വെളുപ്പിന് ഉമ്മറത്ത് വീഴുന്ന പത്രത്തില്‍, അകത്തെ റേഡിയോയില്‍, അയല്‍വക്കത്തെ ടെലിവിഷനില്‍, കവലയിലെ ചാടക്കടയില്‍ ചൂടുള്ള വാര്‍ത്തകള്‍ക്കായി ഒരു തലമുറ കാത്തിരുന്നിരുന്നു. പുറംലോകത്തെ വാര്‍ത്തകള്‍ എത്തിക്കുന്ന സ്ഥലത്തെ പ്രധാനി ചിലപ്പോള്‍ പോസ്റ്റ്മാനായിരിക്കും. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞായിരിക്കും ചിലപ്പോള്‍ വിവരം പല നാട്ടിലുമെത്തുക. കാലം മാറി, ഇന്ന് വാര്‍ത്തകള്‍ നിമിഷങ്ങൾക്കുള്ളിൽ നമ്മെ തേടിയെത്തുന്നു. സൗകര്യങ്ങളും സാങ്കേതിക വിദ്യയും കൂടിയെങ്കിലും വാര്‍ത്തകള്‍ കാണുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് ചില പഠനങ്ങൾ പറയുന്നു.
ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വാര്‍ത്താപ്രേക്ഷകരുടെ എണ്ണം കുറഞ്ഞുവരുന്നതായി റോയിറ്റേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ട് നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തി. സാമൂഹിക മാധ്യങ്ങളില്‍ വാര്‍ത്ത കാണുന്നതും പങ്കുവെക്കുന്നതും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കുറവ് വന്നിട്ടുണ്ട്. ടെലിവിഷന്‍ ചാനലുകളില്‍ വഴി വാര്‍ത്തകള്‍ കാണുന്നവരുടെ എണ്ണത്തില്‍ 10 ശതമാനവും കുറവ് വന്നിട്ടുണ്ട്. ഏഷ്യന്‍ കോളജ് ഓഫ് ജേര്‍ണലിസവുമായി ചേര്‍ന്നായിരുന്നു സര്‍വേ നടത്തിയത്.
വായന കുറഞ്ഞു, വിശ്വാസവും
ഇന്ത്യക്കാര്‍ക്ക് വാര്‍ത്താവായന മാത്രമല്ല കുറഞ്ഞത് ലഭിക്കുന്ന വാര്‍ത്തയോടുള്ള വിശ്വാസ്യതയും കുറഞ്ഞുവരുന്നെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 38 ശതമാനമാണ് വാര്‍ത്തകളോടുള്ള വിശ്വാസ്യത കുറഞ്ഞത്. വാര്‍ത്തകളോട് ആളുകള്‍ക്കുള്ള വിശ്വാസ്യതയുടെ സൂചികയില്‍ 24-ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. അതേസമയം ഡിഡി ഇന്ത്യ, ആള് ഇന്ത്യാ റേഡിയോ, ബിബിസി ന്യൂസ് പോലുള്ള പബ്ലിക്ക് ബ്രോഡ്കാസ്റ്റിങ് സ്ഥാപനങ്ങളെ വിശ്വസിക്കുന്നതായി സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 56 ശതമാനം പേരും വാര്‍ത്തകള്‍ അറിയാനായി ആശ്രയിക്കുന്നത് യൂട്യൂബിനെയാണ്. 47 ശതമാനം പേര് വാട്സാപ്പിനെയും 39 ശതമാനം പേര് ഫെയ്സ്ബുക്കിനെയും വാര്‍ത്തകള്‍ക്കായി ആശ്രയിക്കുന്നു. ഫെയ്സ്ബുക്കില്‍ ലഭിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത കുറഞ്ഞുവരുമ്പോള്‍ ടിക്ക്ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലുമാണ് വാര്‍ത്തകളും അതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഇപ്പോള്‍ പങ്കുവെക്കുന്നത്. 2016-ല്‍ 46 ശതമാനം ആളുകള്‍ വാര്‍ത്തകള്‍ക്കായി ഫെയ്സ്ബുക്കിനെ ആശ്രയിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷമത് 28 ശതമാനമാണ്.
ഓണ്‍ലൈനായും ഓഫ്ലൈനായും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ളത് ദൈനിക് ഭാസ്കര്‍ എന്ന ഹിന്ദി വാര്‍ത്താ മാധ്യമത്തിനാണ്. ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും പല ഏഷ്യന്‍ രാജ്യങ്ങളിലും നിലവില്‍ മറ്റേതൊരു സാമൂഹിക മാധ്യമത്തെക്കാള്‍ വാര്‍ത്തകള്‍ക്കായി ആളുകള്‍ ആശ്രയിക്കുന്നത് ടിക്ക്ടോക്കിനെയാണ്. എലോണ്‍ മസ്കിന്റെ ഏറ്റെടുക്കലിന് ശേഷവും ട്വിറ്ററിന്റെ വിശ്വാസ്യതയ്ക്ക് വലിയ കോട്ടം തട്ടിയിട്ടില്ല.
എന്തു സംഭവിച്ചു?
മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ അത്ര നല്ല നിലയിലല്ല കുറച്ചുവര്‍ഷങ്ങളായിട്ട്. റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേര്‍സ് പുറത്തുവിട്ട മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയ്ക്ക് 161-ാം സ്ഥാനമാണുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങള്‍ ഒരുഭാഗത്ത്, മറുഭാഗത്ത് രാഷ്ട്രീയ സ്വാധീനം. മുമ്പ് നേരിട്ടതിനേക്കാള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് വാര്‍ത്താ-മാധ്യമ മേഖല ഇപ്പോള്‍ കടന്നുപോകുന്നത്. സര്‍ക്കാരുകള്‍ക്ക് എതിരെ ശബ്ദിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍/ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ അധിക്ഷേപങ്ങളും ഭീഷണികളും നേരിടുന്നതിന് പുറമേ നിയമനടപടികളും നേരിടേണ്ടി വരുന്നുണ്ട്. 2002-ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തുന്ന ബിബിസിയുടെ ‘ഇന്ത്യ, ദ് മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി പുറത്തു വന്നതിന് പിന്നാലെ സ്ഥാപനത്തിന് സാമ്പത്തിക അട്ടിമറി ആരോപിച്ച് അന്വേഷണം നേരിടേണ്ടി വന്നു. പുതിയ ഐ.ടി. ചട്ടമനുസരിച്ച് ഡോക്യുമെന്ററിയുടെ ലിങ്കുകളും മറ്റും നീക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
മലയാള മാധ്യമമായ ‘മീഡിയ വണ്ണിന്റെ’ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ താത്കാലികമായി വിലക്കിയത് മറ്റൊരു ഉദാഹരണം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ എന്‍ഡിടിവിയുടെ ഷെയര്‍ അദാനി ഗ്രൂപ്പ് വിലയ്ക്ക് വാങ്ങിയത് കഴിഞ്ഞവര്‍ഷമാണ്. ‘മെറ്റ’യുടെ എക്സ്ചെക്ക് പ്രോഗ്രാം വഴി ബിജെപി സര്‍ക്കാരിന് പ്രത്യേക പരിഗണന നല്‍കുന്നുവെന്ന് അന്വേഷണാത്മക പരമ്പരയിലൂടെ ‘ദ വയര്‍’ പുറത്തുവിട്ടത് ആ സ്ഥാപനത്തിനും പ്രശ്നമായി. പിന്നീട് വയറിന് വാര്‍ത്ത പിന്‍വലിക്കേണ്ടി വന്നത് അവരുടെ വിശ്വാസ്യത കുറയാന്‍ കാരണമായി.
കേന്ദ്ര സര്‍ക്കാര്‍ ഐ.ടി നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിനെ ഭീതിയോടെയാണ് എല്ലാവരും കാണുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന് മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യത്തിന് മേല്‍ വരെ സര്‍ക്കാര്‍ ‘കൈ’വെക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. കാലപ്പഴക്കം ചെന്ന നിയമം പുനഃപരിശോധിക്കണമെന്ന് മേയില്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചത് മാത്രമാണ് ഒരു ആശ്വാസം.
ഇവയെല്ലാം മാധ്യമ സ്ഥാപനങ്ങള്‍/പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങളാണ്. ഇത്തരം വിഷയങ്ങളെ പുതിയ തലമുറ കാര്യമായി ശ്രദ്ധിക്കുന്നത് കുറഞ്ഞുവരുന്നതായി റോയിട്ടേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ക്ലെയിസ് നീയല്സണ് പറയുന്നു. പഴയ തലമുറയെപ്പോലെ വാര്‍ത്തകള്‍ ശ്രദ്ധിക്കുന്ന ശീലം പുതിയ തലമുറയ്ക്ക് കുറഞ്ഞുവരികയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ കാണുന്നതൊഴിച്ചാല്‍ വാര്‍ത്താ വെബ്സൈറ്റുകള്‍ നേരിട്ട് ‘സെര്‍ച്ച്’ ചെയ്യുന്നവര്‍ തീരെ ഇല്ലെന്ന് തന്നെ പറയാം. സാമൂഹിക മാധ്യമങ്ങളില്‍ ആളുകള്‍ അന്വേഷിക്കുന്നത് പ്രശസ്തരുടെയും സോഷ്യല്‍ മീഡിയാ ഇന്ഫ്ലുവേഴ്സിന്റെയും വീഡിയോകളും മറ്റുമാണ്.
സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്തകളെക്കാള്‍ യുവാക്കള്‍ അന്വേഷിക്കുന്നത് വ്യക്തിഗതമായ കാര്യങ്ങളെക്കുറിച്ചും മറ്റുമാണ്. വിദ്യാഭ്യാസമ്പന്നരായ ചെറുപ്പക്കാരെ മുന്നില്‍കണ്ടാണ് പലപ്പോഴും സ്ഥാപനങ്ങള്‍ വാര്‍ത്തകള്‍ നല്കുന്നതെങ്കിലും അത്തരക്കാരെ പിടിച്ചിരുത്താന്‍ സാധിക്കുന്നില്ല. സര്‍വേയില്‍ പങ്കെടുത്തവരില്‍ വെറും 34 ശതമാനം മാത്രമാണ് ഏതെങ്കിലും വാര്‍ത്താ സൈറ്റിന്റെ വരിക്കാരായിട്ടുള്ളത്. 12 ശതമാനം പേര് വര്‍ത്തമാന വിഷയങ്ങള്‍ക്കായാണ് സൈറ്റുകള്‍ കാണുന്നത്.
മാനസികാരോഗ്യ സംരക്ഷണത്തിന്റെയും മറ്റും പേരില്‍ വാര്‍ത്തകളോട് സ്വയം മുഖംതിരിക്കുന്ന പ്രവണത കൂടി വരുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വാര്‍ത്തകളോട് മുഖം തിരിക്കുന്നവരില്‍ 53 ശതമാനം പേരും എല്ലാ വാര്‍ത്തകളെയും ഒഴിവാക്കുന്നവരാണ്. 32 ശതമാനം പേര് ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ മാത്രമാണ് ഒഴിവാക്കുന്നത്.