1 ഏകാന്ത യാത്ര
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 2022 മെയ് 16, കാലത്ത് പത്തുമണി. കോവിഡ് നിയന്ത്രണങ്ങൾ മാറി വരുന്നതേയുള്ളു. യാത്രക്കാർ നാലു മണിക്കൂർ മുമ്പെ എത്തണമെന്ന നിബന്ധന നിലവിലുണ്ടായിരുന്നു. ഖത്തർ എയർവേസിന്റെ ചെക്കിൻകൗണ്ടറിൽ ചെന്നപ്പോൾ അവിടെ ഇരിക്കുന്ന വിവരദോഷി പ്രശ്നമുണ്ടാക്കി.
‘നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയില്ല’.
അയാൾ കർശന ഭാഷയിൽ പറഞ്ഞു.
മെയ് 17ന് ആണ് എന്റെ വിസ ആരംഭിക്കുന്നത്. എന്നുവച്ചാൽ നാളെ മുതൽ. അതുകൊണ്ട് ഇന്ന് പോകാൻ പറ്റില്ല എന്നാണ് അയാൾ പറയുന്നത്. ഞാൻ ദോഹ വഴിയാണ് പോകുന്നത്. അവിടെന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്തിൽ കയറുമ്പോഴേക്കും തീയതി 17 ആകും. അതു പറഞ്ഞിട്ടൊന്നും അയാൾ സമ്മതിക്കുന്നില്ല. നമ്മുടെ സർക്കാർ ആപ്പീസുകൾ എന്നപോലെ സീറ്റിലിരിക്കുന്നവന്റെ അറിവില്ലായ്മ മനുഷ്യനെ കഷ്ടപ്പെടുത്തുന്നു. അവസാനം ഒരു സീനിയർ ആപ്പീസർ വന്ന് പ്രശ്നം പരിഹരിച്ചു. തടസ്സമുണ്ടാക്കിയതിന് അദ്ദേഹം മാപ്പും പറഞ്ഞു.
ജർമനിയിൽ മക്കളുടെ അരികിലേക്കാണ് പോകുന്നത്. എങ്കിലും കുറച്ച് യൂറോ കറൻസി കൈയിൽ കരുതാമെന്നുവച്ചു. 80 രൂപയുള്ള യൂറോക്ക് 88 രൂപയാണ് ഒരു ഏജൻസി പറഞ്ഞത്. ഫെഡറൽ ബാങ്കിന്റെ കൗണ്ടറിൽനിന്ന് സംഭവം 84 രൂപക്ക് കിട്ടി. കുറച്ച് ഖത്തർ റിയാലും വാങ്ങിച്ചു.
എമിഗ്രേഷനും സെക്യൂരിറ്റി ചെക്കും കഴിഞ്ഞപ്പോഴാണ് വിശപ്പിനെക്കുറിച്ച് ഓർമ വന്നത്. മൂന്ന് ഇഡ്ഡലി, സാമ്പാർ, തണുത്ത ചമ്മന്തി. ഇരുനൂറ്റി ഇരുപതുരൂപ. പടച്ചോനെ! കറിവേപ്പിലയടക്കം ഒന്നും ബാക്കിവയ്ക്കാതെ കഴിച്ചു. ചായക്ക് 75 രൂപയാണ്. അത് വേണ്ടെന്നുവച്ചു. അപ്പുറത്ത് ചൂടുവെള്ളം സൗജന്യമായി കിട്ടുമല്ലോ. ഗേറ്റിനടുത്തുള്ള കസേരയിൽ പോയിരുന്നു.
ജർമനിയിലേക്ക് രണ്ടാംതവണയാണ് പോകുന്നത്. 2018 ആഗസ്തിലായിരുന്നു ആദ്യ യാത്ര. അന്ന് കൂടെ ജീവിതത്തിലെ സഹയാത്രിക ഉണ്ടായിരുന്നു.
2018ലെ ആദ്യ ജർമൻ യാത്രയിൽ ഭാര്യ രഞ്ജിനിയോടൊപ്പം ദോഹ വിമാനത്താവളത്തിൽ
ഇന്നില്ല. അവർ ഈ പ്രപഞ്ചത്തിൽ തന്നെ ഇല്ല. കഴിഞ്ഞ നാലുവർഷങ്ങൾക്കിടക്ക് എന്റെ ലോകം കീഴ്മേൽ മറിഞ്ഞിരിക്കുന്നു. ഞാൻ സാരമാക്കിയില്ല. കീഴ്മേൽ മറിഞ്ഞുകിടക്കുന്ന ലോകത്തും മനുഷ്യന് ജീവിക്കാൻ കഴിയും.
2018ലെ യാത്രക്കാലത്താണ് കേരളത്തിൽ അതിഭീകരമായ പ്രളയമുണ്ടായത്. ഞങ്ങൾ അപ്പോൾ മക്കളുമൊത്ത് ചെക്ക് റിപ്പബ്ലിക്കിൽ വിനോദയാത്രയിലായിരുന്നു. ടെലിവിഷൻ കാഴ്ചകൾ നടുക്കി. തിരിച്ചുചെല്ലുമ്പോൾ കേരളമുണ്ടാവുമോ എന്ന് സംശയിച്ചു.
