Sumayya P | Samayam Malayalam | Updated: 26 Jun 2023, 12:50 pm
100-ലധികം രാജ്യങ്ങള്‍ക്ക് 6.4 ബില്യണ്‍ ഡോളറിലധികം സഹായം നല്‍കിക്കൊണ്ട് ഖത്തര്‍ അന്താരാഷ്ട്ര സമൂഹത്തിന് ഏറെ പ്രിയപ്പെട്ട രാഷ്ട്രമായി മാറിയതും അമീര്‍ ശെയ്ഖ് തമീമിന്റെ നേതൃത്വത്തിലായിരുന്നു.
ദോഹ: പിതാവ് അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി രാജ്യത്തിന്റെ നേതൃത്വം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് കൈമാറിയിട്ട് ഒരു പതിറ്റാണ്ട് തികയുന്നു. ഖത്തറിനെ സംബന്ധിച്ചിടത്തോളം അഭൂതപൂര്‍വമായ വളര്‍ച്ചയിലേക്കുള്ള ഖത്തറിന്റെ വലിയൊരു ചുവടുവയ്പ്പായിരുന്നു അതിലൂടെ സംഭവിച്ചത്.
വാഗ്ദാനങ്ങള്‍ പാലിച്ച് ശെയ്ഖ് തമീം
ഗള്‍ഫ് രാജ്യങ്ങളിലെ പൊതു രീതികളില്‍ നിന്ന് വ്യത്യസ്തമായി ജീവിത കാലത്തു തന്നെ യുവാവായ തന്റെ മകന് അധികാരം കൈമാറി ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ പുതിയ ചരിത്രം രചിക്കുകയായിരുന്നു. പിതാവില്‍ നിന്ന് അധികാരമേറ്റെടുത്ത് 2013 ജൂണ്‍ 26 ന് നടത്തിയ പ്രസംഗത്തില്‍, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും ആരോഗ്യ മേഖല, കായിക മേഖല തുടങ്ങിവ ഉള്‍പ്പെടെയുള്ളവയുടെ വികസനത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ശെയ്ഖ് തമീം വാഗ്ദാനം ചെയ്തിരുന്നു. അതിനു ശേഷം 10 വര്‍ഷം പിന്നിടുമ്പോള്‍ ഒരു കൊച്ചു രാജ്യമായ ഖത്തറും അതിന്റെ ഭരണാധികാരി ശെയ്ഖ് തമീമും ആഗോള തലത്തില്‍ അക്ഷരാര്‍ഥത്തില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ്.
ഉപരോധം ഉയര്‍ത്തിയെ വെല്ലുവിളികളെ നേരിട്ടു
2017ല്‍ ഖത്തറിനെതിരേ അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മുതല്‍ 2022 ഫിഫ ലോകകപ്പ് ആതിഥേയത്വം വരെയുള്ള വെല്ലുവിളികളെ വിജയകരമായി നേരിടുകയും ലോകത്തിന് മാതൃകയായി ഉയര്‍ന്നുനില്‍ക്കുകയും ചെയ്യാന്‍ ഖത്തറിന് സാധിച്ചത് ശെയ്ഖ് തമീമിന്റെ ധീരമായ നേതൃത്വത്തിലൂടെയായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ കാലയളവിനുള്ളില്‍ സുപ്രധാനമായ പല നാഴികക്കല്ലുകള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചു. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഔദ്യോഗികമായി തുറന്നത് 2014-ല്‍ ആയിരുന്നു. അന്നുമുതല്‍, ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളില്‍ ഒന്നായി റാങ്കിംഗില്‍ തുടര്‍ച്ചയായി ആധിപത്യം പുലര്‍ത്തുന്നത് ഈ എയര്‍പോര്‍ട്ടാണ്.
എന്താണ് ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട്?
