ഉത്സവപ്പറമ്പിന്റെ ഉച്ചസ്ഥായിലുള്ള ബഹളങ്ങള്‍ക്കിടയിലും വേറിട്ടു കേള്‍ക്കും, ഹൃദയത്തില്‍ ഉള്‍ക്കിടിലമുണ്ടാക്കുന്ന കടകടശബ്ദം. ആ ശബ്ദം തേടി മരപ്പലക കയറി പോകുന്നത് മരണക്കിണറിലേക്കാണ്. കാലിനടയിലെ പലകകളെയും കണ്ടുനില്ക്കുന്നവരെയും വിറപ്പിച്ചു ചീറിപ്പാഞ്ഞുവരുന്ന മോട്ടോര്‍ ബൈക്കുകള്‍ മരണക്കിണര്‍ ചുറ്റും. ഭൂഗുരുത്വാകര്‍ഷണത്തില്‍ നിന്ന് വിടുതൽ തേടിയാണോ ബൈക്കുകള്‍ മരണക്കിണറിന്റെ മുകള്‍ വരെയെത്തി കറങ്ങുന്നത്? ആകാംക്ഷയോടെ, ആരാധനയോടെ ബൈക്ക് ഓട്ടക്കാരുടെ അഭ്യാസങ്ങള്‍ ശ്വാസംപിടിച്ചിരുന്ന് കാണാത്തവരുണ്ടാകില്ല.
അധികമാളുകളും സര്‍ക്കസ്സുകളിലും സിനിമകളിലും മാത്രം കണ്ടുപരിചയിച്ച ഈ സാഹസിക ബൈക്ക് അഭ്യാസ പ്രകടനത്തിന്റെ പേരാണ് സ്റ്റണ്ട് ബൈക്കിങ്. റിപ്പബ്ലിക് ദിന പരേഡില്‍ സ്റ്റണ്ട് ബൈക്കര്‍മാരുടെ പ്രകടനം കണ്ണുചിമ്മാതെ നോക്കിയിരിക്കാം. നിയന്ത്രിത ചുറ്റുപാടില്‍ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് ചെയ്യുമ്പോള്‍പോലും നെഞ്ചിടിപ്പോടെയല്ലാതെ സ്റ്റണ്ട് ബൈക്കിങ് കണ്ടിരിക്കാന്‍ സാധിക്കില്ല. സാഹസികത കണ്ട് ഭ്രമിച്ച് ചെറുപ്പക്കാര്‍ സ്റ്റ്രീറ്റ് ബൈക്ക് ഫ്രീസ്റ്റൈല്‍ എന്ന ഈ മോട്ടോര്‍ സ്പോര്‍ട്ടിനെ പൊതുനിരത്തില്‍ ഇറക്കിയതോടെ കളി കാര്യമായി. ഇന്‍സ്റ്റഗ്രാമിലും യൂടൂബിലും ലൈക്ക് വാങ്ങിക്കൂട്ടാന്‍ ഹെല്‍മെറ്റില്ലാതെയും, മറ്റു സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെയും സ്റ്റണ്ട് ബൈക്കിങ്ങിന് ചെറുപ്പക്കാര്‍ ഇറങ്ങിത്തിരിച്ചു. ചിലര്‍ അപകടത്തില്‍പ്പെട്ടു, ചിലര്‍ക്ക് ജീവന് തന്നെ നഷ്ടമായി.
നടുറോഡിലിറങ്ങി സാഹസികതയുടെ പേരില്‍ ചെയ്യുന്നതെല്ലാം സ്റ്റണ്ട് ബൈക്കിങ് അല്ലെന്ന് പ്രൊഫഷണലുകള്‍ പറയുന്നു. അതെ, സ്റ്റണ്ട് ബൈക്കിങ് നിയമവിരുദ്ധമല്ലാത്ത രീതിയില്‍ പ്രത്യേക സര്‍ക്യൂട്ടുകളും മറ്റും തയ്യാറാക്കി ചെയ്യുന്ന പ്രൊഫഷണലുകള്‍ ഇന്ത്യയിലുണ്ട്. കൃത്യമായ പരിശീലനവും മികച്ച സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സ്പോര്‍ട്സായി സ്റ്റണ്ട് ബൈക്കിങ് ചെയ്യുന്നവര്‍. നടുറോഡിലിറങ്ങിയുള്ള സ്റ്റണ്ട് അവര്‍ അംഗീകരിക്കുന്നില്ല.