സത്യത്തിൽ വലിയൊരു അനുഭവമാണ് അന്ന് നഷ്ടപ്പെട്ടത്. നെടുമ്പാശേരി എയർപോർട്ട് വെള്ളം കയറി അടച്ചതുകൊണ്ട് തിരിച്ചുള്ള യാത്ര വൈകി. വെള്ളമിറങ്ങിയശേഷം തിരിച്ചെത്തിയപ്പോൾ വലിയ കുറ്റബോധമുണ്ടായിരുന്നു. കാട്ടൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ചെന്നത് ഒരു അപരാധിയുടെ മട്ടിലാണ്. അനുഭവസമ്പന്നരായിക്കഴിഞ്ഞ സുഹൃത്തുക്കളും സഖാക്കളും എന്നെ വളരെ ലാഘവത്തോടെയാണ് നോക്കിയത്.
ഗേറ്റ് സജീവമായി. ഖത്തറിലേക്കുള്ള ഫ്ലൈറ്റ് ആയതുകൊണ്ട് അധികവും സാമാന്യമനുഷ്യരാണ് യാത്രക്കാർ. എന്റെ അരികത്തുണ്ടായിരുന്ന മധ്യവയസ്സുപിന്നിട്ട സ്ത്രീരത്നം വിമാനം പൊന്തുന്നതുവരെ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നു. മധ്യതിരുവതാംകൂറിന്റെ മനോഹരമായ നാട്ടുമൊഴി. ഏതോ വിരുന്നിനുവേണ്ടി ഭക്ഷണം തയ്യാറാക്കിയതിന്റെ വിവരണങ്ങളാണ്.
ചിക്കൻ, താറാവ്, പോർക്ക്, കരിമീൻ ഇത്രയും വിഭവങ്ങൾ എന്തായാലും ഉണ്ട്. അതിനിടെ ചില കുടുംബപ്രശ്നങ്ങളും പുറത്തുവന്നു: ‘അവൾ ഭാഗ്യവതിയാണപ്പച്ചി. എല്ലാം തെകഞ്ഞ ഒരുത്തനെയല്ലേ കിട്ടിയത്. നഷ്ടം നമുക്കല്ലേ? നാലാളെ കാണിക്കാവുന്ന മൊതലിനെയാന്നോ കിട്ടിയത്? ബ്യൂട്ടീഷൻ വച്ചുകെട്ടിയ കോപ്പൊക്കെ അഴിച്ചുകഴീമ്പൊ കാണാം തനിനെറം. നമ്മടെ നെലക്കും വെലക്കും യോജിച്ചവരാന്നോ? നാണക്കേടായീന്നു പറഞ്ഞാൽ മതിയല്ലോ’.
ദോഹയിൽ അവിടത്തെ സമയം കാലത്ത് 11 മണിക്ക് എത്തി. ഇനി അർധരാത്രി കഴിഞ്ഞ് ഒരു മണിക്കാണ് ഫ്രാങ്ക്ഫർട്ടിലേക്കുള്ള ഫ്ലൈറ്റ്. ഫ്ലൈറ്റുകൾ തമ്മിൽ ഇടവേള വേണമെന്ന് ടിക്കറ്റെടുക്കുമ്പോൾ മകനെ ഓർമിപ്പിച്ചിരുന്നു. അത് പഴയൊരു ന്യൂയോർക്ക് യാത്രയുടെ അനുഭവം വച്ചാണ്. അന്ന് കുവൈറ്റ് എയർലൈൻസിലായിരുന്നു യാത്ര. കൊച്ചിയിൽനിന്ന് കുവൈറ്റിലേക്കുള്ള വിമാനം വൈകിയതുകൊണ്ട് ന്യൂയോർക്ക് വിമാനം ഞങ്ങളെ കാക്കാതെ പറന്നു. ഇനി നാളെ ഇതേ സമയത്ത് പോകാമെന്നായി എയർലൈൻസുകാർ. എയർപോർട്ടിലെ ഹോട്ടലിൽ താമസ സൗകര്യം ഏർപ്പാടാക്കി.
യാത്ര ന്യൂയോർക്കിലേക്കായതുകൊണ്ട് അന്ന് കുറെ മലയാളികൾ ഉണ്ടായിരുന്നു. ഞങ്ങൾ ഹോട്ടൽ ലോബിയിലും ഡൈനിങ് ഹാളിലും കൂട്ടുകൂടി ഇരുന്നു സംസാരിച്ചു. അക്കൂട്ടത്തിൽനിന്നാണ് അങ്കമാലിക്കാരി അമ്മച്ചിയെ പരിചയപ്പെട്ടത്. ചട്ടയും മുണ്ടുമുടുത്ത അവർ എയർപോർട്ടിലെങ്ങും കൗതുകമായിരുന്നു. യുഎസിൽ പ്രവർത്തിക്കുന്ന പുരോഹിതനായ മകന്റെ അരികിലേക്ക് ഒറ്റക്ക് പോവുകയാണ്. അങ്കമാലിയിലെ തന്റെ ഭൂതകാലജീവിതത്തെക്കുറിച്ച് അവർ പറഞ്ഞുകൊണ്ടിരുന്നു. അത് പിന്നീട് ഒരു കഥക്ക് വിഷയമായി: ‘സെമിത്തേരിയിലെ അമ്മമാർ’.
