ദുബായ് > പ്രവാസി മലയാളികളുടെ വിമാന യാത്രാ ദുരിതം പരിഹരിക്കുവാൻ വഴികൾ തേടി ദുബായിൽ ഓർമ സംഘടനയുടെ നേതൃത്വത്തിൽ ഏകോപന യോഗം ചേർന്നു .
വിമാന യാത്രാ നിരക്ക് കുറക്കാൻ സാധ്യമായ സഹായങ്ങൾക്ക് ആയി മുഖ്യമന്ത്രിക്ക് നിവേദനം നല്കാൻ യോഗം തീരുമാനിച്ചു. ദുബായിൽ എത്തിയ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് നിവേദനം നൽകുമെന്നു എൻ കെ കുഞ്ഞഹമ്മദ് അറിയിച്ചു.
പെരുന്നാൾ അവധി സമയത്തും സ്കൂൾ അവധിക്കാലത്തും പ്രവാസി മലയാളികൾ നാട്ടിലേക്ക് കുടുംബമായി പോകുന്ന സമയം മുതലെടുത്ത് വിമാന കമ്പനികൾ വൻ തോതിൽ ആണ് ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത് .
ഇത് ചർച്ച ചെയ്യുന്നതിനായി ദുബായിൽ ഓർമ സംഘടനയുടെ നേതൃത്വത്തിൽ വിവിധ സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് യോഗം ചേർന്നു, ദുബായ് മാലിക് റസ്റ്റോറന്റിൽ ചേർന്ന യോഗം പ്രവാസി ക്ഷേമ നിധി ഡയറക്ടറും ഓർമ രക്ഷാധികാരിയുമായ എൻ കെ കുഞ്ഞഹമ്മദ് ഉത്ഘാടനം ചെയ്തു.
ജൂൺ 26 നു ദുബായിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് നാൽപ്പതിനായിരം രൂപക്ക് മുകളിൽ ആണ് . ഭർത്താവും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന ഒരു കുടുംബത്തിന് ഈ അവധിക്കാലത്ത് നാട്ടിലേക്കുള്ള വൺ വേ ടിക്കറ്റിനു മാത്രം ഒന്നര ലക്ഷം രൂപക്ക് മുകളിൽ ചെലവ് വരും . നാട്ടിൽ നിന്ന് തിരിച്ചുള്ള യാത്രക്കും വൻ തുകയാണ് വിമാനകമ്പനികൾ ഈടാക്കുന്നത് . അന്യായമായ ഈ ടിക്കറ്റു നിരക്ക് വര്‍ധനവിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ അനുവദിക്കുകയും ടിക്കറ്റ് നിരക്ക് കുറക്കാൻ വിമാന കമ്പനികളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്താൽ മാത്രമേ പ്രവാസി മലയാളികൾക്ക് അല്പമെങ്കിലും ആശ്വാസമാകൂ . എന്നാൽ ഇക്കാര്യത്തിൽ ഇടപടേണ്ട കേന്ദ്ര സർക്കാർ നിഷേധ നിലപാടാണ് സ്വീകരിക്കുന്നത് . ഈ സാഹചര്യത്തിൽ ആണ് പ്രശ്നത്തിൽ ഇടപെടാൻ സാധ്യമായ എല്ലാ വഴികളും പ്രവാസി സംഘടനകൾ നോക്കുന്നത്.
യോഗത്തിൽ ഓർമ പ്രസിഡന്റ് റിയാസ് കൂത്ത് പറമ്പ് അധ്യക്ഷനായി. ലോക കേരള സഭാ ക്ഷണിതാവ് രാജൻ മാഹി , ഓർമ ജനറൽ സെക്രട്ടറി അനീഷ് മണ്ണാർക്കാട് സ്വാഗതം പറഞ്ഞു. കൈരളി ടിവി ഗൾഫ് ബ്യുറോ ചീഫ് ടി ജമാലുദീൻ , വിവിധ സംഘടനാ പ്രതിനിധികളായ യഹിയ സഖാഫി , വിത്സൻ തോമസ് , അഡ്വ.മുഹമ്മദ് സാജിത് , ബാബു ടി ജെ , മഷൂദ് , അഡ്വ.ഗിരിജ തുടങ്ങിയവർ സംസാരിച്ചു. വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും യോഗത്തിൽ പങ്കെടുത്ത് പിന്തുണ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..