ലോക സിനിമാ പ്രേക്ഷകർ കാത്തിരുന്ന രണ്ട് സിനിമകൾ ഒരേ ദിവസം പ്രേക്ഷകരിലേക്ക് എത്തി. ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറും ഗ്രേറ്റ ഗെർവിഗിന്റെ ‘ബാർബി’ യും. ആറ്റം ബോംബിന്റെ പിതാവ് ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിത കഥയാണ് വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ. അതിനൊപ്പം മത്സരിച്ചെത്തിയത് ഏഴ് പതിറ്റാണ്ടായി ലോക കളിപ്പാട്ട വിപണി വാഴുന്ന ബാർബിയും. ഹോളിവുഡിൽ നിന്നുള്ള രണ്ട് പ്രധാന സിനിമകൾ എന്നതിനപ്പുറം അതിനൊരു രാഷ്ട്രീയ വശം കൂടിയുണ്ട്. രണ്ട് വമ്പൻ ഹോളിവുഡ് പടങ്ങളുടെ ക്ലാഷ് റിലീസ് എന്നതിനപ്പുറം അമേരിക്കയും മിക്കപ്പോഴും അവരുടെ പ്രൊപഗണ്ട പേറുന്ന ഹോളിവുഡും ഒരു ചരിത്ര തിരുത്തിന്റെ സാധ്യത എങ്ങനെ ഉപയോഗിച്ചുവെന്നതാണ് പ്രധാനം.
ജപ്പാനിൽ സർവനാശം വിതച്ച അണുബോംബിന്റെ സ്രഷ്ടാവിനെക്കുറിച്ചുള്ള സിനിമ എങ്ങനെയാണ് നോളൻ അവതരിപ്പിക്കുക എന്നതായിരുന്നു ഓപ്പൺഹൈമറിലെ ആകാംക്ഷയും ചോദ്യവും. 1945ൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷിച്ചപ്പോൾ സന്തോഷം പ്രകടിപ്പിച്ച ഓപ്പൺഹൈമറുണ്ട്. ബോംബിട്ട് ജപ്പാൻ നഗരങ്ങളെ ചാരമാക്കിയപ്പോൾ ഓപ്പൺഹൈമറുടെ ഏക ദുഃഖം ജർമനിയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ല എന്നതായിരുന്നു. എന്നാൽ പിന്നീട് തന്റെ പ്രവൃത്തിയിലെ തെറ്റ് തിരിച്ചറിഞ്ഞ് ‘എന്റെ കൈയ്യിൽ രക്തമുണ്ട്’ എന്ന് പറഞ്ഞ ഓപ്പൺഹൈമറുമുണ്ട്. എന്നാൽ ഈ കാലമത്രയും മനുഷ്യരാശിയെ നശിപ്പിക്കാനുള്ള കണ്ടുപിടിത്തമായ അണുബോംബിന്റെ ഉപയോഗത്തെ അമേരിക്ക തള്ളിപ്പറഞ്ഞിട്ടില്ല. അതിനാൽ തന്നെ അമേരിക്കൻ ഭരണകൂട രാഷ്ട്രീയത്തോട് നോളന്റെ നിലപാട് എന്തായിരിക്കുമെന്നത് കൂടിയാണ് സിനിമയിൽ ഉറ്റുനോക്കിയിരുന്നത്. എന്നാൽ ഓപ്പൺഹൈമറുടെ ജീവിതത്തെ മാത്രം ആസ്പദമാക്കി അയാളുടെ വൈകാരിക തലത്തിൽ കൂടുതൽ ശ്രദ്ധയൂന്നിയുള്ള സിനിമ ഒരുക്കാനാണ് നോളൻ ശ്രമിച്ചത്. ഹോളിവുഡിൽ നിന്ന് അമേരിക്കയുടെ സർവനാശ രാഷ്ട്രീയത്തോട് നിങ്ങൾ ചെയ്തത് തെറ്റാണെന്ന് പറയാനുള്ള അവസരത്തെ സിനിമാറ്റിക്ക് അനുഭൂതി മാത്രം സൃഷ്ടിച്ച് മറികടക്കുകയെന്ന ഗിമ്മിക്കാണ് ക്രിസ്റ്റഫർ നോളൻ ചെയ്തത്.
