മാര്‍ച്ച് 20 വരെയുള്ള റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ടീമുകളെ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ തിരിച്ചിരിക്കുന്നത്
T20 World Cup 2021: 2021 ട്വന്റി 20 ലോകകപ്പിനുള്ള ഗ്രൂപ്പുകള്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ ഒമാനിലും യു.എ.ഇലുമായാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
മാര്‍ച്ച് 20 വരെയുള്ള റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ടീമുകളെ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ തിരിച്ചിരിക്കുന്നത്.
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് ഗ്രൂപ്പ് ഒന്നില്‍. ഇന്ത്യ, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ ഗ്രൂപ്പ് രണ്ടിലും ഉള്‍പ്പെടുന്നു. പ്രസ്തുത ടീമുകളാണ് സൂപ്പര്‍ 12 ലേക്ക് നേരിട്ട് യോഗ്യത നേടിയവര്‍.
യോഗ്യതാ റൗണ്ടില്‍ എട്ട് ടീമുകളാണ് മാറ്റുരക്കുന്നത്. ഗ്രൂപ്പ് എ- ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, നമീബിയ. ഗ്രൂപ്പ് ബി- ബംഗ്ലാദേശ്, സ്കോട്ട്ലന്‍ഡ്, ഒമാന്‍, പാപുവ ന്യൂ ഗ്വിനിയ. ഇരു ഗ്രൂപ്പുകളില്‍ നിന്നുമായി നാല് ടീമുകളായിരിക്കും സൂപ്പര്‍ 12 ലേക്ക് കടക്കുക
“ഐ.സി.സി ട്വന്റി 20 ലോകകപ്പിനുള്ള ഗ്രൂപ്പുകള്‍ പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. കോവിഡ് മഹാമാരിയുടെ വരവിന് ശേഷം വിവിധ ടീമുകള്‍ പങ്കെടുക്കുന്ന ആദ്യത്തെ ടൂര്ണമെന്റായതു കൊണ്ട് തന്നെ വളരെ മികച്ച മത്സരങ്ങളാവും ആരാധകരെ കാത്തിരിക്കുന്നത്,” ഐ.സി.സിയുടെ താത്കാലിക തലവന്‍ ജിയോഫ് അല്ലാര്‍ഡൈസ് പറഞ്ഞു.
“ഒമാന്‍ ലോകകപ്പിന് വേദിയാകുന്നത് നല്ലൊരു കാര്യമാണ്. നിരവധി യുവതാരങ്ങളെ സ്വാധീനിക്കാന്‍ ഇത് കാരണമാകും. ലോകോത്തര ടൂര്ണമെന്റാകുമെന്നതില് സംശയമില്ല,” ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കി.
Also Read: ഇംഗ്ലണ്ട് പര്യടനം: കൂടുതൽ കളിക്കാരെ അയക്കുന്നില്ലെന്ന് ബിസിസിഐ