മനാമ> എന്‍എംസി ഹെല്‍ത്ത്കെയര്‍ സ്ഥാപകന്‍ ബിആര്‍ ഷെട്ടിക്കും മുന്‍ ചീഫ് എക്സിക്യൂട്ടീവിനും എതിരെ 400 കോടി ഡോളറിന്റെ വഞ്ചന ആരോപിച്ച് എന്‍എംസി കേസ് ഫയല്‍ ചെയ്തു. ഷെട്ടി, സിഇഒ ആയിരുന്ന പ്രശാന്ത് മങ്ങാട്, ബാങ്ക് ഓഫ് ബറോഡ എന്നിവര്‍ക്കെതിരെ യുകെയിലും അബുദാബിയിലും കേസ് നല്‍കിയതായി അല്‍വാരസ് ആന്‍ഡ് മാര്‍സല്‍ യൂറോപ്പിന്റെ മാനേജിംഗ് ഡയറക്ടറും എന്‍എംസി ഹെല്‍ത്ത് കെയറിന്റെ ജോയിന്റ് അഡ്മിനിസ്ട്രേറ്ററുമായ റിച്ചാര്‍ഡ് ഫ്ളെമിംഗ് പറഞ്ഞു.
എന്‍എംസി ഹെല്‍ത്ത് കെയറിലെ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ടാണ് കേസ്. എന്‍എംസിക്ക് മുമ്പ് വെളിപ്പെടുത്താത്ത കടങ്ങള്‍ 400 കോടി ഡോളറിലധികം ഉണ്ടെന്ന് കണ്ടെത്തിയതിന് ശേഷം കടക്കാര്‍ക്കുവേണ്ടി അഡ്മിനിസ്ട്രേറ്റര്‍മാര്‍ എന്ന നിലയില്‍ തങ്ങള്‍ ചെയ്ത പ്രവര്‍ത്തനത്തിലെ സുപ്രധാന നാഴികക്കല്ലാണിതെന്നും ഫ്ളെമിംഗ് പ്രദേശിക പത്രത്തോട് പറഞ്ഞു.
1975-ല്‍ ഷെട്ടി സ്ഥാപിച്ച എന്‍എംസി ഹെല്‍ത്ത് കെയര്‍ യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സേവന ദാതാക്കളായിരുന്നു. 2019 ഡിസംബറില്‍ പുറത്തുവന്ന അക്കൗണ്ടിംഗ് തട്ടിപ്പ് ആരോപണത്തോടെ കമ്പനി തകര്‍ന്നു. സ്വതന്ത്ര അന്വേഷണത്തില്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 440 കോടി ഡോളറിലധികം കടം കണ്ടെത്തി, ഇത് കമ്പനിയെ 2020 ഏപ്രിലില്‍ അ്ഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിന് കീഴിലാക്കി.
ബിആര്‍ ഷെട്ടിയുടെയും മുന്‍ സിഇഒ പ്രശാന്ത് മങ്ങാട്ട്, രണ്ട് യുഎഇ നിക്ഷേപകര്‍, കമ്പനിയിലെ മറ്റ് രണ്ട് എക്സിക്യൂട്ടീവുകള്‍ എന്നിവരുടെ ആസ്തികളും മരവിപ്പിക്കാന്‍ 2021 ഫെബ്രുവരി 15ന് ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിരുന്നു.
ഗുരുതരമായ തട്ടിപ്പ് ആരോപിച്ച് 2020 ഏപ്രില്‍ 15 ന് അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് ഇവര്‍ക്കെതിരെ നല്കിയ ക്രിമിനല്‍ പരാതിയെ തുടര്‍ന്നായിരുന്നു കോടതി നടപടി. കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയാണ് ഷെട്ടി. ഷെട്ടിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന യുഎഇ എക്സ്ചേഞ്ച് 2020 മാര്‍ച്ചില്‍ അടച്ചുപൂട്ടിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..