FAQ | ബുദ്ധിപൂർവ്വം എങ്ങനെ തിരഞ്ഞെടുക്കാം നിങ്ങൾക്കുള്ള സിറം?
Written by Anit | Samayam Malayalam | Updated: 5 Jul 2023, 1:12 pm
ചർമ്മ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന ഏതൊരാളുടെ പക്കലും ഒരു ഫേസ് സിറം കാണും. എന്നാൽ ഇത് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഗുണത്തേക്കാളധികം ദോഷം ചെയ്യുകയേ ഉള്ളൂ.
ഫേസ് സിറം വാങ്ങാൻ പോകുന്നോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
- ഫേസ് സിറം എല്ലാ ദിവസവും ഉപയോഗിക്കാമോ?
ഉപയോഗിക്കാം. എന്നാൽ ഫേസ് സിറം ഉപയോഗിക്കുന്നതിൽ നിങ്ങൾ തുടക്കക്കാരാണെങ്കിൽ ഇതിലെ ചേരുവകളെ ചർമ്മത്തിന് പരിചയപ്പെടുത്തേണ്ടത് പ്രധാനമാണ്. അതായത് എല്ലാ ദിവസവും ഉപയോഗിക്കുന്നതിന് പകരം ആഴ്ചയിൽ ഇടവിട്ടുള്ള രണ്ടോ മൂന്നോ ദിവസം മാത്രം ഉപയോഗിച്ച് സിറം ചർമ്മത്തിന് പരിചയപ്പെടുത്തുക. ഈ രീതി ഒരു രണ്ടോ മൂന്നോ ആഴ്ച തുടർന്ന് ചർമ്മത്തിലെ മാറ്റങ്ങൾ മനസിലാക്കി ക്രമേണ ദിവസവും എന്ന രീതിയിലേക്ക് കൊണ്ടുവരുന്നതായിരിക്കും ഉചിതം. രാവിലെയും രാത്രിയും സിറം പുരട്ടണമെന്ന് നിർബന്ധമൊന്നുമില്ല. ഏതെങ്കിലും ഒരു നേരം പുരട്ടിയാലും മതി. - എപ്പോഴാണ് ഫേസ് സിറം പുരട്ടേണ്ടത്?
അത് നിങ്ങൾ ഉപയോഗിക്കുന്ന സിറത്തിലെ ചേരുവകളെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന് റെറ്റിനോൾ ആണ് പ്രധാന ചേരുവയെങ്കിൽ അത് ഉപയോഗിക്കാനുള്ള മികച്ച സമയം രാത്രി ആണ്. അല്ലാതെയുള്ളവ രാവിലെയും പുരട്ടാം. - സിറം പുരട്ടിയതിന് ശേഷം എന്താണ് പുരട്ടേണ്ടത്?
ആദ്യം വൃത്തിയാക്കിയ ചർമ്മത്തിൽ സിറം പുരട്ടി അത് പൂർണ്ണമായും ചർമ്മത്തിലേയ്ക്ക് ആഗിരണം ചെയ്യാൻ അനുവദിക്കുക. ഇതിന് ശേഷം നിർബന്ധമായും ഒരു മോയിസ്ചറൈസർ പുരട്ടുക. രാവിലെ ആണ് സിറം പുരട്ടുന്നതെങ്കിൽ മോയ്സചറൈസറിന് ശേഷം ഒരു സൺസ്ക്രീൻ കൂടെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. - സിറം പുരട്ടി എത്ര നേരം കഴിഞ്ഞാണ് മോയിസ്ചറൈസർ പുരട്ടേണ്ടത്?
മോയിസ്ചറൈസർ പൂർണ്ണമായും ചർമ്മത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടാൻ മൂന്നോ നാലോ മിനിറ്റ് എടുത്തേക്കാം. അതിന് ശേഷം മാത്രം ബാക്കിയുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. - ഏത് ഫേസ് സിറം ആണ് ഏറ്റവും നല്ലത്?
ഓരോ ഫേസ് സിറവും തയ്യാറാക്കിയിരിക്കുന്നത് വിവിധ ചേരുവകൾ ചേർത്താണ്. ഈ ചേരുവകളോരോന്നും ചർമ്മത്തിന്റെ വിവിധ പ്രശ്നങ്ങളെ നേരിടുന്നതിന് സഹായിക്കുന്നുമുണ്ട്. ഉദാഹരണത്തിന് ചർമ്മത്തിലെ കുരുക്കൾ അകറ്റാൻ, അമിത എണ്ണമയം ഇല്ലാതാക്കാൻ, പിഗ്മെന്റേഷൻ പ്രശ്നങ്ങൾ അകറ്റാൻ, യുവത്വം നിലനിർത്താൻ, ചർമ്മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാനും മെച്ചപ്പെടുത്താനും – അങ്ങനെ ഓരോ സിറവും പല ഗുണങ്ങളാണ് നൽകുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ ചർമ്മത്തിന് ഏതാണ് വേണ്ടതെന്ന് മനസിലാക്കി ഒരെണ്ണം തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും മികച്ച വഴി. - ഫേസ് സിറം ഉപയോഗിക്കുന്നത് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുഖം നന്നായി കഴുകി വൃത്തിയാക്കിയ ചർമ്മത്തിലാണ് ഫേസ് സിറം ഉപയോഗിക്കേണ്ടത്. ഒരിക്കലും വിയർത്തിരിക്കുന്ന അഴുക്കും പൊടിയും പിടിച്ച ചർമ്മത്തിൽ സിറം പുരട്ടരുത്. അതിന് ശേഷം ഉണങ്ങിയ ചർമ്മത്തിൽ സിറം പുരട്ടാം. ഹൈലുറോണിക് ആസിഡ് പോലുള്ളവ ഉപയോഗിക്കുമ്പോൾ ചർമ്മത്തിൽ ഒരു ചെറിയ നനവോടെ വേണം പുരട്ടാൻ. അതിന് ശേഷം മോയ്സചറൈസറും സൺസ്ക്രീനും പുരട്ടുക, മേക്കപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ചെയ്യേണ്ടത് ഈ ഘട്ടങ്ങൾക്ക് ശേഷം മാത്രം. - ഫേസ് സിറം എത്രമാത്രം ഉപയോഗിക്കണം?
