പെട്രോള്‍-പാചകവാതക വിലര്‍ധനയിലും നികുതികൊള്ളയ്ക്കുമെതിരെ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നടന്ന സൈക്കിള്‍ ചവിട്ടിയുള്ള പ്രതിഷേധ യാത്ര ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ പ്രതിഷേധത്തിനിടെ ഷാഫി സഹപ്രവര്‍ത്തകരോട് പറഞ്ഞ തമാശ സാമൂഹിക മാധ്യമങ്ങളിലിപ്പോള്‍ ട്രോളായി നിറഞ്ഞ് നില്‍ക്കുകയാണ്.
സൈക്കില്‍ ചവിട്ടി ക്ഷീണിച്ച ഷാഫി ‘ഞാന്‍ അപ്പൊഴേ പറഞ്ഞതാണ് പദയാത്ര മതിയെന്ന്’ തന്റെ പിന്നിലുള്ള സഹപ്രവര്‍ത്തകനോട് പറഞ്ഞതാണ് ട്രോളായത്. ഈ സമയം പ്രതിഷേധ പരിപാടിയുടെ ഫേസ്ബുക്ക് ലൈവ് പോകുന്നുണ്ടായിരുന്നു. ലൈവ് എടുത്തിരുന്നയാള്‍ ഷാഫിയോട് ‘ലൈവ് ലൈവ്’ എന്ന് പറഞ്ഞപ്പോഴാണ് തനിക്ക് അബദ്ധം പറ്റിയെന്ന് മനസ്സിലാക്കുന്നത്. തുടര്‍ന്ന് ലൈവ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുമുണ്ട്. എന്നാല്‍ വീഡിയോ ഡീലീറ്റായപ്പോഴേക്കും വീഡിയോ എത്തേണ്ടിടത്ത് എത്തിയിരുന്നു.
വോട്ടിന് വേണ്ടിയുള്ള നാടകമെന്ന് പറഞ്ഞാണ് സാമൂഹിക മാധ്യമങ്ങളിലെ ഇടത് ഹാന്‍ഡിലുകള്‍ ഷാഫിയെ ട്രോളുന്നത്. എന്നാല്‍ സൈക്കിള്‍ റാലിയാണെങ്കിലും പദയാത്രയാണെങ്കിലും പ്രതിഷേധിക്കുന്ന കാര്യം തന്നൈയാണ് പറഞ്ഞതെന്നാണ് കോണ്‍ഗ്രസ് അനുകൂലികള്‍ ഇതിന് നല്കുന്ന മറുപടി.