കൊല്ലം > ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ബംഗളുരുവിൽ നിന്നും തിങ്കൾ രാത്രി ജന്മനാടായ ശാസ്താംകോട്ട മൈനാഗപ്പള്ളിയിൽ എത്തി. വൈകിട്ട് 6.20 ന് ഇൻഡിഗോ വിമാനത്തിൽ ബംഗ്ലൂരുവിൽ നിന്ന് പുറപ്പെട്ട മഅ്ദനിയും സംഘവും ഏഴോടെ നെടുമ്പാശ്ശേരി വിമനത്താവളത്തിൽ എത്തി. അവിടെ വെച്ച് മഅ്ദനിയെ പിഡിപി പ്രവർത്തകർ സ്വീകരിച്ചു.
ഇളയ മകൻ സലാഹുദ്ദീൻ അയ്യൂബി, പിഡിപി സംസ്ഥാന നേതാക്കളായ അഡ്വ. മുട്ടം നാസർ, വർക്കല രാജ്, വി എം അലിയാർ, മുഹമ്മദ് ബിലാൽ മുജീബുറഹ്മാൻ തുടങ്ങിയവർ സ്വീകരിച്ചു. ഭാര്യ സൂഫിയ മഅദ്നി, പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, നേതാക്കളായ നൗഷാദ് തിക്കോടി, സലിംബാബു, ഷാംനവാസ്, അഷ്റഫ് കാക്കനാട്, ഹസൻ, മുബഷിർ തുടങ്ങിയവരാണ് മഅ്ദനിയെ വിമാനയാത്രയിൽ അനുഗമിച്ചത്.
നെടുമ്പാശേരിയിൽ നിന്ന് ആംബുലൻസ് മാർഗ്ഗമാണ് രാത്രിയിൽ കുടുംബവീടായ വേങ്ങ ഐസിഎസ് തോട്ടുവാൽ വീട്ടിലെത്തിയത്. ബന്ധുക്കളും അയൽവാസികളും നാട്ടുകാരും മഅ്ദനിയെ കാണാൻ എത്തിയിരുന്നു. പിതാവ് റിട്ട. അധ്യാപകൻ അബ്ദുൾ സമദിനെ സന്ദർശിച്ച ശേഷം 2018 നവംബർ ആറിന് അന്തരിച്ച ഉമ്മ അസുമാബീവിയുടെ ഐസിഎസ് ജുമാ മസ്ജിദിലെ കബറിടത്തിൽ എത്തി. പിന്നീട് മൈനാഗപ്പള്ളി അൻവാർശ്ശേരി യത്തീംഖാനയിലേക്ക് പോയി. അവിടെയാണ് മഅ്ദനിയുടെ താമസം.
നാട്ടിൽ തങ്ങാൻ 12 ദിവസമാണ് കോടതി അനുവദിച്ചിട്ടുള്ളത്. മഅ്ദനി അവസാനമായി നാട്ടിലെത്തിയത് 2018 നവംബർ മൂന്നിനാണ്. സുഖമില്ലാതെ കിടപ്പിലായ ഉമ്മയെ കാണാൻ കോടതി അനുമതി കൊടുക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..