ദോഹ എയർപോർട്ട് സുപരിചിതമാണ്. ദോഹയിലേക്കു തന്നെ പല തവണ വന്നിട്ടുണ്ട്. കഴിഞ്ഞ യാത്രയിലും ഞങ്ങൾ ഇവിടെ ഒരു പകുതി പകൽ ചെലവഴിച്ചിരുന്നു. കാലിൽ ഒരു സർജറി കഴിഞ്ഞതുകൊണ്ട് വീൽചെയറിലായിരുന്നു എന്റെ സഹയാത്രിക രഞ്ജിനിയുടെ സഞ്ചാരം. വീൽചെയറുകാർക്ക് പല സൗകര്യങ്ങളും ഉണ്ട്. ഒരു അറ്റന്റന്റ് ഞങ്ങളെ ക്വയറ്റ് റൂമിൽ കൊണ്ടാക്കി. അവിടെ കുറച്ചുസമയം വിശ്രമിച്ചു. ബെഡ്ഡുകളുണ്ട്. ഒരു കമ്പിളിയും തരും.
അന്ന് ദോഹ വിമാനത്താവളം മനോഹരമായി അലങ്കരിച്ചിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകം തോന്നുന്ന സംഗതികൾ ഉണ്ടായിരുന്നു. രഞ്ജിനി വീൽചെയർ ഉപേക്ഷിച്ച് നടന്നത് ഓർക്കുന്നു. ഇന്ന് ആടയാഭരണങ്ങളെല്ലാം അഴിച്ചുമാറ്റിയ അവസ്ഥയിലാണ് എയർപോർട്ട്. കോവിഡിന്റെ ഭാഗമായ മരവിപ്പാണ് എല്ലായിടത്തും. മനുഷ്യരെ അമ്പരപ്പ് വിട്ടുമാറിയിട്ടില്ല. പഴയ ക്വയറ്റ് റൂം അടച്ചിട്ടിരിക്കുന്നു. ലോഞ്ചുകളും കുറവാണ്. ഒരെണ്ണത്തിൽ കയറിപ്പറ്റി കുറച്ചുസമയം കിടന്നു.
കഴിഞ്ഞ യാത്രയിലെ മടക്കത്തിൽ ഞങ്ങൾക്ക് ദോഹയിൽ ഒരു പകൽ മുഴുവൻ നീണ്ട ഇടവേളയുണ്ടായിരുന്നു. അന്ന് നഗരത്തിലെ ഒരു ഹോട്ടലിൽ താമസിച്ചു. ചില സുഹൃത്തുക്കളെ ഫോണിൽ വിളിച്ചു.
മലയാളികളുടെ നിരവധി സാംസ്കാരിക കൂട്ടായ്മകൾ പ്രവർത്തിക്കുന്ന നഗരമാണ് ദോഹ. 2005ലാണ് ആദ്യം ഇവിടേക്കുവന്നത്. ഇവിടത്തെ തൃശൂർക്കാരുടെ സംഘടന ഖത്തർ സൗഹൃദ വേദിയുടെ പുരസ്കാരം സ്വീകരിക്കാനാണ്.
മലയാളികളുടെ നിരവധി സാംസ്കാരിക കൂട്ടായ്മകൾ പ്രവർത്തിക്കുന്ന നഗരമാണ് ദോഹ. 2005ലാണ് ആദ്യം ഇവിടേക്കുവന്നത്. ഇവിടത്തെ തൃശൂർക്കാരുടെ സംഘടന ഖത്തർ സൗഹൃദ വേദിയുടെ പുരസ്കാരം സ്വീകരിക്കാനാണ്. സി കെ മേനോനും അബ്ദുൾ ഖാദറും സോമൻ താമരക്കുളവുമായിരുന്നു സംഘാടകർ.
സഖാവ് പാലൊളി മുഹമ്മദ് കുട്ടി, ഒ എൻ വി, തേറമ്പിൽ രാമകൃഷ്ണൻ, വയനാട് കെ ജെ ബേബി, സംവിധായകൻ റോഷൻ ആൻഡ്രൂസ്, എം എ യൂസഫലി, എം എം ഹസ്സൻ എന്നിങ്ങനെ വലിയ സംഘം ഉണ്ടായിരുന്നു. ഞാൻ പാലൊളിക്കൊപ്പം മുജാഹിദ് ആസ്ഥാനത്തും ഖത്തർ സംസ്കൃതിയുടെ പരിപാടിയിലും പങ്കെടുത്തു.
പിന്നീട് സംസ്കൃതിയുടെ പരിപാടികൾക്ക് പലവട്ടം വന്നു. ശങ്കരേട്ടൻ, സുധീർ, വിജയകുമാർ, ബാബു രാജൻ എന്നിങ്ങനെ ഒരുപാട് സുഹൃത്തുക്കൾ. അടുത്ത സുഹൃത്ത് സഹപാഠി കെ വി ഉണ്ണികൃഷ്ണനെ ഒരിക്കൽ അവിടെവച്ച് കണ്ടു. ഗൾഫിൽ പോകുമ്പോഴാണ് സമകാലികരായ സുഹൃത്തുക്കളേയും സഹപാഠികളേയും അധികം കാണുന്നത്. എന്റെ കാലത്തിന്റെ സവിശേഷതയാണത്.
എയർപോർട്ടിലെ ഉറക്കം ശരിയായില്ല. ഇടക്കിടെ എഴുന്നേറ്റ് ഫ്ലൈറ്റ് ഷെഡ്യൂൾ നോക്കണം. ഈ വിശാലമായ എയർപോർട്ട് സാമ്രാജ്യത്തിൽ എവിടെയാണ് ഫ്രാങ്ക്ഫർട്ട് വിമാനം വരുന്നതെന്ന് അറിയണമല്ലോ. അവസാനം അത് പ്രഖ്യാപിക്കപ്പെട്ടു. 10 എ. അവിടെച്ചെന്ന് കാത്തിരിപ്പായി. ഭക്ഷണം കഴിക്കണോ എന്നു ചിന്തിച്ചു. വിലയെക്കുറിച്ചോർക്കുമ്പോൾ കഴിക്കാൻ തോന്നുന്നില്ല. പണമില്ലാഞ്ഞിട്ടല്ല അത്. കഴിക്കുന്ന ഭക്ഷണത്തിന്റെ, താമസിക്കുന്ന ഹോട്ടലിന്റെ, സഞ്ചരിക്കുന്ന വാഹനത്തിന്റെയൊക്കെ അമിതമായ നിരക്കുകൾ മനസ്സിൽ കുറ്റബോധം ഉണ്ടാക്കുന്നതുകൊണ്ടാണ്. രാത്രിഭക്ഷണം ഒരു സാന്റ്വിച്ചിൽ ഒതുക്കി.
ഫ്ലൈറ്റിൽ ആവശ്യത്തിനുള്ള ഭക്ഷണം തന്നതിന് ഖത്തർ എയർവേസിന് നന്ദി. വിളമ്പിയത് തെല്ലുതടിച്ച സുന്ദരനായ ഒരു യുവാവായിരുന്നു. തന്റെ ഹൃദ്യമായ കമന്റുകൾകൊണ്ട് അദ്ദേഹം എല്ലാവരേയും സന്തോഷിപ്പിച്ചു. പ്രഭാതഭക്ഷണം വിളമ്പുമ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: ‘നിങ്ങളെ കാണുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു’ . ഞാൻ വിനീതനായി.
ചിക്കൻ വിത്ത് റൈസ്, ലാമ്പ് വിത്ത് ഓംലറ്റ് എന്നിവയായിരുന്നു നോൺ വെജ്ജുകാർക്കുള്ള ചോയ്സ്. എന്റെ അരികിലിരുന്ന ലേഡി ചാറ്റർലി പ്രഭ്വി ചോദിച്ചു. Do you have chicken with omelette? സുന്ദരൻ പറഞ്ഞു: ഇല്ല മാം. ‘ഞങ്ങൾ അമ്മയെയും കുഞ്ഞിനെയും ഒന്നിച്ചു വിളമ്പാറില്ല’. അയാൾ തന്റെ ജോലി ആസ്വാദ്യകരമാക്കുകയാണ്.
മുന്നിലെ മോണിറ്ററിൽ സിനിമയും സംഗീതവുമുണ്ട്. വിമാനം പറക്കുമ്പോൾ തന്നെ വൈഫൈ ഉപയോഗിക്കാമെന്ന് കേട്ടിരുന്നു. വെറുതെയിരുന്ന് ബോറടിച്ചപ്പോൾ അതു പരീക്ഷിക്കാൻ തീരുമാനിച്ചു. വൻവിജയം. സാറ്റലൈറ്റ് ഇന്റർനെറ്റാണ്. മക്കളെ വിളിച്ചു വിവരങ്ങൾ പറഞ്ഞു. പഴയ പാട്ടുകളും കുറെ സിനിമാ കോമഡികളും കണ്ടു.
തെളിഞ്ഞ പ്രകാശത്തിൽ യൂറോപ്യൻ പ്രകൃതി കാണാനായി. വെള്ളമേഘങ്ങൾക്കുകീഴെ നീലജലാശയങ്ങളും കുന്നുകളും താഴ്വരകളും. ഫ്രാങ്ക്ഫർട്ടിൽ വിമാനത്തിൽനിന്നുള്ള വഴിയിൽ തന്നെ രണ്ടു പോലീസുകാർ നിന്ന് പാസ്പോർട്ട് പരിശോധിക്കുന്നുണ്ടായിരുന്നു. കുഴപ്പമെന്തെങ്കിലും ഉണ്ടെങ്കിൽ ഈ വിമാനത്തിൽ തന്നെ മടങ്ങേണ്ടി വരുമോ എന്നു ശങ്കിച്ചു. പക്ഷേ പാസ്പോർട്ട് കൺട്രോൾ ബൂത്തിൽ സംഗതികൾ വളരെ ലളിതമായിരുന്നു. ഇയു പാസ്പോർട്ട് ഉള്ളവരെ വേറെ വഴിക്കുവിട്ടു. എന്റെ രേഖകൾ പരിശോധിച്ച യുവതി ഒരു ചോദ്യവും ചോദിക്കാതെ അവ സീലടിച്ച് മടക്കിത്തന്നു. അതുകൊണ്ട് മറുപടിയായി പറയാൻ ഞാൻ കരുതിയ ഉച്ചാരണശുദ്ധിയുള്ള ഇംഗ്ലീഷ് വാചകങ്ങൾ പാഴായി.
പുറത്ത് മകൻ രാജയുടെ ചിരിക്കുന്ന മുഖം കണ്ടു.
2 വൃദ്ധരുടെ രാജ്യം
‘ഏകാന്ത യാത്രയിൽ പൊന്തും തത്വചിന്ത കണക്കെയും’ എന്ന് പി കുഞ്ഞിരാമൻ നായർ
പി കുഞ്ഞിരാമൻ നായർ
എഴുതിയിട്ടുണ്ട്. ‘വിദേശത്തിൽ പെറ്റനാടിൻ പാവനസ്മരണ പോലെ’ എന്നും. (സൗന്ദര്യപൂജ) തത്വചിന്ത അത്ര നിശ്ചയമില്ലാത്ത വിഷയമാണ്. യാത്രക്കിടയിലെ ചില വികലവിചാരങ്ങൾ പങ്കുവയ്ക്കുന്നു എന്നു മാത്രം. ഒരു യാത്രാവിവരണം ഇന്നത്തെ വായനക്കാർക്ക് ആവശ്യമില്ല. ലോകം അവരുടെ മുന്നിൽ തുറന്നുകിടക്കുകയാണ്.
കുട്ടിക്കാലത്ത് എസ് കെ പൊെറ്റക്കാട്ടിനെ ആവേശത്തോടെ വായിച്ചത് ഓർക്കുന്നു. ആദ്യത്തെ ലോകക്കാഴ്ചയാണ്. എത്രയെത്ര ദേശങ്ങൾ, മനുഷ്യർ. ഇരിഞ്ഞാലക്കുടയിൽ സി ആർ കേശവൻ വൈദ്യരുടെ വിവേകോദയം പബ്ലിക്കേഷൻസ് എസ് കെ യുടെ യാത്രാവിവരണങ്ങൾ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിങ്ങനെ ഭൂഖണ്ഡങ്ങൾ തിരിച്ച് വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തിയിരുന്നു. വൈദ്യരുടെ തന്നെ എസ്എൻ പബ്ലിക് ലൈബ്രറിയിൽ നിന്നെടുത്ത് അത് മുഴുവൻ വായിച്ചു. പിന്നീട് എവിടെ പോവുമ്പോഴും എസ് കെ കൂടെയുണ്ടായിരുന്നു. ലണ്ടൻ തെരുവിലൂടെ നടക്കുമ്പോൾ അവർണനായതുകൊണ്ട് മുറി കിട്ടാതെ അലഞ്ഞ ആ ദേശകഥാകാരന്റെ
എസ് കെ പൊറ്റെക്കാട്ട്
സ്മരണയിൽ എനിക്ക് തണുത്തു. അദ്ദേഹം വരച്ചുകാണിച്ചുതന്ന ലോകം മാറിയിരിക്കുന്നു. യൂറോപ്പും ജർമനിയും മാറി. ഒന്നും രണ്ടും ലോകയുദ്ധങ്ങൾ ഭൂപടത്തെ പലമട്ടിൽ മാറ്റി വരച്ചു.
ഫ്രാങ്ക്ഫർട്ടിൽനിന്ന് എസ്സനിലേക്കുള്ള തീവണ്ടിയിലിരിക്കുകയാണ് ഇപ്പോൾ. മ്യൂനിച്ചിൽ നിന്നുവരുന്ന അതിവേഗ തീവണ്ടിയാണ്. ICE എന്നുപറയും. രണ്ടു മണിക്കൂർകൊണ്ട് അത് ലക്ഷ്യസ്ഥാനത്തെത്തും. കാർ ആയിരുന്നെങ്കിൽ അഞ്ചു മണിക്കൂർ എടുത്തേനെ എന്നറിഞ്ഞു. സമയം കാലത്ത് ഏഴു മണി. ഉദിച്ചുവരുന്ന യൂറോപ്യൻ പ്രകൃതിയിലേക്ക് കണ്ണുപായിച്ചുള്ള യാത്ര.
പടിഞ്ഞാറൻ ജർമനിയിലെ പ്രശസ്തമായ നഗരമാണ് എസ്സെൻ. നോർത്ത് റൈൻ വെസ്റ്റ്ഫാലിയ (North Rhine-Westphalia) സ്റ്റേറ്റിൽ ഉൾപ്പെടുന്നു. റൈൻ, റൂർ എന്നീ നദികൾക്കിടയിലായതുകൊണ്ട് നിറഞ്ഞ ഹരിതപ്രകൃതിയാണ്.
റൂർ നദിയിലെ ബാൾഡ നൈസി തടാകം
ഞാൻ ചെല്ലുന്നത് മെയ് മാസത്തിൽ ആണല്ലോ. തണുപ്പു കുറവാണ്. എതാണ്ട് 10 ‐ 20 ഡിഗ്രി ചൂട്. പക്ഷേ രാത്രി പാതിര കഴിയുവോളം സൂര്യവെളിച്ചം ഉണ്ടായിരിക്കും. ജനലുകൾക്ക് കറുത്ത നിറമുള്ള കർട്ടണുകൾ ഇട്ട് ഇരുട്ടുണ്ടാക്കിയാണ് ആളുകൾ ഉറങ്ങുന്നത്.
എസ്സെൻ സ്റ്റേഷനിൽനിന്ന് പുറത്തുവന്ന് ഞങ്ങൾ ടാക്സി വിളിച്ചു. ഒരു നീഗ്രോ യുവതിയാണ് ഡ്രൈവർ. ചാർജ് സ്ക്രീനിൽ തെളിയുന്നുണ്ട്. ഒമ്പതു യൂറോയിലാണ് അതവസാനിച്ചത്. രണ്ടു കിലോമീറ്റർ.
യൂറോപ്പിൽ പൊതുവെ ടാക്സി ഫെയർ കൂടുതലാണ്. ട്രെയിൻ, ട്രാം, ബസ് എന്നിങ്ങനെ പൊതുഗതാഗതം ആവശ്യത്തിനുള്ളതുകൊണ്ട് സാധാരണക്കാർ ടാക്സിക്കാറിൽ സഞ്ചരിക്കുക പതിവില്ല. വേണ്ടിവന്നാൽ കാർ വാടകക്കെടുത്ത് സ്വയം ഓടിക്കുകയാണ് പതിവ്.
യൂറോപ്പിൽ പൊതുവെ ടാക്സി ഫെയർ കൂടുതലാണ്. ട്രെയിൻ, ട്രാം, ബസ് എന്നിങ്ങനെ പൊതുഗതാഗതം ആവശ്യത്തിനുള്ളതുകൊണ്ട് സാധാരണക്കാർ ടാക്സിക്കാറിൽ സഞ്ചരിക്കുക പതിവില്ല. വേണ്ടിവന്നാൽ കാർ വാടകക്കെടുത്ത് സ്വയം ഓടിക്കുകയാണ് പതിവ്. പുതിയ സാങ്കേതികവിദ്യ(App) ഉപയോഗിക്കുന്നതുമൂലം ആ സംവിധാനം ഇവിടെ വളരെ ലളിതമാണ്.
Grigor Strasse എന്ന തെരുവിലാണ് രാജയുടെ വീട്. മരങ്ങൾ നിറഞ്ഞ ഒരു
എസ്സെനിലെ വീക്ക്ലി മാർക്കറ്റിൽ
ചെറുവഴിയുടെ ഓരത്തുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയിലെ അപ്പാർട്ടുമെന്റ്. ബാൽക്കണിയിൽ ഇരുന്നാൽ കിളികളുടെ ശബ്ദം കേൾക്കാം. ബിഥോവന്റെ നാട്ടിലെ കിളികൾ നല്ല പാട്ടുകാരാണ്. ഭൂഗർഭ റെയിൽവേക്ക് (U-Bahn) ഇവിടെ അടുത്ത് Martin strasse, Ruttencheider, Messe ost എന്നീ സ്റ്റേഷനുകളുണ്ട്. പ്രസിദ്ധമായ ഗ്രുഗാപാർക്കും(Gruga park) വ്യവസായ പ്രദർശനശാലയായ മെസ്സെ എസ്സനും (Messe Essen) തൊട്ടടുത്താണ്. അറ്റ്ലാന്റിക് കോൺഗ്രസ് എന്ന നക്ഷത്ര ഹോട്ടലുമുണ്ട്.
കഴിഞ്ഞ തവണ ഞങ്ങൾ ചെല്ലുന്ന കാലത്ത് രാജ ബർളിലിനായിരുന്നു ജോലി ചെയ്തിരുന്നത്. അന്നയാൾ ഒറ്റക്കാണ്. ഒറ്റമുറി വീട്ടിൽ താമസം. അതാകട്ടെ മൂന്നു നിലകൾക്ക് മുകളിലും. ലിഫ്റ്റ് ഇല്ല. അതുകൊണ്ട് ഞങ്ങൾക്ക് ഒന്നിച്ചുതാമസിക്കാൻ ഒരു വീട് തൽക്കാലത്തേക്ക് വാടകക്കെടുത്തിരുന്നു. ഇപ്പോൾ രാജക്കൊപ്പം കൂട്ടുകാരി നാദിയയും ഉണ്ട്.
രണ്ട് ആൺമക്കളാണ് എനിക്ക്.
മക്കൾ രാജ, ഹരികൃഷ്ണൻ, മരുമക്കൾ നാദിയ, ഷെറിൻ എന്നിവരുടെകൂടെ
മൂത്തയാളാണ് രാജ. രണ്ടാമൻ ഹരികൃഷ്ണൻ. രണ്ടുപേരും രണ്ടുവഴിക്ക് ജർമനിയിൽ എത്തിയതാണ്. രാജ DB Shankar എന്ന ലോജിസ്റ്റിക് കമ്പനിയിൽ ജോലി ചെയ്യുന്നു. ഹരി റോസ്റ്റോക് യൂണിവേഴ്സിറ്റിയുടെ കുലിങ്സ്ബോൺ ഇൻസ്റ്റിറ്റ്യൂട്ടിൽ (Leibniz Institute of Atmospheric Physics) റിസർച്ച് ചെയ്യുകയായിരുന്നു അന്ന്.
(ഇതെഴുതുമ്പോൾ അയാൾ ഗവേഷണം കഴിഞ്ഞ് ഹൈഡൽബർഗ് യൂണിവേഴ്സിറ്റിയിൽ ഏതോ പ്രോജക്ടിൽ പ്രവർത്തിക്കുകയാണ്) അയാളും വിവാഹിതനാണ്. മദ്രാസ് ക്രിസ്ത്യൻ കോളേജിലെ ബിരുദ പഠനകാലത്ത് കൂട്ടുകൂടിയ ഷെറിൻ ആൻ മാത്യുവാണ് വധു. അവൾ മദ്രാസ് യൂണിവേഴ്സിറ്റിയിൽ റിസർച്ച് ചെയ്യുന്നു.
ജീവിതം തുടങ്ങിയ കാലത്തേക്ക് പിന്തിരിഞ്ഞുനോക്കുമ്പോൾ അമ്പരപ്പ് തോന്നാറുണ്ട്. കുട്ടിക്കാലം ഒട്ടും സന്തോഷകരമായിരുന്നില്ല. ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും ഇടയിലായിരുന്നതുകൊണ്ട് ആളുകളെ അഭിമുഖീകരിക്കാൻ പോലും എനിക്ക് മടിയായിരുന്നു.
