എല്ലാവിഭാഗത്തിനും സന്തോഷിക്കാവുന്നതാണ് തീരുമാനം
പരാതികളെല്ലാം പരിഹരിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: മുസ്ലിം വിഭാഗത്തിനുള്ള സ്കോളര്‍ഷിപ്പില്‍ ഒരുകുറവും വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ എല്ലാവരേയും ഒരുപോലെ പരിഗണിച്ച് ജനസംഖ്യാടിസ്ഥാനില്‍ സ്കോളര്‍ഷിപ്പ് നല്‍കണമെന്ന കോടതി നിര്‍ദേശം മാനിച്ചാണ് സര്‍ക്കാര്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം നിശ്ചയിച്ചത്. എല്ലാവിഭാഗത്തിനും സന്തോഷിക്കാവുന്നതാണ് സര്‍ക്കാര്‍ തീരുമാനം. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന് അടക്കം ആദ്യം സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യാന്‍ തോന്നിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലീഗിന്റെ സമ്മര്‍ദ്ദത്താല്‍ പ്രതിപക്ഷ നേതാവ് നിലപാട് മാറ്റിയത് ശരിയായ കാര്യമല്ല. സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് അനുപാതം മാറ്റിയത് ആര്‍ക്കും കുറവ് വരാത്ത വിധമാണ്. ഇതില്‍ ആര്‍ക്കും യാതൊരു ആശങ്കയും വേണ്ട. ഒരുകുറവും വരില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. പറഞ്ഞത് മാറ്റിപറയുന്നവരല്ല, പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇരിക്കുന്നവരാണ് ഞങ്ങളെന്നും സ്കോളര്‍ഷിപ്പ് വിവാദത്തിലെ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്കി.
ഒരു വിഭാഗത്തിന് കിട്ടുന്ന സ്കോളര്‍ഷിപ്പില്‍ കുറവുവരുത്താതെ മറ്റൊരു വിഭാഗത്തിന് അര്‍ഹതപ്പെട്ടത് കൊടുക്കുന്നതിന് എന്തിനാണ് മറ്റു ന്യായങ്ങള്‍ പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. നിലവില്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം ജനസംഖ്യാടിസ്ഥാനത്തിലാക്കിയതോടെ നേരത്തെ ഇക്കാര്യത്തില്‍ പ്രശ്നങ്ങള്‍ ഉന്നയിച്ചവരുടെ പരാതികളെല്ലാം പരിഹരിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
content highlights: cm pinarayi vijayan against vd satheesan, minority scholarship controversy