അബുദാബി> അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ‘ഇൻഡോ യുഎഇ സാംസ്കാരിക സമന്വയ വർഷാചരണ’ത്തിന്റെ ഉദ്ഘാടനം യുഎഇ പ്രസിഡൻഷ്യൽ അഫയേഴ്സ് മന്ത്രാലയത്തിലെ മത, ജുഡീഷ്യൽ അഫയേഴ്സ് ഉപദേഷ്ടാവ് അൽ സയ്യിദ് അലി അൽ ഹാഷിമി ഞായറാഴ്ച നിർവ്വഹിക്കും.
രബീന്ദ്ര സംഗീതം പെയ്തിറങ്ങിയ ബംഗാളിന്റെ മണ്ണിൽ നിന്നും രൂപം കൊണ്ട മറ്റൊരു സംഗീത ശാഖയായ ‘ബാവുൽ’സംഗീതം ലോകപ്രശസ്ത ഗായിക പാർവ്വതി ബാവുൽ കേരള സോഷ്യൽ സെന്ററിന്റെ വേദിയിൽ അവതരിപ്പിക്കും.
‘ഏകതാര’ എന്ന ഒറ്റക്കമ്പി നാദവുമായി ആസ്വാദക മനസ്സുകളിലേക്ക് ഇറങ്ങിച്ചെന്ന പാർവ്വതി ബാവുലിനെയും ബാവുൽ സംഗീതത്തെയും ആദ്യമായി അബുദാബിയിലെ സംഗീതാസ്വാദകർക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് കേരള സോഷ്യൽ സെന്റർ. ആസാമിൽ ജനിച്ച് പടിഞ്ഞാറൻ ബംഗാളിൽ വളർന്ന കേരളത്തിന്റെ മരുമകളായി എത്തിയ പാർവ്വതി ബാബുൽ പത്തൊൻപതാം നൂറ്റാണ്ടുവരെ ബംഗാളിലെ ഗ്രാമങ്ങളിൽ നില നിന്നിരുന്ന ആത്മീയാന്വേഷണത്തിന്റെ സംഗീത ധാരയെയാണ് ഇതുവഴി പരിചയപ്പെടുത്തുന്നത്.
ബാവുൽ സംഗീതക്കച്ചേരിയോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഇന്ത്യൻ എംബസി പ്രതിനിധി, വാണിജ്യപ്രമുഖർ, വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനാപ്രതിനിധികൾ പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഇന്ത്യയിലെയും യുഎഇയിലെയും വിവിധ തനത് കലാരൂപങ്ങളെയും സംസ്കാരങ്ങളെയും അബുദാബി മലയാളി സമൂഹത്തിനു പരിചയപ്പെടുത്തിക്കൊടുക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തുവരികയാണെന്നു കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..