കന്നട സിനിമയുടെ നവതരംഗത്തിന് തുടക്കമിടുന്നത് പവൻ കുമാർ ഒരുക്കിയ ലൂസിയയാണ്. നിർമാതാവിനെ കിട്ടാത്ത ഘട്ടത്തിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് ചിത്രം ഒരുക്കിയത്. ആ ജനകീയ ഇടപെടൽ മാറ്റിമറിച്ചത് കന്നട സിനിമയുടെ സ്വഭാവത്തെയായിരുന്നു. കച്ചവട സിനിമകളിൽമാത്രം കേന്ദ്രീകരിച്ചിരുന്ന സിനിമാ വ്യവസായം കലാമൂല്യമുള്ള സിനിമകളിലേക്കും ചുവടുമാറി. ഒരുപാട് പുതിയ സിനിമാപ്രവർത്തകർക്ക് വഴിതെളിച്ചു ലൂസിയ. ഒരു പതിറ്റാണ്ടിനിപ്പുറം കെജിഎഫും കാന്താരയും ഒരുക്കിയ ഹോംബാലെ ഫിലിംസ് പവൻ കുമാറിന്റെ സിനിമ നിർമിച്ചു. അതും മലയാളത്തിൽ. ഫഹദ് ഫാസിൽ നായകനായ ധൂമം. തന്റെ സിനിമാവഴികളെക്കുറിച്ച് പവൻ കുമാർ സംസാരിക്കുന്നു.
പ്രസക്ത വിഷയം
15 വർഷമായി മനസ്സിലുള്ള കഥയാണ്. ആദ്യം തിരക്കഥ സിനിമയാക്കാൻ നോക്കിയപ്പോൾ അതിന് കഴിഞ്ഞില്ല. നിർമാതാവിനെ കിട്ടിയില്ല. സിനിമയിൽ എല്ലാവർക്കും വിശ്വാസമുണ്ടായിരുന്നു. പക്ഷേ, പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്നതിലായിരുന്നു സംശയം. പിന്നീട് ഓരോ ഘട്ടത്തിലും സിനിമയും എന്നോടൊപ്പം വളർന്നു. തിരക്കഥയിൽ ഒരുപാട് മാറ്റം വരുകയും ചെയ്തു. കാലം മുന്നോട്ട് പോകുംതോറും സിനിമ സംസാരിക്കുന്ന വിഷയം കൂടുതൽ പ്രസക്തമാകുകയാണ്.
ത്രില്ലർ മാറ്റിപ്പിടിക്കും
ലൂസിയ, യൂടേൺ, ധൂമം എന്നീ മൂന്നു സിനിമയും ത്രില്ലർ സ്വഭാവത്തിലുള്ളതാണ്. മനസ്സിലുള്ള അടുത്ത സിനിമ എല്ലാവർക്കും അവരുമായി ബന്ധപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള കുടുംബ ചിത്രമാണ്. എന്നാൽ, ത്രില്ലറുകൾ ചെയ്യാൻ ഇഷ്ടമാണ്. എഴുതുമ്പോൾ പ്രേക്ഷകരുടെ ചിന്തകൾക്ക് പിടികൊടുക്കാതെ വേണം തിരക്കഥ ഒരുക്കാൻ. നിഗൂഢത നിർമിച്ചു കൊണ്ടു വന്നാൽ മാത്രമാണ് ത്രില്ലറുകൾ പ്രേക്ഷകർക്ക് സ്വീകാര്യമാകുക. പ്രേക്ഷകരുടെ ഊഹങ്ങൾക്ക് വിട്ടുകൊടുക്കാതെയുള്ള ഫിലിം മേക്കിങ് ഇഷ്ടമാണ്. എന്നാൽ മാത്രമാണ് സിനിമ വിജയിക്കുക.
പ്രേക്ഷക പിന്തുണ
ലൂസിയ ഒരു ചെറിയ സിനിമയായിരുന്നു. പക്ഷേ, സിനിമയ്ക്കുള്ള സാമ്പത്തികം കണ്ടെത്താൻ വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തേണ്ടി വന്നു. പത്തുവർഷത്തിനിപ്പുറവും ലൂസിയ സിനിമയെപ്പറ്റി ആളുകൾ ആലോചിക്കുന്നതും ചർച്ച ചെയ്യുന്നതും വലിയ സന്തോഷമാണ്. സിനിമ ചെയ്യുമ്പോൾ അതിൽ 100 ശതമാനം സത്യസന്ധത പുലർത്തുകയെന്നു മാത്രമാണ് മുന്നിലുണ്ടായിരുന്നത്. അത് ഇത്ര വലിയ വിജയമാകും എന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പ്രേക്ഷകർ ഇത്രയും ഇഷ്ടപ്പെട്ടത് യഥാർഥത്തിൽ അത്ഭുതം തന്നെയായിരുന്നു. ഇതിനെല്ലാം ആളുകളോട് വലിയ നന്ദിയും കടപ്പാടും ഉണ്ട്.
