അബുദാബി > അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ഇൻഡോ – യുഎഇ സാംസ്കാരിക സമന്വയ വർഷാചരണത്തിന് തുടക്കമായി. യുഎഇ പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിലെ മത-നീതിന്യായ കാര്യങ്ങളുടെ ഉപദേഷ്ടാവ് ഷെയ്ഖ് അൽ സയ്യിദ് അലി അബ്ദുൽറഹ്മാൻ അൽ ഹാശിമി പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു.
ഇന്ത്യയും യുഎഇ യും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചും യു.എ.ഇയുടെ സമഗ്ര വികസനത്തിൽ ഇന്ത്യൻസമൂഹത്തിന്റെ പങ്കിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞ അദ്ദേഹം യുഎഇ എന്ന രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യക്കാർ യുഎഇക്ക് നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയും യുഎഇ യുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാനും മുന്നോട്ടുവച്ചത് ഒരേ ആശയങ്ങളും ദർശനങ്ങളുമാണെന്നും, ഇത് ഇരു രാജ്യങ്ങളുടെയും സമഗ്ര വികസനത്തിനും സമാധാനത്തിനും സഹായകമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ പ്രസംഗം അറബിയിൽനിന്നും മലയാളത്തിലേക്ക് അബ്ദുള്ള ഫാറൂഖി വിവർത്തനം ചെയ്തു.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ അമർനാഥ് മുഖ്യാതിഥിയായിരുന്നു.
അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു. അബുദാബി കമ്മ്യുണിറ്റി പോലീസ് പ്രതിനിധി അസിയ ദഹൂറി, ഇന്ത്യ സോഷ്യൽ സെന്റർ വൈസ് പ്രസിഡന്റ് റെജി ഉലഹന്നാൻ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് ബാവാഹാജി, അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി എം യു ഇർഷാദ്, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഭാരതി നത്വാനി, , ശക്തി തിയറ്റേഴ്സ് അബുദാബിയുടെ രക്ഷാധികാരി കമ്മിറ്റി അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ അഹല്യ ഹോസ്പിറ്റൽ സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകർ, എൽ എൽ എച്ച് ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ നിർമ്മൽ ചിറയത്ത്, അൽ നാസർ കോൺട്രാക്ടിങ് കമ്പനി മാനേജിങ് ഡയറക്ടർ രാജൻ അമ്പലത്തറ, പവർ ഗ്രൂപ്പ് എംഡി കെ. വി. രാജൻ തുടങ്ങിയവർ പങ്കെടുത്തു.
സെന്റർ ജനറൽ സെക്രട്ടറി കെ സത്യൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി. ശ്രീകാന്ത് നന്ദിയും പറഞ്ഞു. സെന്റർ വനിതാ വിഭാഗം ജോയിന്റ് കൺവീനർ ചിത്ര ശ്രീവത്സൻ അവതാരകയായി. ഉദ്ഘാടനത്തോടനുബന്ധിച്ച് വിശ്വപ്രസിദ്ധ പ്രമുഖ ബാവുൾ സംഗീതജ്ഞ പാർവതി ബാവുൾ “ദി മിസ്റ്റിക് പോയട്രി ഓഫ് ദി ബാവുൾസ്” എന്ന സംഗീത പരിപാടി അവതരിപ്പിച്ചു.
ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന സാംസ്കാരിക സമന്വയ വർഷാചരണത്തിന്റെ ഭാഗമായി ഇന്ത്യയിലെയും യുഎഇ യിലെയും വിവിധ കലാരൂപങ്ങളെയും സംസ്കാരങ്ങളെയും പരിചയപ്പെടുത്തുന്ന വിവിധ പരിപാടികൾ തുടർന്നുള്ള ദിവസങ്ങളിൽ കേരള സോഷ്യൽ സെന്ററിൽ അരങ്ങേറുമെന്ന് കേരള സോഷ്യൽ സെൻറർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..