എന്താണ് ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട്? | AIF | Investment
ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച് ഖത്തര്‍
ഖത്തറിന്റെ വ്യാപാരബന്ധങ്ങള്‍ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, ലോകത്തിലെ ഏറ്റവും വലിയ ‘ഗ്രീന്‍ഫീല്‍ഡ്’ തുറമുഖ-വികസന പദ്ധതിയായ അത്യാധുനിക ഹമദ് തുറമുഖം 2016-ല്‍ അമീര്‍ ഉദ്ഘാടനം ചെയ്താണ് മറ്റൊരു പ്രധാന നാഴികക്കല്ല്. 2019-ല്‍, ദോഹ മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു കൊണ്ട്, ഗതാഗത മേഖല വികസിപ്പിക്കുന്നതില്‍ ഖത്തറിന്റെ ദേശീയ 2030 ലക്ഷ്യങ്ങളില്‍ ഒരു പ്രധാന നേട്ടം അടയാളപ്പെടുത്തി. ലോകത്തിലെ ഏറ്റവും വേഗതയേറിയതും ഡ്രൈവറില്ലാത്തതുമായ ട്രെയിനുകളിലൊന്നായ ദോഹ മെട്രോ ലോകകപ്പിലുടനീളം ദശലക്ഷക്കണക്കിന് ആരാധകര്‍ക്ക് സുഖപ്രദമായ യാത്ര പ്രദാനം ചെയ്തു.
ഭക്ഷ്യ മേഖലയില്‍ സ്വയം പര്യാപ്തത
2017ല്‍ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഖത്തറിനെതിരേ വ്യോമ, കര, കടല്‍ ഉപരോധം ഏര്‍പ്പെടുത്തുമ്പോള്‍, ഭക്ഷ്യ ഇറക്കുമതിയെ വന്‍തോതില്‍ ആശ്രയിക്കുന്ന രാജ്യമായിരുന്നു ഖത്തര്‍. എന്നാല്‍ അധികം താമസിയാതെ ഖത്തര്‍ അതിന്റെ ക്ഷീര, കോഴി ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചും, പ്രാദേശിക ബ്രാന്‍ഡുകള്‍ വികസിപ്പിച്ചും, ആഭ്യന്തര കൃഷിയെ ഉത്തേജിപ്പിച്ചും ഈ വെല്ലുവിളിയെ അതിവേഗം നേരിട്ടു. 2019 ആയപ്പോഴേക്കും ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ ഖത്തര്‍ 100 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചു. 2020-ല്‍ ലോകത്തുടനീളം വ്യാപിച്ച കോവിഡ് -19നെ നേരിടുന്ന കാര്യത്തിലും ആഗോളതലത്തില്‍ ഖത്തര്‍ പ്രശംസിക്കപ്പെട്ടു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്ന് രാജ്യം ആഗോള പ്രശംസ നേടി.
ഷൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്
2021-ല്‍ ആദ്യമായി ഷൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്തി ഖത്തര്‍ മറ്റൊരു ആഭ്യന്തര നാഴികക്കല്ല് കൈവരിച്ചു. നിയമനിര്‍മ്മാണ സമിതിയിലെ 45 അംഗങ്ങളില്‍ നിന്ന് 30 പേരെയും വോട്ടെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുത്തത്. 30 ജില്ലകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 63.5 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. ജനാധിപത്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പായി ഈ ചരിത്ര തെരഞ്ഞെടുപ്പ് വിശേഷിപ്പിക്കപ്പെട്ടു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുമുള്ള രാജ്യത്തിന്റെ പദ്ധതി നിറവേറ്റുന്നതിനായി ഖത്തര്‍ അമീര്‍ 2020 ല്‍ മേഖലയിലെ ഏറ്റവും വലിയ അല്‍ ഖര്‍സ സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തതായിരുന്നു മറ്റൊരു സുപ്രധാന ചുവയുവയ്പ്പ്. 10 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പവര്‍ പ്ലാന്റ് 1,800,000 സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് ഖത്തറിന്റെ വൈദ്യുതി ആവശ്യകതയുടെ 10 ശതമാനം നിറവേറ്റിവരികയാണിന്ന്.
