എന്താണ് ഫബിങ്?
പങ്കാളിയ്ക്ക് ശ്രദ്ധ നൽകാതെ അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന പ്രവണതയാണ് ഫബിങ്ങ് എന്ന് പറയുന്നത്. പ്രണയ ബന്ധങ്ങളിലും അതുപോലെ ദാമ്പത്യ ജീവിതത്തിലുമൊക്കെ ഫബിങ് അമിതമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പരസ്പരം സംസാരിച്ച് ഇരിക്കുന്നതിനിടയിലും ഇടയ്ക്കിടെ ഫോൺ നോക്കുന്ന പ്രവണതെയാണ് ഇത്തരത്തിൽ ഫബിങ് എന്ന് വിളിക്കുന്നത്. ദാമ്പത്യ ജീവിതത്തിലെ അടുപ്പം കുറഞ്ഞ് പോകുന്നതും ഇതിന് കാരണമാകാറുണ്ട്.
നിങ്ങൾ ടോക്സിക് ബന്ധത്തിലാണോ? തിരിച്ചറിയാം ഇങ്ങനെ
നിങ്ങൾ ടോക്സിക് ബന്ധത്തിലാണോ? തിരിച്ചറിയാം ഇങ്ങനെ
അകലം സൃഷ്ടിക്കുന്നു
ദമ്പതികൾക്കിടയിൽ അകലം സൃഷ്ടിക്കുന്നതാണ് ഫബിങ്ങിൻ്റെ പ്രധാന പ്രശ്നം. ഗവേഷണമനുസരിച്ച്, ഫബ്ബിംഗ് അമിതമാകുന്നതോടെ ദമ്പതികൾ തമ്മിലുള്ള ദാമ്പത്യ സംതൃപ്തിയുടെ അളവ് കുറയുന്നതിന് കാരണമാകുന്നു. ഫോണുകളുടെ തുടർച്ചയായ തടസ്സങ്ങൾ ഒരു ബന്ധത്തിൽ അടുപ്പമില്ലായ്മയ്ക്കും പരസ്പരവിരുദ്ധമായ വികാരങ്ങൾക്കും ഇടയാക്കും. പരസ്പരം കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്നതിലൂടെ മാത്രമേ എപ്പോഴും ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുകയുള്ളൂ. ആശയവിനമയത്തിന് ദാമ്പത്യത്തിലുള്ള പങ്ക് വളരെ വലുതാണ്.
വൈകാരികമായ അകൽച്ച
എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം വൈകാരികമായ അടുപ്പമാണ്. പങ്കാളിയുടെ വികാരങ്ങളെ തിരിച്ചറിയുകയും പരസ്പരം അത് പങ്കുവെയ്ക്കുകയും ചെയ്യേണ്ടത് ഏറെ പ്രധാനമാണ്. എന്നാൽ ഫബിങ് മൂലം ഈ വൈകാരിക അടുപ്പം നഷ്ടപ്പെട്ട് പോകാറുണ്ട്. പങ്കാളിയുടെ ഉള്ളിൽ എന്താണെന്ന് മനസിലാക്കാൻ കഴിയാത്തത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും. ഒറ്റപ്പെടൽ, അടുപ്പമില്ലായ്മ എന്നിവയിലേക്ക് എല്ലാം ഇത് നയിക്കുന്നു. മൊബൈൽ മാറ്റിവെച്ച് ഉള്ളിൽ ഉള്ളത് കൃത്യമായി സംസാരിക്കേണ്ടത് ഏറെ പ്രധാനമാണ്.
നിരന്തരമായ വഴക്കുകൾ
ദമ്പതികൾ തമ്മിൽ സ്ഥിരമായി വഴക്കുകൾ ഉണ്ടാകാൻ ഫബിങ് കാരണമാകാറുണ്ട്. എപ്പോഴും ഉള്ള ഫോൺ ഉപയോഗം ദമ്പതികൾക്കിടയിൽ അകൽച്ചയും വഴക്കും സൃഷ്ടിക്കുന്നു. ആശയവിനിമയം കുറയുന്നത് തന്നെയാണ് ഇതിൻ്റെ പ്രധാന പ്രശ്നം. ബന്ധങ്ങളിൽ കൈമോശം വരുമ്പോൾ വ്യക്തിയെക്കാൾ കൂടുതൽ ഫോണിന് മുൻതൂക്കം നൽകുന്ന എന്ന ധാരണയുണ്ടാകുന്നു. ഇത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കാം. ഇത് മാറ്റാൻ ഫോണിൻ്റെ ഉപയോഗം കുറയ്ക്കുകയാണ് ചെയ്യേണ്ടത്. പരസ്പരം സംസാരിക്കുമ്പോൾ നൂറ് ശതമാനവും ആ സംഭാഷണത്തിൽ കൊടുക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടം
ഫബിങ്ങ് പലപ്പോഴും ഒരു ഒളിച്ചോട്ടം കൂടിയാണ്. ദൈനംദിനത്തിലെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ പലരും മൊബൈൽ ഫോണിനെ ഉപയോഗിക്കുന്നു. സ്വയം ചെയ്യേണ്ട കാര്യങ്ങളെ പോലും മാറ്റി വച്ച് മൊബൈലിന് പ്രാധാന്യം കൊടുക്കുന്ന രീതിയാണിത്. ഇത് ഒരു പക്ഷെ കൂടെ ഉള്ള പങ്കാളിയെ വളരെ മോശമായി ബാധിച്ചേക്കാം. ഉത്തരവാദിത്തങ്ങൾ ഒരുപോലെ പരസ്പരം പങ്കുവെയ്ക്കുന്നതാണ് ദാമ്പത്യ ജീവിതം. അതിൽ വിള്ളൽ വീഴ്ത്താൻ ഫബിങ്ങിന് കഴിയും.