ഒരുപാട് എടുത്ത് ചർമ്മത്തിൽ മുഴുവൻ തേച്ച് പിടിപ്പിക്കേണ്ടതില്ല. ഓരോ സിറത്തിന്റെ ഒപ്പവും ഒരു ഡ്രോപ്പർ ഉണ്ടാകും. അതിലൂടെ രണ്ടോ മൂന്നോ തുള്ളി മാത്രം എടുത്താൽ മതി. ഇത് സ്പ്രെഡ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടുക. ഒരുപാട് തുള്ളികൾ ഉപയോഗിക്കുന്നത് കൂടുതൽ ഗുണം നൽകില്ല, ഇത് ചർമ്മത്തിന് ദോഷം വരുത്തും എന്നോർക്കുക. - യഥാർത്ഥത്തിൽ ഫേസ് സിറം അത് അവകാശപ്പെടുന്ന ഗുണങ്ങൾ നൽകുമോ?
റെറ്റിനോൾ, വിറ്റാമിൻ സി, ഹൈലുറോണിക് ആസിഡ്, സാലിസിലിക് ആസിഡ്, നിയാസിനാമൈഡ് അങ്ങനെ ഓരോ സിറത്തിലെയും ചേരുവകൾ വ്യത്യസ്തമാണ്. ഓരോന്നിനും അതാത് ധർമ്മങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾ നേരിടുന്ന ചർമ്മപ്രശ്നം മനസിലാക്കി അതിനോട് പൊരുതാൻ സഹായിക്കുന്ന സിറം തിരഞ്ഞെടുത്തത് യഥാവിധം ഉപയോഗിച്ചാൽ ഉറപ്പായും നിങ്ങൾ പ്രതീക്ഷിക്കുന്ന ഗുണങ്ങൾ ലഭിക്കും. - സിറം ഉപയോഗത്തിനൊപ്പം ഒരു ടോണർ ആവശ്യമാണോ?
നിർബന്ധമില്ല. ടോണർ എന്നത് സിറം ഉപയോഗിക്കുന്നതിനായി ചർമ്മത്തെ തയ്യാറാക്കുകയാണ് ചെയ്യുന്നത്. ടോണർ ഉപയോഗിക്കാതെയും സിറം പുരട്ടാം. തെറ്റില്ല. എന്നാൽ ടോണർ ഉപയോഗിക്കുന്നുണ്ടെങ്കിൽ സിറത്തിലെ അതെ ചേരുവകൾ ടോണറിലും ഇല്ല എന്ന് ഉറപ്പ് വരുത്തുക. പകരം കുക്കുമ്പർ ടോണർ, റോസ് വാട്ടർ തുടങ്ങിയവയിൽ ഏതെങ്കിലും ഉപയോഗിക്കുക. - ഫേസ് സിറം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
എല്ലാ സിറവും നിങ്ങളുടെ ചർമ്മത്തിന് യോജിച്ചതല്ല. ആദ്യം നിങ്ങളുടെ ചർമ്മ പ്രശ്നം മനസിലാക്കുക. അതിനെ നേരിടാൻ സഹായിക്കുന്ന ചേരുവ ഏതാണെന്നും അത് അടങ്ങിയ സിറം ഏതാണെന്നും കണ്ടെത്തുക. അങ്ങനെയൊരു സിറം വാങ്ങിയാൽ ആദ്യം ഉപയോഗിക്കുന്നതിന് മുമ്പ് ചെവിയുടെ പിന്നിലോ കഴുത്തിലോ മറ്റോ പുരട്ടി ഒരു പാച്ച് ടെസ്റ്റ് ചെയ്ത് പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ മാത്രം പുരട്ടുക. ഇനി നിങ്ങളുടെ ചർമ്മത്തിന് യാതൊരു പ്രശ്നങ്ങളും ഇല്ലെങ്കിൽ സിറം ഉപയോഗിക്കണമെന്ന് ഒരു നിർബന്ധവും ഇല്ല. എല്ലാവരും ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങളും ഉപയോഗിക്കണം എന്ന ചിന്ത തന്നെ അനാവശ്യമാണ്.
ഫേസ് സിറവുമായി ബന്ധപ്പെട്ട് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ :1. സാലിസിലിക് ആസിഡ് സിറം പുരട്ടേണ്ടത് ഈ ചർമ്മ പ്രശ്നങ്ങൾ ഉള്ളവർ2. എല്ലാവർക്കും യോജിക്കില്ല, ഹൈലുറോണിക് ആസിഡ് ഉപയോഗിക്കേണ്ടത് ഇവർ മാത്രം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക