ദുബായ് > കേരള സ്റ്റാർട്ടപ്പ് മിഷൻ വിദേശ രാജ്യങ്ങളിൽ തുടങ്ങുന്ന സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി കേന്ദ്രങ്ങളിലെ ആദ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ദുബായിയിൽ ഉദ്ഘാടനം ചെയ്യും. വിദേശത്തും കേരളത്തിലും സ്വന്തമായി സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ പ്രവാസി സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സംസ്ഥാന സർക്കാർ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ദുബായ് താജിൽ വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി വി പി ജോയി അധ്യക്ഷനാകും. സംസ്ഥാന ഐടി സെക്രട്ടറി രത്തൻ യു കേൽക്കർ, യുഎഇയിലെ ഇന്ത്യൻ അമ്പാസിഡർ സുഞ്ജോയ് സുധീർ, കെഎസ് യു എം സിഇഒ അനൂപ് അംബിക, ദുബായ് ഇന്ത്യൻ കോൺസുലർ ജനറൽ ഡോ. അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി, ആസ്റ്റർ ഡിഎം എംഡി ആസാദ് മൂപ്പൻ, ഐബിഎസ് എക്സിക്യൂട്ടീവ് ചെയർമാൻ വി കെ മാത്യൂസ്, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും.
ഇന്ത്യയിൽ നിന്ന് മാത്രം ഏകദേശം 32 ദശലക്ഷത്തിലധികം പ്രവാസികളാണ് വിവിധ വിദേശ രാജ്യങ്ങളിലായി കുടിയേറി താമസിച്ചുവരുന്നത്. പ്രതിവർഷം 78 ബില്യൺ ഡോളർ ആണ് പ്രവാസി സമൂഹം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് നൽകുന്നത്. ഇത് ഉപയോഗപ്പെടുത്തി കേരളത്തിൽ ബിസിനസ് ആരംഭിക്കുന്നതിനും സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നതിനും പ്രവാസി സമൂഹത്തിൻറെ വിപുലമായ സംഭാവനകൾ ഉപയോഗപ്പെടുത്തുന്നതിനുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ ആരംഭിക്കുന്ന പുതിയ പദ്ധതിയാണ് സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി.
സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ആഗോള ഡെസ്കായി പ്രവർത്തിക്കും. പ്രവാസി സമൂഹത്തിന് അവർ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തോ ഇന്ത്യയിലോ വിപണി വിപുലീകരിക്കാനും പുതിയ സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്ത് തുടങ്ങുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇൻഫിനിറ്റി കേന്ദ്രങ്ങളിൽ ലഭ്യമാകും. ആദ്യഘട്ടത്തിൽ യുഎസ്എ, യുഎഇ, ആസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇൻഫിനിറ്റി കേന്ദ്രങ്ങൾ തുറക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുന്ന ഇൻഫിനിറ്റി കേന്ദ്രങ്ങൾ തുടർ സാധ്യതകൾ മനസ്സിലാക്കി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് സർക്കാരിന്റെ ലക്ഷ്യം.
അതേസമയം വിദേശ സ്റ്റാർട്ടപ്പുകൾക്ക് ഇന്ത്യൻ വിപണിയെ അപഗ്രഥിക്കുന്നതിൻറെ കേന്ദ്രമായും ഇൻഫിനിറ്റി ലോഞ്ച് പാഡ് പ്രവർത്തിക്കും. കേരളം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുകളുമായും സ്റ്റാർട്ടപ്പ് മിഷനുമായും സഹകരിച്ച് സംരംഭക മേഖയിലേക്ക് കടന്നുവരാൻ പ്രവാസി സമൂഹത്തിന് ഇൻഫിനിറ്റി കേന്ദ്രങ്ങൾ അവസരമൊരുക്കും. വിദേശ രാജ്യത്ത് നിന്ന് തന്നെ കേരളത്തിൽ കമ്പനി രജിസ്റ്റർ ചെയ്യുന്നതിനുള്ള എല്ലാ സഹായവും ഇൻഫിനിറ്റി കേന്ദ്രങ്ങളിലൂടെ ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..