ഇവിടെയാണ് ഗ്രേറ്റ ഗെർവിഗ് എന്ന സംവിധായകയുടെ രാഷ്ട്രീയ ബോധ്യം ഉയർന്ന് നിൽക്കുന്നത്. സ്ത്രീ ശരീരങ്ങളെക്കുറിച്ച് വംശീയമായ ചിന്ത കുട്ടികളിൽ കുത്തിവച്ചതിൽ വലിയ പങ്കാണ് ബാർബി പാവകൾക്കുള്ളത്. പിങ്ക് ഈസ് ഫോർ ഗേൾസ് എന്ന നിറത്തിന്റെ കോഡിങ് സൃഷ്ടിക്കപ്പെട്ടതിൽ വലിയ പങ്ക് ബാർബിയ്ക്കുണ്ട്. പെൺശരീരം ഇങ്ങനെയായിരിക്കണം എന്ന ടെംപ്ലേറ്റ് നിർമിച്ചെടുത്തിൽ തുടങ്ങി ലിംഗ വാർപ്പ് മാതൃകയിലേക്കും ഈ പാവയും അവരുടെ ഫ്രാഞ്ചയിസിയും ലോകത്തിനെ വഴിതെറ്റിച്ചു. നല്ല പെൺകുട്ടിയെന്നാൽ കാഴ്ചയിൽ ബാർബിയെ പോലെയാകുക എന്നത് കുട്ടികളിൽ സൃഷ്ടിച്ച അപകർഷതാബോധവും അതിനായുള്ള പരിശ്രമങ്ങൾ അവരിലുണ്ടാക്കിയ അസുഖങ്ങളുമെല്ലാം അനവധിയാണ്. ഇതിനെതിരെ വലിയ വിമർശങ്ങൾ പതിറ്റാണ്ടുകളായി ഉയർന്നുവെങ്കിലും പടർന്ന് പന്തലിച്ച വ്യവസായ സാമ്രാജ്യത്വത്തിനു മുന്നിൽ അവയൊന്നും വിലപ്പോയില്ല. എന്നാൽ കാലാന്തരം വിമർശങ്ങൾക്കും എതിർപ്പുകൾക്കും കുത്തകക്കമ്പനിയായ മാറ്റൽ കീഴടങ്ങി. ബാർബിയുടെ നിറത്തിലും വംശത്തിലുമെല്ലാം വെളുപ്പിനൊപ്പം മറ്റുള്ളവയും ഇടം പടിച്ചു. ഈ തിരുത്തലിനൊപ്പം നിന്നാണ് സംവിധായിക ഗ്രേറ്റ സിനിമ ഒരുക്കിയത്.
ബാർബി, ബാർബി ലാൻഡ് എന്ന സ്വപ്ന ലോകത്ത് നിന്ന് നാട്ടിലെത്തുന്നതും തുടർ സംഭവ വികാസങ്ങളുമാണ് സിനിമ. അവിടെ കണ്ട് മുട്ടുന്ന പുതു തലമുറയുടെ പ്രതിനിധിയായ പെൺകുട്ടി ബാർബിയെ വിളിക്കുന്നത് ഫാസിസ്റ്റ് എന്നാണ്. നിങ്ങൾ ഞങ്ങളുടെ ജീവിത രീതിയെ, സംസ്കാരത്തെയെല്ലാം നശിപ്പിച്ചു, വിവേചനങ്ങൾ സൃഷ്ടിച്ചുവെന്നാണ് ഇതിന്റെ കാരണമായി പറയുന്നത്. ഫെമിനിസത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു. സ്ത്രീയെ കമ്പോള വസ്തുമായി കണ്ടു എന്നെല്ലാം ഈ പെൺകുട്ടികൾ പറയുന്നു. ഗ്രേറ്റ സംവിധാനം ചെയ്യുന്നു എന്നതിൽ നിന്ന് ഉയർന്ന രാഷ്ട്രീയ പ്രത്യാശയം ശരിവയ്ക്കുന്നതാണ് സിനിമ. ഫെമിനിസ്റ്റായ തന്റെ അമ്മയെക്കുറിച്ച് സംസാരിക്കുന്ന ഗ്രേറ്റ, സിനിമ ബാർബി പാവകളിലും സിനിമയിലുമെല്ലാം നിറഞ്ഞ് നിൽക്കുന്ന പിങ്ക് വംശീയതയെ വിമർശനപരമായി കൂടി പരിശോധിക്കുന്നു എന്നതിലാണ് ബാർബിയുടെ രാഷ്ട്രീയം. സ്ത്രീവിവേചനങ്ങളുടെ ചരിത്രം സൃഷ്ടിച്ച ബാർബിയുടെ വംശീയതയെ തന്റെ ബോധ്യങ്ങളിലൂടെ മാറ്റിയെഴുതി എന്നതിലാണ് ക്രിസ്റ്റഫർ നോളന് മുകളിൽ ഗ്രേറ്റയെന്ന സംവിധായക ഉയർന്ന് നിൽക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..