മസ്ക്കറ്റ് > ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ കേരളവിഭാഗം കുട്ടികൾക്കായി വേനൽ തുമ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു. രണ്ടാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം ലഭിക്കുക. ജൂലായ് 14, 15, 20 & 21 തീയതികളിലായി ദാർ സൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാകും ക്യാമ്പ് നടക്കുക.
കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന വിധത്തിൽ വിനോദ- വിജ്ഞാനപ്രദമായാണ് ക്യാമ്പിന്റെ കരിക്കുലം തയ്യാറാക്കിയിട്ടുള്ളത്. അവധിക്കാലത്തിന്റെ ഒറ്റപ്പെടലുകളിൽ നിന്ന് പുറത്ത് കടക്കുക, സാമൂഹ്യ ജീവിതത്തിൽ ഉയർത്തിപ്പിടിക്കേണ്ട ശീലങ്ങളും മൂല്യങ്ങളും സമീപനങ്ങളും സംബന്ധിച്ച ധാരണകൾ കുട്ടികളിൽ എത്തിക്കുക, വായന – എഴുത്ത് – ചിത്രം – നാടകം – സംഗീതം – സിനിമ തുടങ്ങിയ സർഗ്ഗാത്മക സാധ്യതകളെ ജീവിത നൈപുണീ വികാസത്തിനായ് പ്രയോജനപ്പെടുത്താനായി കുട്ടികളെ പരിശീലിപ്പിക്കുക തുടങ്ങിയവയാണ് ഈ വർഷത്തെ ക്യാമ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ.
കേരള വിഭാഗം നിലവിൽ വന്നതിനു ശേഷം കോവിഡ് കാലത്തൊഴികെ എല്ലാ വർഷങ്ങളിലും വളരെ വിപുലമായ രീതിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചു വരുന്നത്. ക്യാമ്പിന്റെ പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..