ലൂസിയ നൽകിയ വിജയം
ലൂസിയ നൽകിയ വിജയം മുന്നോട്ട് പോക്കിന് സഹായകമായി. തുടർന്നു ചെയ്ത യൂടേൺ എട്ട് ഭാഷയിലേക്ക് റീമേക്ക് ചെയ്തു. ഈ രണ്ടു സിനിമയിലൂടെ ലഭിച്ച പ്രേക്ഷക സ്വീകാര്യതയാണ് ധൂമംപോലൊരു സിനിമ ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസ് തിരക്കഥയിൽ ഒരു വരിപോലും മാറ്റാൻ പറഞ്ഞിട്ടില്ല. ഞാൻ ചെയ്ത മുൻ സിനിമയിൽ വിശ്വാസമർപ്പിച്ചാണ് അവർ ധൂമം നിർമിക്കുന്നത്. ധൂമം പൂർണമായും ഒരു കച്ചവട സ്വഭാവം മാത്രമുള്ള സിനിമയല്ല. എന്നാൽപ്പോലും ഈ സിനിമയ്ക്ക് വിദേശത്തടക്കം തിയറ്റർ ലഭിച്ചു. നടനായാണ് സിനിമയിൽ തുടങ്ങിയത്. നിർമാതാവാകുന്നതും സംവിധായകനാകുന്നതുമെല്ലാം സിനിമയുടെ ഭാഗമാകുകയെന്ന ചിന്തയിലാണ്. ഇങ്ങനെ പ്രവർത്തിക്കുമ്പോഴെല്ലാം ചേർത്തുവയ്ക്കുന്നത് സിനിമയെന്ന സന്തോഷമാണ്. സിനിമ ചെയ്യാനുള്ള താൽപ്പര്യവുമാണ്.
ഒടിടി അടുപ്പിച്ചു
മലയാള സിനിമയെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നുവെങ്കിലും ഒടിടി കാലത്തിനു മുമ്പ് കാണാനുള്ള സാധ്യത വളരെ കുറവായിരുന്നു. കർണാടകത്തിൽ മലയാള സിനിമയുടെ റിലീസ് വളരെ കുറവായിരുന്നു. ഒടിടി വന്നശേഷമാണ് കൂടുതൽ മലയാള സിനിമ കാണുന്നത്. ഇന്ന് ഇന്ത്യൻ സിനിമതന്നെ മലയാളത്തിലേക്ക് നോക്കുന്ന തരത്തിലേക്ക് മലയാള സിനിമ വളർന്നു. പ്രത്യേകിച്ച് സാങ്കേതികമായി വളരെയധികം ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.
ഫഹദ് വഴി ധൂമത്തിൽ
2018 മുതൽ ഫഹദ് ഫാസിലുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. ഇ–-മെയിലിലൂടെയടക്കം നിരവധി തിരക്കഥകൾ അദ്ദേഹത്തിന് നൽകി. അതിനിടയിലാണ് ഹോംബാലെ ഫിലിംസ് മലയാളത്തിലേക്ക് വരാൻ ഒരുങ്ങിയത്. അപ്പോൾ ഫഹദാണ് എന്നെക്കുറിച്ച് ചോദിക്കുന്നത്. അങ്ങനെ എല്ലാം ഒത്തുവന്നതോടെയാണ് എനിക്ക് ചിന്തിക്കാൻപോലും പറ്റാത്ത തരത്തിൽ ഇന്ന് ധൂമം സാധ്യമായത്. ഫഹദ് ഒരു സിനിമയിൽ ചെയ്യുന്ന മാനറിസങ്ങളും സ്വഭാവങ്ങളും മറ്റു സിനിമയിൽ ആവർത്തിക്കുന്നില്ല. അദ്ദേഹം ഒരു അതിഗംഭീര നടനാണ്.
ഐഎഫ്എഫ്കെ
കന്നട സിനിമയിൽ പുതു തലമുറയും മികച്ച സിനിമകളും ഉണ്ടാകുന്നുണ്ട്. പക്ഷേ, അവർക്കൊന്നും ആവശ്യത്തിന് പ്രോത്സാഹനം ലഭിക്കുന്നില്ല. ജയ ജയ ജയ ജയഹേ, കപ്പേള പോലുള്ള സിനിമകൾ കന്നടയിൽ വിജയിക്കില്ല. കേരളത്തിൽ ഐഎഫ്എഫ്കെ സൃഷ്ടിച്ചെടുത്ത ഒരു ചലച്ചിത്ര സംസ്കാരമുണ്ട്. ലൂസിയ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചപ്പോൾ വന്നിരുന്നു. ഇവിടത്തെ അന്തരീക്ഷം യഥാർഥത്തിൽ നന്നായി ആസ്വദിക്കുകയും ചെയ്തു. കർണാടകത്തിൽ അങ്ങനെയൊരു സജീവമായ സംസ്കാരമില്ല. അവിടെ മേളകൾ ഉണ്ടെങ്കിലും അത് ഇതുപോലെ വളർന്നിട്ടില്ല. അതുകൊണ്ടുതന്നെ പൂർണമായും കൊമേഴ്സ്യലല്ലാത്ത സിനിമകൾ അധികം ഉണ്ടാകുന്നുമില്ല. ഇറങ്ങുന്നവയോട് പ്രേക്ഷകർ താൽപ്പര്യവും കാണിക്കുന്നില്ല. പ്രേക്ഷകർക്ക് താൽപ്പര്യം വരണമെങ്കിൽ അതുപോലുള്ള സിനിമകൾ കൂടുതലായി ഉണ്ടാകണം. അത്തരത്തിലുള്ള ഒരു സംവിധാനം നിലവിൽ കന്നട സിനിമയിൽ ഇല്ല. അതുകൊണ്ടുതന്നെ പുതിയ ആളുകൾ വരുന്നുണ്ടെങ്കിലും അവർക്ക് പിന്തുണ കിട്ടാതാകുകയും അവർ വീണ്ടും മാസ് മസാല സിനിമകളിലേക്ക് തിരിച്ചുപോകുകയുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..