ഉപയോഗ യോഗ്യമല്ലെന്ന് പരിശോധനാഫലം
സ്പിരിറ്റ് അരിച്ചെടുക്കാന്‍ എക്സൈസിന്റെ നിര്‍ദ്ദേശം
പത്തനംതിട്ട: തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് അന്‍ഡ് കെമിക്കല്‍സില്‍ രണ്ടാഴ്ചയായി നിലച്ച ജവാന് മദ്യ ഉത്പാദനത്തില്‍ പുതിയ പ്രതിസന്ധി. ബ്ലെന്‍ഡ് ചെയ്ത് ടാങ്കില്‍ സൂക്ഷിച്ച 1.75 ലക്ഷം ലിറ്റര്‍ സ്പിരിറ്റില്‍ പൊടിപടലങ്ങള്‍ കണ്ടെത്തി. ഇതോടെ ഇത്രയധികം സ്പിരിറ്റ് ഉപയോഗ യോഗ്യമാക്കാന്‍ വീണ്ടും അരിച്ചെടുക്കാനാണ് എക്സൈസിന്റെ നിര്‍ദേശം.
സ്പിരിറ്റ് തിരിമറിയെ തുടര്‍ന്ന് ഇവിടെ മദ്യ നിര്‍മാണം നിലച്ചിട്ട് രണ്ട് ആഴ്ചയിലേറെയായിരുന്നു. മദ്യം കുപ്പികളില്‍ നിറയ്ക്കുന്നതിന് മുന്നോടിയായി നടത്തിയ കെമിക്കല്‍ പരിശോധനയിലാണ് സ്പിരിറ്റില്‍ പൊടിപടലങ്ങള്‍ കണ്ടെത്തിയത്. ഈ സ്പിരിറ്റ് മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലെന്നാണ് വ്യാഴാഴ്ച ലഭിച്ച പരിശോധന ഫലത്തില്‍ പറയുന്നത്.
ടാങ്കുകളില്‍ സൂക്ഷിച്ച ബ്ലെന്‍ഡ് ചെയ്ത സ്പിരിറ്റ് അരിച്ചെടുത്ത് വീണ്ടും പരിശോധനയ്ക്ക് അയക്കണം. ഇതിന്റെ ഫലം അനുകൂലമായാല്‍ മാത്രമേ മദ്യം കുപ്പികളില്‍ നിറയ്ക്കാനും പുതിയ മദ്യം ഉത്പാദിപ്പിക്കാനും അനുമതി നല്‍കുകയുള്ളുവെന്നാണ് എക്സൈസ് വകുപ്പ് വ്യക്തമാക്കുന്നത്.
അതേസമയം ആദ്യ പരിശോധ ഫലം പ്രതികൂലമായ ഘട്ടത്തില്‍ രണ്ടാമത് നടത്തിയ പരിശോധനയില്‍ അനുകൂല ഫലമാണ് ലഭിച്ചതെന്ന നിലപാടാണ് ബീവറേജ് കോര്പ്പറേഷന് സ്വീകരിച്ചത്. രണ്ട് തവണയായി ലഭിച്ച പരിശോധന ഫലം വ്യത്യസ്തമായതിനാല്‍ അനുകൂലമായ ഫലം മാത്രം മുഖവിലക്കെടുക്കാനാകില്ലെന്നും സ്പിരിറ്റ് വീണ്ടും അരിച്ചെടുത്ത് പരിശോധനയ്ക്ക് അയക്കണമെന്നുമുള്ള കര്‍ശന നിലപാടിലാണ് എക്സൈസ്.
content highlights: jawan liquor production in crisis