എപ്പോഴും മറ്റുള്ളവർക്ക് വേണ്ടി സമയം ചിലവഴിക്കാൻ പലർക്കും വളരെയധികം ഉത്സാഹമാണ്. എന്നാൽ സ്വന്തം കാര്യത്തിൽ ഒരല്പം ശ്രദ്ധ നൽകേണ്ടത് ഏറെ പ്രധാനമാണെന്നത് അവർ മറന്ന് പോകാറുമുണ്ട്. സ്വയം ആത്മവിശ്വാസം കൂട്ടാൻ പോലും ഈ സെൽഫ് കെയർ വളരെ അത്യാവശ്യമാണ്. മറ്റുള്ളവർക്ക് ഉപദേശം നൽകി അവരുടെ പ്രശ്നങ്ങളെ പരിഹരിക്കുന്നവർ ഇതേ പ്രശ്നം സ്വന്തം ജീവിതത്തിൽ വരുമ്പോൾ പകച്ച് പോകാറുണ്ട്. ഇത് മാറ്റാൻ ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ സാധിക്കും.
-
സമയം കണ്ടെത്തുക
സ്വന്തമായി കുറച്ച് സമയം കണ്ടെത്താൻ ശ്രമിക്കുക. ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ വേണ്ടി ഈ സമയം വിനിയോഗിക്കുക. പുസ്തകം വായിക്കുക, വരയ്ക്കുക അല്ലെങ്കിൽ അൽപ്പ സമയം വെറുതെ ഇരിക്കുന്നത് പോലും സ്വന്തം മനസിനെ സന്തോഷിപ്പിക്കാൻ സഹായിക്കും.
-
മെഡിറ്റേഷൻ
മനസിനെ ശാന്തമാക്കാൻ ശ്രമിക്കുന്ന മെഡിറ്റേഷനുകൾ ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. മാനസിക സമ്മർദ്ദം കുറയ്ക്കാനും അതുപോലെ ഏകാഗ്രത കൂട്ടാനുമൊക്കെ ഇത് ഏറെ നല്ലതാണ്. യോഗ പോലെയുള്ള നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു രീതി മെഡിറ്റേഷൻ തിരഞ്ഞെടുക്കുക.
-
വ്യായാമം
ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് വ്യായാമം നൽകുന്നത്. മാനസിക സമ്മർദ്ദം കുറയ്ക്കാനും അതുപോലെ മനസിനെ സന്തോഷിപ്പിക്കാനും വ്യായാമത്തിന് കഴിയും. വീട്ടുകാർക്കൊപ്പമോ അല്ലെങ്കിൽ കൂട്ടുകാർക്കൊപ്പമോ വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുന്നത് ഏറെ നല്ലതാണ്.
-
പോഷകാഹാരം
നല്ല ഭക്ഷണം കഴിക്കുന്നത് മനസിനും അതുപോലെ ശരീരത്തിനും ഏറെ നല്ലതാണ്. പഴങ്ങളും പച്ചക്കറികളുമൊക്കെ ഉൾപ്പെടുത്തിയ ഒരു സമീകൃതാഹാരം കഴിക്കാൻ എപ്പോഴും ശ്രമിക്കണം. ശീതള പാനീയങ്ങളും പ്രോസ്സസ്ഡ് ഫുഡ്സും ഒഴിവാക്കാൻ ശ്രമിക്കുക.
-
നല്ല ഉറക്കം
എല്ലാ ദിവസവും പതിവായി കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് തന്നെ ഫോണും ലാപ്ടോപ്പുമൊക്കെ മാറ്റി വയ്ക്കാൻ ശ്രമിക്കേണ്ടതും ഏറെ പ്രധാനമാണ്. ഇത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.
-
പ്രകൃതിയുമായി ചിലവഴിക്കാം
തിരക്കിട്ട ജീവിതത്തിനിടയിൽ അൽപ്പ സമയം പ്രകൃതിയുമായി ചിലവഴിക്കാൻ ലഭിക്കുന്നത് ഏറെ നല്ലതാണ്. പാർക്ക് പോയി അൽപ്പ സമയം ഇരിക്കുന്നതോ അല്ലെങ്കിൽ ഏതെങ്കിലും പ്രകൃതിരമണീയമായ സ്ഥലങ്ങളിലേക്ക് ചെറിയ യാത്ര പോകുന്നതൊക്കെ ഇതിന് സഹായിക്കും.