ചെന്നൈ: ആഡംബര കാറിന് പ്രവേശന നികുതി ഇളവുചെയ്യണമെന്ന ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ നടന് വിജയ് മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് ആര്.എന്‍. മഞ്ജുള എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചേക്കും.
നടനെതിരായ സിംഗിള്‍ ബെഞ്ചിന്റെ പ്രസ്താവനകള്‍ നീക്കണമെന്ന് അപ്പീലില്‍ ആവശ്യപ്പെട്ടതായാണ് സൂചന. 2012-ല്‍ ഇംഗ്ലണ്ടില്‍നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് ഗോസ്റ്റ് കാറിന്റെ പ്രവേശന നികുതിയില്‍ ഇളവ് ആവശ്യപ്പെട്ടായിരുന്നു വിജയ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം താരത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ഹര്‍ജി തള്ളി ഒരു ലക്ഷം രൂപ പിഴ ചുമത്തുകയുമായിരുന്നു.
സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ യഥാര്‍ഥജീവിതത്തില്‍ ‘റീല്‍ ഹീറോ’ ആവരുതെന്നും കൃത്യമായി നികുതി അടച്ച് മാതൃകയാകണമെന്നും കോടതി വിമര്‍ശിച്ചിരുന്നു. നികുതി വെട്ടിക്കാന്‍ ശ്രമിക്കുന്നത് നിയമ വിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. കാറിന്റെ ഇറക്കുമതി തീരുവ വിജയ് നേരത്തേ കെട്ടിയിരുന്നതാണ്. എന്നാല്‍ പ്രവേശന നികുതി അടച്ചിരുന്നില്ല.