ഏഴുവർഷമായി ജോൺ ആന്റണി എന്ന സംവിധായകൻ കാമറയുടെ പിന്നിൽനിന്ന് ഇടവേളയെടുത്തിട്ട്. മലയാളിയെ മനംനിറഞ്ഞ് ചിരിപ്പിച്ച സംവിധായകൻ ഈ ഇടവേളയിൽ അഭിനേതാവായി നിറഞ്ഞുനിൽക്കുകയാണ്. 30ൽ അധികം സിനിമയിൽ കഥാപാത്രമായി. പുതിയ ചിത്രം കൊറോണ ധവാൻ ഉടൻ തിയറ്ററിൽ എത്തുകയാണ്. സി സി സംവിധാനംചെയ്ത ചിത്രത്തിൽ ലുക്മാനും ശ്രീനാഥ് ഭാസിയുമാണ് പ്രധാന കഥാപാത്രങ്ങൾ. ഒപ്പം മലയാളി കാത്തിരിക്കുന്ന സിഐഡി മൂസയുടെ രണ്ടാം ഭാഗത്തിന്റെ ആലോചനയിലേക്കും കടന്നു. സംവിധായകനും നടനുമായ ജോണി ആന്റണി സംസാരിക്കുന്നു:
കോവിഡുകാല പടം
കോവിഡുകാലമാണ് സിനിമയുടെ പശ്ചാത്തലം. ആ സമയത്ത് മദ്യം കിട്ടാതെയിരിക്കുന്നതും അതുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളുമാണ് സിനിമ. എക്സൈസ് വകുപ്പിന് ജോലി കൂടുതലുണ്ടായിരുന്ന സമയമാണ്. അങ്ങനെയൊരു എക്സൈസ് ഇൻസ്പെക്ടറെയാണ് അവതരിപ്പിക്കുന്നത്. കരിക്ക് സത്യ എന്നാണ് കഥാപാത്രത്തിന്റെ പേര്. പേര് വന്നതിനുപിന്നിൽ ഒരു കഥയുണ്ട്. അത് സിനിമ കാണുമ്പോൾ മനസ്സിലാകും. ഗൗരവക്കാരനായ ഉദ്യോഗസ്ഥനാണ്. വീരനാണെന്ന് സ്വയംവിശ്വസിക്കുന്ന ഒരാൾ. നീതിമാനായ ആളുമാണ്. എന്റെ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള അജീഷ് കൊറോണ ധവാന്റെ എഡിറ്ററാണ്. അജീഷ് വഴിയാണ് ഈ സിനിമയിലേക്ക് എത്തുന്നത്. സിനിമയുടെ പേര് ആദ്യം കൊറോണ ജവാൻ എന്നായിരുന്നു. അതിൽ സെൻസർ ബോർഡ് എതിർപ്പ് ഉന്നയിച്ചതിനെ തുടർന്നാണ് നാട്ടിലെ നിയമങ്ങൾക്കു വിധേയമായി കൊറോണ ധവാൻ എന്ന് പേരുമാറ്റിയത്. പേര് മാത്രമാണ് സെൻസർ ബോർഡിന് സ്വീകാര്യമല്ലാതെ ഇരുന്നത്. എല്ലാവർക്കും ഒരുമിച്ചിരുന്ന് ആസ്വദിച്ചു കാണാൻ കഴിയുന്ന സിനിമ തന്നെയാണ് കൊറോണ ധവാൻ.
സിനിമയിൽ ഉണ്ടാകുക എന്നതാണ് കാര്യം
സംവിധാന സഹായിയായി പ്രവർത്തിക്കുമ്പോഴും സംവിധാനം ചെയ്യുമ്പോഴും ഒരുപാട് പ്രഗത്ഭരെ വച്ച് സിനിമ ചെയ്തിട്ടുണ്ട്. തമാശ നന്നായി ചെയ്യുന്ന ഇതിഹാസങ്ങളായ നടന്മാരെയും താരങ്ങളെയും വച്ച് സിനിമ ചെയ്യാനായി. വളരെ മികച്ച എഴുത്തുകാരും ഉണ്ടായിരുന്നു. അവരിൽനിന്നെല്ലാം ഒരുപാട് പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. അങ്ങനെയെല്ലാം ലഭിച്ച അനുഭവങ്ങൾ അഭിനയിക്കുമ്പോൾ ഉപയോഗിക്കാറുണ്ട്. സംവിധായകരോട് ഒരു കലാകാരൻ എന്നനിലയിൽ ചില നിർദേശങ്ങളൊക്കെ പറയും. സിഐഡി മൂസയൊക്കെ ചെയ്ത സംവിധായകൻ എന്നനിലയിൽ എല്ലാവർക്കും എന്നോട് സ്നേഹവും ഇഷ്ടവുമാണ്. സംവിധാനം ചെയ്യാൻ ഒരു വർഷമൊക്കെ വേണം. അഭിനയം തുടങ്ങിയശേഷം അതിനുള്ള സാഹചര്യമുണ്ടായിട്ടില്ല. അങ്ങനെ സംവിധായകനായിത്തന്നെ നിൽക്കണമെന്ന് നിർബന്ധമൊന്നുമില്ല. സിനിമയിൽ ഉണ്ടാകുക എന്നതാണ് കാര്യം.