സാമ്പത്തിക പുരോഗതിയില്‍ കുതിച്ചുചാട്ടം
സാമ്പത്തിക ഉപരോധവും കോവിഡ് വെല്ലുവിളിയും ഉള്‍പ്പെടെയുള്ള പ്രതിസന്ധികളുണ്ടായിട്ടും അവയെ അതിജീവിച്ചാണ് ശെയ്ഖ് തമീമിന്റെ നേതൃത്വത്തില്‍ ഖത്തറിന്റെ സമ്പദ്വ്യവസ്ഥ പുതിയ ഉയരങ്ങളിലേക്ക് കുതിച്ചത്. മേഖലയിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കുകളിലൊന്ന് കൈവരിക്കാന്‍ ഈ കാലയളവിലും ഖത്തറിന് കഴിഞ്ഞു. കഴിഞ്ഞ ദശകത്തില്‍, ഖത്തര്‍ വിദേശ നേരിട്ടുള്ള നിക്ഷേപത്തിന്റെ (എഫ്ഡിഐ) സുരക്ഷിത താവളമായി വിശേഷിപ്പിക്കപ്പെട്ടു, 2019 നും 2022 നും ഇടയില്‍ മാത്രം എഫ്ഡിഐയില്‍ 70 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ലോകകപ്പ് തന്നെ ഖത്തറിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ സംഭാവനകള്‍ നല്കി. ഈ വര്‍ഷം 3.3 ശതമാനത്തില്‍ താഴെയായി തുടരുമെന്ന് പ്രതീക്ഷിക്കുന്ന ഖത്തറിലെ പണപ്പെരുപ്പ നിരക്ക് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണ്. 2017-ല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ നോര്‍ത്ത് ഫീല്‍ഡ് വിപുലീകരണ പദ്ധതിയുടെ പ്രഖ്യാപനത്തോടെ ഖത്തറിന്റെ വാതക ഉല്‍പ്പാദനത്തില്‍ പുതിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി.
അന്താരാഷ്ട്ര തലത്തിലെ വിശ്വസ്തനായ മധ്യസ്ഥന്‍
കഴിഞ്ഞ ദശകത്തില്‍ ഖത്തറിന്റെ ശ്രദ്ധേയമായ വളര്‍ച്ചയെ അടയാളപ്പെടുത്തിയ പ്രധാന മേഖലകളിലൊന്നായിരുന്നു ആഗോള തലത്തില്‍ ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ദൗത്യങ്ങള്‍. അന്തര്‍ദേശീയവും പ്രാദേശികവുമായ പ്രതിസന്ധി ഘട്ടങ്ങളില്‍ വിശ്വസിക്കാവുന്ന പങ്കാളിയെന്ന ഖ്യാതി അമീറിന്റെ നേതൃത്വത്തില്‍ ഖത്തര്‍ നേടിയെടുത്തു. അഫ്ഗാനിസ്ഥാനിലെ 20 വര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ മുന്നോടിയായി 2020 ല്‍ അമേരിക്കയെയും താലിബാനെയും ചര്‍ച്ചാ മേശയ്ക്ക് ചുറ്റും ഇരുത്താന്‍ ഖത്തറിന് കഴിഞ്ഞു. ഇത് യുഎസും താലിബാനും തമ്മിലുള്ള ദോഹ ഉടമ്പടിയില്‍ ഒപ്പുവെക്കുന്നതിലേക്ക് നയിച്ചു. അതേ വര്‍ഷം തന്നെ, താലിബാന് കാബൂള്‍ പിടിച്ചെടുത്തപ്പോള്‍ ലോക രാഷ്ട്രങ്ങള്‍ക്കും താലിബാനുമിടയില്‍ മധ്യസ്ഥത വഹിച്ചത് ഖത്തറായിരുന്നു. വിദേശ പ്രതിനിധികളെ അഫ്ഗാനില്‍ നിന്ന് സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ഇത് സഹായിച്ചു. ഇതിന് അംഗീകാരമായാണ് 2022 ല്‍ ഖത്തറിനെ ഒരു പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി യുഎസ് അംഗീകരിച്ചത്. 2021 ലെ കെനിയ-സൊമാലിയ അനുരഞ്ജനത്തിലും, ചാഡ് അഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കുന്നതിലും പങ്കുവഹിക്കാന്‍ ഖത്തറിന് കഴിഞ്ഞു. ഇറാന് ആണവകരാര്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ അതിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക