1970ൽ തന്റെ ഇരുപതാം വയസിലാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ ആദ്യമായി മത്സരിക്കുന്നത്. അന്ന് ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റിൽ 7128 വോട്ടുകൾക്കായിരുന്നു വിജയം. പിന്നീട് ഭൂരിപക്ഷം മൂന്നിരട്ടിവരെ വർധിപ്പിച്ചാണ് ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളി നിയമസഭയിലേക്ക് അയച്ചത്. പിന്നീട് രണ്ട് തവണ മാത്രമാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെയെത്തിയത്. 1987 ൽ വിഎൻ വാസവനെതിരേ 9164 , 2021ൽ ജെയ്ക് സി തോമസിനെതിരെ 9044 എന്നിവ.
Also Read : പരസ്യത്തിന് പണം മുടക്കിയ രാജസ്ഥാൻ സർക്കാരിന് നന്ദി; തൊഴിലുറപ്പ് പദ്ധതിയും പെൻഷനും താരതമ്യം ചെയ്ത് എംബി രാജേഷ്
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയ്ക്ക് ശക്തമായ വെല്ലുവിളിയായിരുന്നു ജെയ്ക് സി തോമസ് ഉയർത്തിയത്. 2011ൽ ഉമ്മൻ ചാണ്ടിയ്ക്ക് 33,255 വോട്ടുകളുടെ വരെ ഭൂരിപക്ഷം ലഭിച്ചിരുന്ന മണ്ഡലത്തിലാണ് ജെയ്ക് കഴിഞ്ഞതവണ മികച്ച പ്രകടനം നടത്തിയത്. അതുകൊണ്ട് തന്നെ ജെയ്ക്കിനെ സിപിഎം വീണ്ടും രംഗത്തിറക്കിയാൽ അത്ഭുതപ്പെടാനൊന്നുമില്ല. ജെയ്ക്കിന് പുറമെ മുൻപ് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചിട്ടുള്ള റജി സഖറിയുടെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്.
പുതുപ്പള്ളി നിയോജക മണ്ഡലത്തിൽപ്പെടുന്ന എട്ട് പഞ്ചായത്തുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇപ്പോള്‍ യുഡിഎഫ് ഭരിക്കുന്നത്. ആറ് പഞ്ചായത്ത് എല്‍ഡിഎഫിനൊപ്പം ആണ്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോയെന്നാണ് ഇടത് അനുകൂലികൾ ഉറ്റുനോക്കുന്നത്. വാകത്താനം, പുതുപ്പള്ളി, പാമ്പാടി, മണര്‍ക്കാട്, കൂരോപ്പട, അകലകുന്നം പഞ്ചായത്തുകളില്‍ എല്‍ഡിഎഫും അയര്‍ക്കുന്നം, മീനടം പഞ്ചായത്തില്‍ യുഡിഎഫുമാണ് ഭരണത്തില്‍.
Also Read : ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും; 6 ജില്ലകളിൽ ശക്തമായ മഴ തുടരും, യെല്ലോ അലേർട്ട്
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെത്തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാൽ തന്നെ സഹതാപ തരംഗവും വോട്ടായി മാറുമെന്നതിൽ സംശയമില്ല. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു വൈകാതെ കടക്കുമെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഏതു ഘട്ടത്തിലും സി പിഎം തെരഞ്ഞെടുപ്പിനു തയാറാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജനും വ്യക്തമാക്കി കഴിഞ്ഞു.