ഇന്ത്യ ‘ഫ്രണ്ട്ലി’ അല്ല: വിദേശികളോട് സൗഹാർദ്ദമില്ല; ടൂറിസ്റ്റുകളെ സ്വീകരിക്കുന്നതില്‍ മുന്നിൽ കാനഡ
വിദേശികളോട് സൗഹാർദ്ദം പുലർത്തുന്നതിൽ ഇന്ത്യ ഏറെ പിന്നിലാണെന്ന് കമ്മ്യൂണിറ്റി സ്പിരിറ്റ് ഇൻഡക്സ് പറയുന്നു. ലോകത്തിലെ ഏറ്റവും സൗഹാർദ്ദപരമായി ഇടപെടുന്ന ആളുകളുള്ളത് കാനഡയിലാണ്.
‘നാടെവിടെയാണ്?’ പുതിയൊരു സ്ഥലത്ത് എത്തുമ്പോഴോ വഴിയാത്രയിലോ ഒരു അപരിചിതനില്‍ നിന്ന് ഈ ചോദ്യം നേരിടാത്തവര്‍ ഉണ്ടാകുമോ…? അറിയാത്ത പ്രദേശത്ത് സ്വാഗതം ചെയ്യപ്പെടുന്നതും അവിടുത്തെ ഒരാളായി അംഗീകരിക്കപ്പെടുന്നതും എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ലോകമെങ്ങും ടൂറിസം വ്യവസായം വലിയതോതിൽ വളർന്നുവരുന്ന കാലമാണിത്. ഇന്ത്യയിലും ടൂറിസ്റ്റുകളെ ആകർഷിക്കാൻ വേണ്ടതെല്ലാം സംസ്ഥാന സർക്കാരുകൾ ചെയ്യുന്നു. ഇതൊരു വലിയ വരുമാനമാർഗ്ഗമായതിനാൽ, ടൂറിസ്റ്റുകളെ എത്രത്തോളം നന്നായി തദ്ദേശീയർ സ്വീകരിക്കുന്നുവെന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. കമ്യൂണിറ്റി സ്പിരിറ്റ് സൂചിക (community spirit index) തദ്ദേശീയർക്ക് വിദേശീയരോടുള്ള മനോഭാവമാണ് അളക്കുന്നത്. ഏതൊക്കെ നാടുകളാണ് വിദേശികളോട് സൗഹാർദ്ദപരമായി ഇടപെടുന്നത് എന്ന് ഈ സൂചിക ചൂണ്ടിക്കാട്ടുന്നുണ്ട്.
കമ്യൂണിറ്റി സ്പിരിറ്റ് ഇന്‍ഡക്സ് പറയുന്നത് പ്രകാരം വിദേശികളോട് സൗഹൃദപരമായി പെരുമാറുന്ന നഗരങ്ങളില്‍ ആദ്യസ്ഥാനം കാനഡയിലെ ടോറന്റോയ്ക്കാണ്. സര്‍വേയില്‍ രണ്ടും മൂന്നൂം സ്ഥാനങ്ങളില്‍ ആസ്ട്രേലിയയിലെ സിഡ്നിയും യു.കെ.യിലെ എഡിന്‍ബര്‍ഗും ഇടംപിടിച്ചു. 53 നഗരങ്ങളില്‍ നടത്തിയ സര്‍വേയില്‍ ഇന്ത്യന്‍ നഗരങ്ങളായ ഡല്‍ഹിയും മുംബൈയും അവസാന സ്ഥാനങ്ങളിലാണ്.
കമ്യൂണിറ്റി സ്പിരിറ്റ്
ഒരു സമൂഹത്തിലെ വ്യക്തികള്‍ പരസ്പരമുള്ള സൗഹൃദപരമായ അന്തരീക്ഷത്തെയാണ് കമ്യൂണിറ്റി സ്പരിറ്റ് എന്ന് പറയുന്നത്. പരസ്പരമുണ്ടാക്കിയെടുക്കുന്ന ബന്ധം വ്യക്തികളെ ആ സമൂഹത്തിന്റെ ഭാഗമാക്കുന്നു. കൃത്യമായ ആശയവിനിമയം വഴിയാണ് കമ്യൂണിറ്റി സ്പരിറ്റ് ഉണ്ടാക്കിയെടുക്കുക. ഒരു സമൂഹം അപരിചിതരോട് എങ്ങനെ പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് കമ്യൂണിറ്റി സ്പിരിറ്റ് ഇന്‍ഡക്സ് തയ്യാറാക്കിയത്. ഒരു സമൂഹത്തിലേക്ക് സന്ദര്‍ശകര്‍ മടങ്ങി വരുന്നതിന്റെ തോത്, എത്രത്തോളം സുരക്ഷിതമാണ്, എല്‍ജിബിടിക്യു+ സമൂഹത്തിന് ലഭിക്കുന്ന പരിഗണനയുടെ തോത്, സന്തോഷ സൂചികയിലുള്ള സ്ഥാനം മുതലായവ പരിഗണിച്ചാണ് കമ്യൂണിറ്റി സ്പിരിറ്റ് ഇന്‍ഡക്സില്‍ റാങ്കിങ് നല്‍കുന്നത്.
സുരക്ഷിത്വത്തിന്റെ കാര്യത്തില്‍ ആ പ്രദേശത്ത് വിദേശികളുടെയും സ്വദേശികളുടെയും സുരക്ഷിതത്വം പരിഗണിക്കുന്നു. സുരക്ഷാ സൂചികയില്‍ പ്രദേശത്തിന്റെ സ്ഥാനമെന്താണെന്ന് അറിയാന്‍ സാധിക്കും. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ സന്ദര്‍ശകരോട് ഇടപെടുന്ന രീതിപോലും പിന്നീട് ആ നാട്ടിലേക്ക് മടങ്ങി വരണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നതില്‍ പങ്ക് വഹിക്കുന്നുണ്ട്.
കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് എല്‍ജിബിടിക്യൂ+ സമൂഹത്തെ എങ്ങനെയാണ് പ്രദേശവാസികള്‍ സ്വീകരിക്കുന്നത് എന്നത്. തങ്ങളില്‍ നിന്ന് വ്യത്യസ്തരായവരെ സ്വീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരുടെ സമൂഹത്തിലേക്ക് മടങ്ങി വരാന്‍ സന്ദര്‍ശകര്‍ ആഗ്രഹിക്കാറുണ്ട്. ടൊറന്റോ, സിഡ്നി എന്നീ നഗരങ്ങള്‍ ലൈംഗിക ന്യൂനപക്ഷത്തെ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ നഗരങ്ങളിലേക്ക് സന്ദര്‍ശകര്‍ മടങ്ങിവരുന്നതിന്റെ തോത് മറ്റു നഗരങ്ങളെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണ്. ന്യൂനപക്ഷങ്ങളോടുള്ള തുല്യതയുടെ കാര്യത്തില്‍ നൂറില്‍ 90 ആണ് ഈ നഗരങ്ങള്‍ക്കുള്ള സ്കോര്‍.
സുരക്ഷാസൂചികയില്‍ സ്കോര്‍ 45 ആയിട്ടുകൂടി ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സൗഹാര്‍ദമായ ഇടപെലില്‍ മുന്നില്‍ നില്ക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കും സന്ദര്‍ശകര്‍ മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന ഇടമാണ്. സന്തോഷസൂചികയിലെ സ്കോറും ഒരു നാടിനെ സന്ദര്‍ശിക്കാന്‍ തിരഞ്ഞെടുക്കുന്നതില്‍ പങ്കു വഹിക്കുന്നുണ്ട്. സന്തോഷസൂചികയില്‍ റാങ്കിങ് കുറഞ്ഞ നാടുകളെ സന്ദര്‍ശിക്കാന്‍ തിരഞ്ഞെടുക്കുന്നത് പൊതുവേ കുറഞ്ഞുവരികയാണ്. ഇംഗ്ലീഷ് ഭാഷ ആശയവിനിമയത്തിന് ഉപയോഗിക്കുന്നതും നാട്ടിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഘടകമാണ്. പലയാളുകളും സംസാരിക്കാന്‍ പൊതുവായി തിരഞ്ഞെടുക്കുന്നത് ഇംഗ്ലീഷായതിനാല്‍ ഭാഷ ഉപയോഗിക്കാന്‍ ചെറുതായെങ്കിലും അറിഞ്ഞിരിക്കുന്നത് വിനോദസഞ്ചാരികളെ ഒരേ സ്ഥലത്തേക്ക് തിരിച്ചെത്തിക്കും. താമസസ്ഥലങ്ങളെക്കുറിച്ച് ഓണ്‍ലൈനില്‍ സന്ദര്‍ശകര്‍ നല്കുന്ന കുറിപ്പുകള്‍ കൂടി പരിശോധിച്ചാണ് പലപ്പോഴും മറ്റുള്ളവര്‍ ആ ഇടങ്ങള്‍ തിരഞ്ഞെടുക്കുന്നത്. താമസം മോശമാണെങ്കില്‍ പലപോഴും ആളുകള്‍ അതുമായി ചേര്‍ന്നുള്ള സ്ഥലങ്ങളും സന്ദര്‍ശന പട്ടികയില്‍ നിന്ന് ഒഴിവാക്കും.
അപരിചിതരുമായി ഇടപെടുന്നതില്‍ അല്പം ശ്രദ്ധിച്ചാല്‍ നമ്മുടെ നാടും സന്ദര്‍ശകര്‍ തേടിയെത്തുന്ന ഇടമായി മാറ്റാന്‍ സാധിക്കുമെന്ന് ചുരുക്കം.