തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ഭിന്നത രൂക്ഷമെന്ന് സൂചന. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നു. ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്, അറയ്ക്കല്‍ ബാലകൃഷ്ണപ്പിള്ള എന്നീ മുതിര്‍ന്ന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയില്ല.
അനാരോഗ്യം കാരണം ഉദ്ഘാടനത്തില്‍നിന്നു നിന്നു വിട്ടുനില്ക്കുവെന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. റേഷന്‍ കടയുടമകളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഓഫീസ് ഉദ്ഘാടനത്തില്‍നിന്നു വിട്ടുനില്‍ക്കുന്നുവെന്നാണ് ജോണി നെല്ലൂര്‍ അറിയിച്ചത്. . എന്നാല്‍, നേതാക്കള്‍ക്കിടയില്‍ ഭിന്നതയില്ലെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കി. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയിലേക്ക് തിരഞ്ഞെടുപ്പു നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
പാര്‍ട്ടിയുടെ ഭാരവാഹി പട്ടിക പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ വിട്ടുനില്‍ക്കുന്നത്. മോന്‍സ് ജോസഫിനും ജോയി എബ്രഹാമിനും കൂടുതല്‍ പ്രധാന്യമുള്ള പദവികള്‍ നല്കി, ഫ്രാന്‍സിസ് ജോസഫ് ഉള്‍പ്പടെയുള്ള നേതാക്കളെ അവഗണിക്കുന്നു തുടങ്ങിയ പരാതികളാണ് നേതാക്കള്‍ക്കുള്ളതെന്ന് സൂചന.
പ്രശ്നങ്ങള്‍ പരിഗണിക്കുന്നതിനു കഴിഞ്ഞദിവസം പി.ജെ. ജോസഫിന്റെ വീട്ടില്‍ മുതിര്‍ന്ന നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, കാര്യമായ രമ്യതയിലേക്ക് എത്താന്‍ യോഗത്തിനു കഴിഞ്ഞില്ല.