മനാമ> സ്വീഡനിൽ ഖുർ ആൻ പകർപ്പുകൾക്കുനേരെ ആവർത്തിക്കുന്ന ആക്രമണങ്ങളിലും നിന്ദിക്കലിലും പ്രതിഷേധിച്ച് സ്വീഡിഷ് എംബസിയിലെ ചാർജ് ഡി അഫയേഴ്സിനെ യുഎഇ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. ഔദ്യോഗിക പ്രതിഷേധ കുറിപ്പ് നയന്ത്ര പ്രതിനിധിക്ക് കൈമാറിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ വാം അറിയിച്ചു.
ഈ പ്രവൃത്തികൾ തുടർന്നും അനുവദിക്കാനുള്ള സ്വീഡിഷ് സർക്കാരിന്റെ തീരുമാനത്തെ യുഎഇ ശക്തമായി അപലപിച്ചു. ഇത്തരം ഹീനമായ പ്രവൃത്തികൾക്ക് ന്യായീകരണമായി ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗിക്കുന്നത് നിരസിക്കുന്നതായും മന്ത്രാലയം അറിയിച്ചു. സ്വീഡൻ തങ്ങളുടെ അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങൾ അവഗണിച്ചുവെന്നും ഇക്കാര്യത്തിൽ സാമൂഹിക മൂല്യങ്ങളോടുള്ള ബഹുമാനക്കുറവ് പ്രകടമാക്കിയെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി.
ഇത് അനുവദിക്കുന്നത് മതങ്ങൾക്കും മതചിഹ്നങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ തടയുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമാണെന്നും വിദ്വേഷ പ്രസംഗവും തീവ്രവാദവും ലോകമെമ്പാടും സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിനും വർധിപ്പിക്കാനും ആവർത്തിക്കാനും കാരണമാകുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
സമാധാനത്തെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന വിദ്വേഷ പ്രസംഗങ്ങളും വംശീയതയുടെ പ്രകടനങ്ങളും നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം വ്യക്തമാക്കി. മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളും യുഎഇ നിരസിക്കുന്നതായി മന്ത്രാലയം അടിവരയിട്ടു. ജനങ്ങൾക്കിടയിൽ സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം എന്നിവയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് വിരുദ്ധമാണ് വിദ്വേഷ പ്രസംഗവും തീവ്രവാദവും എന്ന് മന്ത്രാലയം ആവർത്തിച്ചു.
സഹിഷ്ണുതയുടെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും സാർവത്രിക തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയത്ത് മതചിഹ്നങ്ങളെ ബഹുമാനിക്കുകയും പ്രകോപനങ്ങളും ധ്രുവീകരണവും ഒഴിവാക്കേണ്ടതും അനിവാര്യമാണ്. സ്ഥിരതയും സുസ്ഥിര വികസനവും കൈവരിക്കുന്നതിന് ഈ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..