ആ സ്റ്റണ്ടല്ല, ഈ സ്റ്റണ്ട്
സ്റ്റണ്ട് ബൈക്കിങ് ഏറ്റവുമാദ്യം പ്രത്യക്ഷപ്പെട്ടത് സര്‍ക്കസ് കൂടാരത്തിലെ മരണക്കിണറില്‍ തന്നെയാകണം. അതിവേഗ ബൈക്കോട്ടമല്ല, സ്റ്റണ്ടിങ്. ബൈക്ക് ഓടിക്കൊണ്ടിരിക്കുമ്പോള്‍ അതിനുമുകളില്‍ കയറിനിന്നും വണ്ടിയുടെ മുന്‍വശം കുത്തിനിര്‍ത്തി പിന്‍ഭാഗം പൊക്കിയും പലതരം സാഹസിക പ്രകടനങ്ങള്‍ സ്റ്റണ്ടിങ്ങിലേര്പ്പെട്ടിരിക്കുന്നവര് ചെയ്യും. വീലീസ്, ബാര്‍ ട്രിക്സ്, സ്റ്റോപ്പീ, അക്രോബാറ്റിക്സ് എന്നിങ്ങനെ സ്റ്റണ്ട് ബൈക്കിങ്ങില്‍ ചെയ്യുന്ന സാഹസികതകള്‍ നിരവധി.
സ്റ്റണ്ട് ബൈക്കിങ്ങിന് ആരാണ് തുടക്കമിട്ടത് എന്ന് കൃത്യമായി അറിയില്ലെങ്കിലും ബൈസിക്കിള്‍ കണ്ടുപിടിച്ച കാലം മുതലേ അതുപയോഗിച്ചുള്ള സാഹസിക പ്രവൃത്തികളും തുടങ്ങിയിട്ടുണ്ട്. 1880-കളില്‍ ജീവിച്ചിരുന്ന ഡാനിയേല്‍ ജെ. കാരെയെ സ്റ്റണ്ട് ബൈക്കിങ്ങിന്റെ കാരണവരായി കാണാം. ബൈസിക്കിളുകള്‍ മാറി പിന്നീട് മോട്ടോര്‍ ബൈക്കുകള്‍ നിരത്തിലിറങ്ങിയതോടെ അഭ്യാസപ്രകടനത്തിന്റെ രീതിയും മാറി. അതിവേഗത്തില്‍ ഓടിച്ചുവന്ന് സഡന്‍ ബ്രേക്കിട്ട് ബൈക്കിന്റെ മുന്‍വശം കുത്തിനിര്‍ത്തി പിന്‍ഭാഗം പൊക്കുന്ന വീലീസ് പോലുള്ള അഭ്യാസങ്ങള്‍ സ്റ്റണ്ട് ബൈക്കിങ്ങിന് ആരാധകരെ നേടിക്കൊടുത്തു.
1990-കളില്‍ സ്റ്റണ്ട് ബൈക്കിങ് ചെയ്യുന്ന പല ഗ്രൂപ്പുകള്‍ സജ്ജീവമായി. സ്റ്റാര്ബോയ്സ് പോലുള്ള സ്റ്റണ്ട് റൈഡര്‍മാര്‍ അവരില്‍ പ്രമുഖരാണ്. പുതിയ സ്റ്റണ്ട് റൈഡര്‍മാര്‍ പുതിയ വിദ്യകളും കാണിച്ചുതുടങ്ങി. ബൈക്കുകളുടെ പരസ്യങ്ങളിലും മറ്റും സ്റ്റണ്ടിങ് പ്രത്യക്ഷപ്പെട്ടു തുടങ്ങി. എല്ലാ സുരക്ഷാമുന്നൊരുക്കങ്ങളും പാലിച്ച് സ്റ്റണ്ട് ചെയ്യുന്നവരുടെ ഗ്രൂപ്പുകളും ക്ലബ്ബുകളും ഇന്ത്യയിലുമുണ്ട്. ഇന്ത്യയില്‍ സ്റ്റണ്ടിങ് നിയമവിധേയമായ സ്പോര്‍ട്സ് അല്ലെങ്കിലും നിയമലംഘനങ്ങളില്ലാതെയാണ് ഈക്കൂട്ടര്‍ സ്റ്റണ്ടിങ് ചെയ്യുന്നത്.
