പൃത്വി ഷാ – ശിഖര്‍ ധവാന് കൂട്ടുകെട്ട് ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായതാണെന്നാണ് മുരളിയുടെ അഭിപ്രായം
കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ നായകന് ശിഖര്‍ ധവാനൊപ്പം ആര് ഓപ്പണിങ്ങിന് ഇറങ്ങും എന്ന ചോദ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. ദേവദത്ത് പടിക്കല്‍, പൃഥ്വി ഷാ, ഇഷാന് കിഷന് തുടങ്ങി നിരവധി താരങ്ങളായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്നത്.
ഒടുവില്‍ പൃഥ്വി ഷായ്ക്കാണ് നറുക്ക് വീണത്. ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് വേണ്ടി ഇരുവരും ഓപ്പൺ ചെയ്ത പരിചയവും തുണയായി. തീരുമാനം തെറ്റിയില്ല എന്ന് താരം തെളിയിക്കുകയും ചെയ്തു. കേവലം 24 പന്തില്‍ നിന്ന് 43 റണ്‍സുമായി തിളങ്ങിയ ഷായാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.
മത്സരത്തിന് ശേഷം യുവതാരത്തിന്റെ ബാറ്റിങ്ങിനെ പ്രകീര്‍ത്തിച്ചിരിക്കുകയാണ് ശ്രീലങ്കന്‍ ബോളിങ് ഇതിഹാസം മുത്തയ്യ മുരളീധരന്. പൃഥ്വി ഷാ – ശിഖര്‍ ധവാന് കൂട്ടുകെട്ട് ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായതാണെന്നാണ് മുരളിയുടെ അഭിപ്രായം. ഇ.എസ്.പി.എന്‍. ക്രിക്ഇന്‍ഫോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മുന്‍ താരത്തിന്റെ പരാമര്‍ശം.
“ടെസ്റ്റിനേക്കാലും പൃഥ്വി ഷാ മികച്ച ഏകദിന, ട്വന്റി 20 ബാറ്റ്സ്മാനാണ്. അയാളുടെ ബാറ്റിങ് സേവാഗിനെ ഓര്‍മിപ്പിക്കുന്നു. ആക്രമണത്തിലൂടെ ബോളര്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ ഷായ്ക്ക് കഴിയുന്നുണ്ട്,” മുരളീധരന് പറഞ്ഞു.
“പൃഥ്വി ഷായ്ക്ക് നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചാല്‍ ഇന്ത്യക്കത് ഗുണകരമാകും. ചെറിയ സമയത്തിനുള്ളില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ അയാള്‍ക്ക് കഴിയും. ഇത് വലിയ സ്കോറുകളിലേക്ക് ടീമിനെ നയിക്കും. ഔട്ട് ആകുമോ എന്ന ഭയം പൃഥ്വി ഷായ്ക്കില്ല,” മുരളി കൂട്ടിച്ചേര്‍ത്തു.
Also Read: കാത്തിരുന്ന് ലഭിച്ച അവസരം, വില്ലനായി പരുക്ക്; കളിക്കുമോ സഞ്ജു