ദമ്മാം > ഭാര്യയടക്കം 50 ലധികം പേരടങ്ങുന്ന ഗ്രൂപ്പിനൊപ്പം ഹജ്ജ് കർമ്മം നിർവഹിക്കാനെത്തിയ മധ്യപ്രദേശ് സ്വദേശി ജിദ്ദ വിമാനത്താവളത്തിലെ എമിഗ്രേഷൻ പരിശോധനയിൽ പോലീസ് പിടിയിലായി. മധ്യപ്രദേശ് സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനായ ഛത്തർപ്പൂർ സ്വദേശി മുഹമ്മദ് ആസിഫ് ഖാനാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി ജിദ്ദ എയർപോർട്ടിൽ പരിശോധനയ്ക്കിടെ പിടിയിലായത്. പേരിലും വിരലടയാളത്തിലും സാമ്യമുള്ള മറ്റൊരാൾ 16 വർഷങ്ങൾക്ക് മുമ്പ് മുബാറസിൽ കുറ്റകൃത്യത്തിലേർപ്പെടുകയും, ആ കേസ് രേഖകളിൽ നിന്ന് നീക്കം ചെയ്യപ്പെടാതിരിക്കുകയും ചെയ്തതാണ് പ്രശ്നമായത്.
ജീവിതത്തിൽ ആദ്യമായാണ് സൗദി അറേബ്യയിലെത്തുന്നതെന്നും, നാട്ടിൽ സർക്കാരുദ്യോഗസ്ഥനാണെന്നും അറിയിച്ചെങ്കിലും കൂടുതൽ പരിശോധനകൾക്കായി വിമാനമാർഗ്ഗം ദമ്മാമിലേക്കും തുടർന്ന് കുറ്റകൃത്യം രേഖപ്പെടുത്തിയ മുബാറസ് പോലീസ് സ്റേഷനിലേക്കും അയക്കുകയായിരുന്നു. കടുത്ത പ്രമേഹരോഗവും , ഹൈപ്പർ ടെൻഷനും ഉള്ള മുഹമ്മദ് ആസിഫ് ഖാന് സൗദിയിൽ മറ്റു ബന്ധുക്കളൊന്നും സഹായത്തിനില്ല. മനസ്സറിയാത്ത കുറ്റത്തിന് പരിചയമില്ലാത്ത ദേശത്ത് പ്രതിസന്ധിയിലായത് അദ്ദേഹത്തെ തളർത്തിയിട്ടുണ്ട്. കൂടെ വന്നവർ പോലും സംശയത്തോടെ കാണുന്നു എന്ന് അദ്ദേഹം പരിഭവപ്പെട്ടു.
ദമ്മാം നവോദയ രക്ഷാധികാരിയും സാമൂഹ്യപ്രവർത്തകനുമായ ഹനീഫ മൂവാറ്റുപുഴയും ഇന്ത്യൻ എംബസ്സിയും ഇടപെട്ടതിന്റെ ഫലമായി ഹജ്ജ് ചെയ്യാൻ പോലീസ് താൽക്കാലിക അനുമതി നൽകി. ഞായറാഴ്ച വൈകിട്ടോടെ ഹജ്ജിൽ പങ്ക് ചേരാൻ ജിദ്ദയിലേക്ക് പുറപ്പെടും. ശേഷം മുബാറസ് പോലീസിൽ റിപ്പോർട്ട് ചെയ്യാനാണ് നിർദേശം. ഈദ് അവധിക്ക് ശേഷം പഴയ ഫയലുകൾ വീണ്ടെടുത്ത് എംബസിയുടെ സഹായത്തോടെ ജിദ്ദയിൽ നിന്നു തന്നെ നാട്ടിലേക്കയക്കാനുള്ള ശ്രമം നടത്തുന്നതായി ഹനീഫ മൂവാറ്റുപുഴ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..