അതേസമയം ആരാധനമൂത്ത് സ്വന്തം നിലയില്‍ സ്റ്റണ്ടിങ് ചെയ്യുന്നവരും കുറവല്ല. റോഡില്‍ ഇത്തരക്കാര്‍ കൂടിയതോടെ ശരിയായ സ്റ്റണ്ട് ബൈക്കിങ് നടത്തുന്നവര്‍ക്കും ചീത്തപ്പേരായി. വര്‍ഷങ്ങള്‍ക്കുമുമ്പ് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റില്‍ ഒരുക്കൂട്ടം ചെറുപ്പക്കാര്‍ ബൈക്കിലെത്തി നടത്തിയ സാഹസികത അതിരുവിട്ടതോടെ, നിയന്ത്രിക്കാന്‍ ഡല്‍ഹി പോലീസ് നടത്തിയ വെടിവെപ്പില്‍ പത്തൊമ്പതുകാരന് കൊല്ലപ്പെട്ടു. വലിയ ബഹളങ്ങള്‍ക്ക് വഴിവെച്ച ഈ സംഭവത്തിന് ശേഷം റോഡിലെ സാഹസിക പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിരോധനം വന്നു.
എന്നാല്‍, ഹെല്‍മെറ്റു പോലുമില്ലാതെ റോഡിലെ അതിവേഗ ബൈക്ക് ഓട്ടങ്ങള്‍ക്കും വണ്ടി നിര്‍ത്തിയും കറക്കിയുമുള്ള അഭ്യാസങ്ങള്‍ക്ക് ഒരു കുറവും വന്നിട്ടില്ല. ചെറുപ്പക്കാരും പ്രായപൂര്‍ത്തിയാകാത്തവരുമാണ് പ്രധാന ‘റൈഡര്‍മാര്‍’. സിനിമയിലും മറ്റും കാണുന്ന അതേ അടവുകള്‍ റോഡില്‍ പരീക്ഷിക്കാനിറങ്ങുന്നവരാണിവര്. ഇതിലെ അപകടങ്ങളെക്കുറിച്ച് ബോധവാന്മാരാണെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ കൂടുതല്‍ ലൈക്കിനുവേണ്ടി എന്ത് ‘റിസ്ക്കും’ എടുക്കുന്നവര്‍. ഇത്തരക്കാരെ സ്റ്റണ്ട് ബൈക്കര്മാരായി കാണരുതെന്ന് സ്റ്റണ്ട് ബൈക്കര്‍മാരുടെ സംഘടനകള്‍ പറയുന്നു. സ്റ്റണ്ട് ബൈക്കിങ്ങിനെ നിയമവിരുദ്ധമായ ബൈക്ക് ഓട്ടമായി സമൂഹം കാണാന്‍ ഇത്തരം സംഭവങ്ങള്‍ ഇടവരുമെന്ന് മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് ആശങ്കയുണ്ട്.
എക്സ്ഡിഎല് ചാമ്പ്യന്‍ഷിപ്പ് സീരീസുകള്‍ പോലുള്ള വലിയ വേദികള്‍ സ്റ്റണ്ട് ബൈക്കര്‍മാരെ തേടി ഇന്ത്യയിലെത്താറുണ്ട്. സ്റ്റണ്ട് ബൈക്കിങ് ഔദ്യോഗികമായി സ്പോര്‍ട്സ് ഇനമായി അംഗീകരിക്കപ്പെടാന്‍ ഒരുവിഭാഗം ശ്രമം നടത്തുമ്പോഴാണ് മറുഭാഗത്ത് ഇതിന്റെ പേരിലുള്ള നിയമലംഘനങ്ങളുടെ നീണ്ടനിര. സ്റ്റണ്ട് ബൈക്കിങ്ങിന്റെ പേരില്‍ നടത്തുന്ന നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാന്‍ മുംബൈ പോലീസ് സാമൂഹിക മാധ്യമങ്ങളും മറ്റും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. എഐ ക്യാമറയുടെ വരവോടെ കേരളത്തിലെ റോഡുകളിലും ബൈക്ക് അഭ്യാസങ്ങള്‍ കുറയുമെന്ന് പ്രതീക്ഷിക്കാം.