തമാശ ആവർത്തിക്കാനാകില്ല
ഒരു തമാശ ഒരു തവണയേ കാണിക്കാൻ കഴിയൂ. പിന്നെ പുതിയത് വരണം. പണ്ട് സിനിമ, നാടകം, റേഡിയോ എന്നിവിടയൊക്കെ മാത്രമാണ് തമാശ കേട്ടിരുന്നത്. ഇന്ന് സമൂഹമാധ്യമങ്ങൾ സജീവമാണ്. ഒന്നിലും വരാത്തതു വേണം സിനിമയിൽ കോമഡിയായി അവതരിപ്പിക്കാൻ. പണ്ട് പൂച്ചയ്ക്കൊരു മൂക്കുത്തി, തെങ്കാശിപ്പട്ടണം, സിദ്ധിഖ്–- ലാൽ ചിത്രങ്ങൾ എന്നിങ്ങനെ ഒരുപാട് സിനിമയുണ്ടായിരുന്നു. പണ്ട് വാക്കുകൾ, സാഹചര്യം, ശരീരഭാഷ ഉപയോഗിച്ചും ഇങ്ങനെ പലതരത്തിൽ തമാശ ഉണ്ടാക്കിയിരുന്നു. ഇന്ന് കൂടുതലും പറച്ചിലായി. പഴയപോലെ എഴുത്തിൽ അത്രയും ക്രാഫ്റ്റുള്ളവർ ഇന്നില്ല. ഇന്ന് സിനിമയിൽ അതിനാൽത്തന്നെ തമാശയ്ക്ക് ദാരിദ്ര്യവുമുണ്ട്.
സിഐഡി മൂസ 2 വരും
സിഐഡി മൂസയ്ക്കുശേഷം ദിലീപ് അടക്കം എല്ലാവരും തിരക്കിലായി. ആ സമയത്ത് രണ്ടാം ഭാഗം നടന്നില്ല. പിന്നെ ഉദയകൃഷ്ണയും സിബി കെ തോമസും സ്വന്തമായി സിനിമ ചെയ്യാൻ തുടങ്ങി. സിഐഡി മൂസ ഇറങ്ങിയിട്ട് 20 വർഷമെന്ന നാഴികക്കല്ല് പിന്നിട്ടു. ഇപ്പോഴും ആളുകൾ രണ്ടാം ഭാഗത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. സിഐഡി മൂസയുടെ രണ്ടാം ഭാഗം എന്തായാലും വരും. ആദ്യ ഭാഗത്തോട് നീതി പുലർത്തിക്കൊണ്ടു മാത്രമേ അത് ചെയ്യാനാകൂ. അത്ര നിസ്സാരമായി എടുക്കാൻ പറ്റുന്ന സിനിമയല്ല. നല്ല മുന്നൊരുക്കം ആവശ്യമാണ്. അതിന് ആദ്യം തിരക്കഥ വേണം. ഉദയകൃഷ്ണയും സിബി കെ തോമസും ഒന്നിക്കണം. മികച്ച സിനിമയായി മാത്രമേ രണ്ടാം ഭാഗം വരു.
മമ്മൂട്ടിപ്പടം
തോപ്പിൽ ജോപ്പൻ കഴിഞ്ഞപ്പോൾത്തന്നെ ഒരുമിച്ച് സിനിമ ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞിരുന്നു. അന്ന് ഞാൻ അഭിനയത്തിലേക്ക് തിരിഞ്ഞപ്പോൾ അതിനു കഴിഞ്ഞില്ല. എന്നാൽ, മമ്മൂക്കയെവച്ച് ഒരു സിനിമാ പരിപാടി ആലോചനയിലുണ്ട്. വളരെ ലളിതമായ, എനിക്ക് കാണാൻ ഇഷ്ടമുള്ള ഒരു മമ്മൂക്കയുണ്ട്. അത്തരമൊരു മമ്മൂട്ടി സിനിമയാണ് ചെയ്യാൻ ആലോചിക്കുന്നത്. തമാശയ്ക്ക് പ്രാധാന്യം നൽകിയിട്ടുള്ള സിനിമ തന്നെയായിരിക്കും. പാട്ടും തമാശയും അടിയും ഇടിയുമൊക്കെയുള്ള ഒരു മാസ് മസാലപ്പടം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..