തൃശൂര്‍: കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവം നടന്നതില്‍ പരാതിയുമായി കുടുംബം. ചികിത്സാ പിഴവ് ആരോപിച്ച് ആരോഗ്യമന്ത്രിക്കും ഡിഎംഓയ്ക്കും കുടുബം പരാതി നല്കി.
കുഞ്ഞിന് അണുബാധ രൂക്ഷമായതോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. ചികിത്സയ്ക്ക് പണമില്ലാതെ കുടുംബം ബുദ്ധിമുട്ടുകയാണ്. ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കുട്ടിയുടെ പിതാവ് പ്രവീണ്‍ പറഞ്ഞു.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് യുവതിയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഞായറാഴ്ച ഡോക്ടര്‍ ഉണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെട്ടതനുസരിച്ച് ആശുപത്രിയില്‍ ചികിത്സ തുടര്‍ന്നു. എന്നാല്‍ വേണ്ടവിധത്തിലുള്ള പരിചരണം പെണ്‍കുട്ടിക്ക് ലഭിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
പ്രസവവേദനയുണ്ടെന്ന വിവരം ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും വേദന മാറുന്നതിനുള്ള ഇഞ്ചക്ഷനാണ് നല്‍കിയത്. മറ്റ് നടപടി ക്രമങ്ങളൊന്നും ആശുപത്രി അധികൃതര്‍ സ്വീകരിച്ചില്ല. ശുചിമുറിയില്‍ കയറിയ യുവതി കുഞ്ഞിന്റെ തല പുറത്തേക്ക് കണ്ടപ്പോള്‍ ബഹളം വെച്ചു. ശബ്ദം കേട്ടെത്തിയപ്പോഴാണ് നേഴ്സുമാരുള്പ്പെടെയുള്ളവര് ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്തത്. അണുബാധയെ തുടര്‍ന്ന് കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അണുബാധ രൂക്ഷമായതോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി.
അതേസമയം സംഭവത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് കുന്നംകുളം ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. തൃശൂര്‍ ഡിഎംഒ അന്വേഷണം ആരംഭിച്ചു.