങനെ നടപ്പാക്കാനാവുമെന്ന് കൂട്ടായി ആലോചിക്കുമെന്ന് അറിയിച്ചു.
ഉദ്യോഗസ്ഥ വാഗ്ദാനത്തില്‍ പെട്ടുപോയി ലക്ഷങ്ങള്‍ നിക്ഷേപിച്ച് ഒടുവില്‍ പെട്ടന്ന് തന്നെ മാള്‍ അടച്ചുപൂട്ടിയതോടെ വനിതകളായ സംരംഭകര്‍ കടക്കെണിയിലായത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മാതൃഭൂമി ഡോട്ട്കോം റിപ്പോര്‍ട്ടേഴ്സ് ഡയറി ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് ഇടപെടല്‍. ഏഷ്യയിലെ ആദ്യത്തെ വനിതാ മാളെന്ന് പ്രഖ്യാപിച്ച് കുടുംബശ്രീ ആരംഭിച്ച മാളാണ് സാമ്പത്തിക പ്രതിസന്ധിമൂലം മാസങ്ങള്‍ക്കുള്ളില്‍ തന്നെ അടച്ചുപൂട്ടിയത്.
2018 നവംബറിലാണ് വനിതാമാള്‍ തുറന്നത്. ഏതാനും മാസങ്ങള്‍ മാത്രം പ്രവര്‍ത്തിച്ച ശേഷം നടത്തിപ്പിലെ പരാജയം കാരണം പൂട്ടു വീഴുകയായിരുന്നു. ഇതോടെ ലക്ഷങ്ങള്‍ മുടക്കി കച്ചവടത്തിനിറങ്ങിയ സ്ത്രീകള്‍ കടക്കെണിയിലാവുകയും ചെയ്തു.
കുടുംബശ്രീ യൂണിറ്റി ഗ്രൂപ്പാണ് കെട്ടിടം വാടകയ്ക്കെടുത്ത് വിവിധ വനിതാ സംരംഭകര്‍ക്ക് വ്യാപാരത്തിന് സൗകര്യം ഒരുക്കിയത്. പ്രതീക്ഷിച്ച വ്യാപാരം നടക്കാതെ വന്നതോടെ വാടക മുടങ്ങുകയായിരുന്നു.
നടത്തിപ്പുകാരായ യൂണിറ്റി ഗ്രൂപ്പും സംരംഭകരായ സ്ത്രീകളും രണ്ടായി പിരിഞ്ഞതോടെ സംരഭകര്‍ നിയമ പോരാട്ടത്തിനിറങ്ങിയിരുന്നു. മാള്‍ അടച്ചുപൂട്ടിയതോടെ ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ അതിനുള്ളില്‍ കിടന്ന് നശിച്ച് പോയി, പല സാധനങ്ങളും സംരംഭകരുടെ വീട്ടകങ്ങളിലും കൂട്ടിയിട്ടു. വൈകിയാണെങ്കിലും കോര്‍പ്പറേഷന്റെ പുതിയ നീക്കം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സംരംഭകര്‍