ഹൈലൈറ്റ്:
- കുവൈറ്റില്‍ ജോലി മാറ്റത്തിന് നിയന്ത്രണം
- നിയന്ത്രണം തൊഴിലാളി ക്ഷാമമുള്ള മേഖലകളില്‍
- യാത്രാ നിരോധനം തിരിച്ചടിയായി
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഏതാനും ചില മേഖലകളില്‍ നിന്ന് തൊഴില്‍ മാറ്റം നടത്തുന്നത് നിരോധിച്ചു കൊണ്ട് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഉത്തരവിട്ടു. വ്യവസായം, കൃഷി, നാല്‍ക്കാലികളെ മേയ്ക്കല്‍, സഹകരണ സൊസൈറ്റികള്‍, ഫ്രീ ട്രേഡ് സോണ്‍ യൂനിയനുകള്‍ എന്നീ മേഖലകളില്‍ നിന്ന് മറ്റ് ജോലികളിലേക്കാണ് തൊഴില്‍ മാറ്റം നിരോധിച്ചു കൊണ്ട് ഉത്തരവിട്ടത്. അതേസമയം, ഈ മേഖലകളില്‍ രൂക്ഷമായ തൊഴിലാളി ക്ഷാമം നിലനില്‍ക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും നിരോധനം താല്‍ക്കാലികമാണെന്നും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഡയരക്ടര്‍ ജനറല്‍ അഹ്മദ് അല്‍ മൂസ പ്രസ്താവനയില്‍ അറിയിച്ചു.
Also Read: ഒടുവില്‍ ആശ്വാസം; 60 കഴിഞ്ഞ പ്രവാസികളെ കുവൈറ്റ് പുറത്താക്കില്ല
യാത്രാനിരോധനം പ്രതിസന്ധി സൃഷ്ടിച്ചു
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വിദേശ യാത്രക്കാര്‍ക്ക് കുവൈറ്റ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് കാരണം വിവിധ മേഖലകളില്‍ രൂക്ഷമായ തൊഴിലാളി ക്ഷാമം അനുഭവപ്പെടുകയാണ്. ലക്ഷക്കണക്കിന് പ്രവാസികളാണ് യാത്രാനുമതി ലഭിക്കാതെ സ്വന്തം നാടുകളില്‍ കുടുങ്ങിക്കഴിയുന്നത്. ഈ സാഹചര്യത്തില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേക്ക് തൊഴില്‍ മാറ്റം വ്യാപകമായിരുന്നു. ഇതുകാരണം പല മേഖലകളും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. പ്രത്യേകിച്ച് വ്യവസായം, കൃഷി, മൃഗപരിപാലനം തുടങ്ങിയ പ്രയാസമേറിയ ജോലികളില്‍ നിന്ന് താരതമ്യേന ജോലിഭാരം കുറഞ്ഞ മേഖലകളിലേക്കാണ് ആളുകള്‍ വിസ ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. ഇത് ഈ മേഖലകളില്‍ വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു. ഇതേത്തുടര്‍ന്നാണ് തൊഴില്‍ മാറ്റത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
2021ല്‍ 61975 പ്രവാസികളുടെ വിസ റദ്ദാക്കി
കഴിഞ്ഞ ആറ് മാസത്തിനിടയില്‍ 61975 പേരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ അറിയിച്ചു. ജനുവരി 10നും ജൂണ്‍ 30നും ഇടയിലെ കണക്കുകള്‍ പ്രകാരമാണിത്. ഈ കാലയളവില്‍ കുവൈറ്റിന് പുറത്തായിരുന്നതിനാല്‍ 38,873 പ്രവാസി വിസകളുടെ കാലാവധി കഴിഞ്ഞു. 2011 പേര് സ്വന്തം ഇഷ്ടപ്രകാരം ഈ കാലയളവില്‍ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനായി തങ്ങളുടെ വിസകള്‍ കാന്‍സല്‍ ചെയ്തതായും അതോറിറ്റിയുടെ കണക്കുകള്‍ ഉദ്ധരിച്ച് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, 401,000 പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് ഈ കാലയളവില്‍ പുതുക്കി. 99,000 പേരുടെ വിസ പുതിയ ജോലികളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും അതോറിറ്റി അറിയിച്ചു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : restriction for job change in some sectors in kuwait
Malayalam News from malayalam.samayam.com, TIL Network