അങ്ങനെയാവാം ഏതാണ്ടൊരു അന്തർമുഖനായിപ്പോയത്. വീട്ടിലെ ഏക വരുമാനക്കാരനായ അച്ഛൻ പാർക്കിൻസൺ രോഗം ബാധിച്ചുകിടപ്പായിരുന്നു. പിന്നെ അദ്ദേഹം മരിച്ചു. അമ്മക്ക് കിട്ടിയിരുന്ന നാമമാത്രമായ കുടുംബപെൻഷൻകൊണ്ടാണ് ഞങ്ങൾ നാലു മക്കൾ അടങ്ങുന്ന കുടുംബം ജീവിച്ചുപോന്നത്.
പിന്നെ എനിക്കും കുടുംബമായി. ഞങ്ങൾക്ക് ഇരുവർക്കും ചെറുതെങ്കിലും നിശ്ചിത വരുമാനമുള്ള തൊഴിൽ ഉണ്ടായിരുന്നതുകൊണ്ട് കാറ്റിൽ ഉലയാതെ ജീവിതം മുന്നോട്ടുപോയി. കുടുംബത്തിൽ അമ്മക്ക് തൊഴിലുണ്ടാവുക എന്നത് കുട്ടികളെ സംബന്ധിച്ച് പരമപ്രധാനമാണ്.
കുട്ടികൾ രണ്ടുപേരെയും സാധാരണ പൊതുവിദ്യാലയത്തിൽ മലയാളം മീഡിയത്തിലാണ് പഠിപ്പിച്ചത്. അവർക്ക് അക്കാര്യത്തിൽ അന്നോ പിന്നീടോ പരിഭവമുണ്ടായിട്ടില്ല. പക്ഷേ അഭ്യുദയാകാംക്ഷികൾ ഉണ്ടല്ലോ. അവർ അടങ്ങിയില്ല: ‘ആദർശത്തിന്റെ പേരിൽ നിങ്ങൾ കുട്ടികളെ ബലികൊടുക്കുകയാണെ’ന്ന് അവർ പറഞ്ഞു.
കോവിലൻ എന്ന പ്രിയപ്പെട്ട അയ്യപ്പേട്ടൻ ഒരിക്കൽ വീട്ടിൽ വന്നപ്പോൾ അദ്ദേഹത്തിനൊപ്പം പട്ടാളത്തിൽനിന്ന് പെൻഷൻ പറ്റിയ മറ്റൊരു കാരണവരും ഉണ്ടായിരുന്നു. അദ്ദേഹം പൊട്ടിത്തെറിച്ചു: ‘നിങ്ങൾക്ക് ലോകത്തെക്കുറിച്ച് ഒന്നുമറിയില്ല’
കോവിലൻ എന്ന പ്രിയപ്പെട്ട അയ്യപ്പേട്ടൻ ഒരിക്കൽ വീട്ടിൽ വന്നപ്പോൾ അദ്ദേഹത്തിനൊപ്പം പട്ടാളത്തിൽനിന്ന് പെൻഷൻ പറ്റിയ മറ്റൊരു കാരണവരും ഉണ്ടായിരുന്നു. അദ്ദേഹം പൊട്ടിത്തെറിച്ചു: ‘നിങ്ങൾക്ക് ലോകത്തെക്കുറിച്ച് ഒന്നുമറിയില്ല’
കോവിലൻ
അഭ്യുദയാകാംക്ഷികളുടെ നിർദയവിമർശനം പലഘട്ടത്തിലും ഞാൻ നേരിട്ടിട്ടുണ്ട്. സർക്കാർ ഉദ്യോഗവുമായി ബന്ധപ്പെട്ടാണ് അത് പലതും. പബ്ലിക് സർവീസ് കമ്മീഷന്റെ ടെസ്റ്റെഴുതി ജോലി കിട്ടിയതാണ്. നിർഭാഗ്യവശാൽ ചെന്നുപെട്ടത് സുദൃഢമായ കൈക്കൂലി വ്യവസ്ഥ നിലനിൽക്കുന്ന രജിസ്ട്രേഷൻ വകുപ്പിൽ. ടി കാംക്ഷികൾ മൊത്തമായിവന്ന് എന്നെ അഭിനന്ദിച്ചത് ഓർക്കുന്നു. താമസിയാതെ തന്നെ അവർ ശപിക്കാനും എത്തി.
‘നിങ്ങളുടെ ഒരാദർശം! മണ്ണാങ്കട്ടയാണ് അത്’.
അക്കാലത്ത് രജിസ്ട്രാപ്പീസുകളിൽ കൈക്കൂലി വാങ്ങുക എന്നത് വാങ്ങാതിരിക്കുന്നതിനേക്കാൾ സുരക്ഷിതമായ സംഗതിയായിരുന്നു. എന്നുവച്ചാൽ വാങ്ങാതിരിക്കുന്നത് അപായകരം ആയിരുന്നു. ആദർശബാധയല്ല എന്നെ കൈക്കൂലിപ്പങ്ക് പറ്റുന്നതിൽനിന്ന് വിലക്കിയത്. സ്വന്തം മനഃസാക്ഷിയോട് അനീതി ചെയ്യാൻ വയ്യ എന്ന തോന്നലാണ്. പട്ടിണിയും പരിവട്ടവുമാണെങ്കിലും ചങ്കൂറ്റത്തോടെ തലയുയർത്തിപ്പിടിച്ചു ജീവിക്കുന്ന കുറേപ്പേരെ ഞാൻ അതിനകം കണ്ടു കഴിഞ്ഞിരുന്നു.
ഉദ്യോഗം ലഭിക്കുന്നതിന് തൊട്ടുമുമ്പുള്ള പത്തുവർഷത്തെ കമ്യൂണിസ്റ്റ് രാഷ്ട്രീയപ്രവർത്തന കാലത്ത്. തൊഴിലാളികളും കൃഷിക്കാരുമായ പാർടിപ്രവർത്തകർ. എത്ര കഷ്ടപ്പെട്ടാണ് അവർ ജീവിച്ചിരുന്നത്. കൽപ്പണിക്കാർ കുളിച്ച് വസ്ത്രം മാറ്റിയാണ് മീറ്റിങ്ങിന് വരിക. എങ്കിലും സൂക്ഷിച്ചുനോക്കിയാൽ ശരീരത്തിൽ എവിടെയെങ്കിലും ചെമ്മണ്ണിന്റെ അംശം കാണുമായിരുന്നു.
കൈക്കൂലിവ്യവസ്ഥയെ മുൻനിർത്തിയാണ് അന്ന് ഞങ്ങളുടെ വകുപ്പിലെ ആപ്പീസുകൾ നടന്നുപോയിരുന്നത്. ഒരാൾ മാത്രം അതിൽനിന്ന് വിട്ടുനിൽക്കുന്നത് ആപ്പീസിന്റെ പ്രവർത്തനത്തിൽ താളപ്പിഴകൾ ഉണ്ടാക്കിയിരുന്നു. മറ്റുള്ളവരുടെ വരുമാനത്തെയും അത് ബാധിക്കും. ഒരു ശിപായി ഒരിക്കൽ വന്ന് ശപിച്ചത് ഓർക്കുന്നു: ‘സാർ ഇതിനൊക്കെ അനുഭവിക്കും. നാളെ സാറിന്റെ കുട്ടികൾ തിരിഞ്ഞുചോദിക്കും. ഞങ്ങൾക്കു വേണ്ടി എന്തു സമ്പാദിച്ചു എന്ന്’.
ഭാഗ്യവശാൽ അങ്ങനെയൊന്നും ഉണ്ടായില്ല. എല്ലാ കുട്ടികളും നല്ലവരാണ്. ദുരാഗ്രഹങ്ങളിലേക്ക് അവരെ നയിക്കാതിരുന്നാൽ മതി. ജീവിതത്തിലുണ്ടാവുന്ന കഷ്ടപ്പാടുകളേയും പ്രതിസന്ധികളേയും അഭിമുഖീകരിക്കാൻ അവരെ പരിശീലിപ്പിക്കണം. ആർഭാടങ്ങളില്ലാത്ത ലളിതമായ ജീവിതത്തിന്റെ മഹത്വം കുട്ടികളേപ്പോലെ തിരിച്ചറിയുന്നവർ വേറെയില്ല.
ഗ്രിഗോർ സ്ട്രാസ്സെയിലെ രാജയുടെ വീടിനുമുന്നിൽ നിന്നാണല്ലോ നമ്മൾ വഴിതിരിഞ്ഞുപോന്നത്. ഈ വഴിക്കപ്പുറത്ത് മെസ്സെയിലേക്കു വരുന്ന വാഹനങ്ങൾ പാർക്കുചെയ്യാനുള്ള വിസ്തൃതമായ ഒരു ഗ്രൗണ്ട് ഉണ്ട്. വീടിന് പിന്നാമ്പുറത്തെ കെട്ടിടം ഒരു വൃദ്ധസദനമാണ്.
ധനവാന്മാരായ വൃദ്ധജനങ്ങളാണ് അവിടെ പാർക്കുന്നതെന്ന് നാദിയ പറഞ്ഞു.
മക്കളോടൊപ്പം എസ്സെനിലെ ഗ്രുഗാ പാർക്കിൽ
അന്തേവാസികൾ പുറത്തുവന്ന് ഉദ്യാനത്തിൽ ഉലാത്തുന്നത് കാണാം. ബുദ്ധിമുട്ടുള്ളവരെ സഹായിക്കാൻ പരിചാരകരുണ്ട്. നിറയെ പൂത്തുനിൽക്കുന്ന ചെടികളിലേക്കും മരങ്ങളിലേക്കും നോക്കിനിൽക്കാൻ ജർമൻ വൃദ്ധർക്ക് താൽപ്പര്യമുണ്ടെന്നു തോന്നുന്നു.
വൃദ്ധസദനത്തിനപ്പുറത്ത് ഒരു പള്ളിയാണ്. നല്ല കമനീയമായ നിർമിതി. പക്ഷേ യൂറോപ്പിലെ മറ്റു ദേവാലയങ്ങളേപ്പോലെ ഇതിനും ഏകാന്തതയാണ് വിധിക്കപ്പെട്ടിരിക്കുന്നത്. വല്ലപ്പോഴും ഒരു വൃദ്ധൻ, വൃദ്ധ കടന്നുപോകുന്നത് കാണാം. ഒരിക്കൽ ഒരു മരണശുശ്രൂഷയിൽ പങ്കെടുക്കാൻവേണ്ടി കറുപ്പുവസ്ത്രങ്ങൾ ധരിച്ച് ആളുകൾ കൂട്ടമായി പോകുന്നതുകണ്ടു. ജനനത്തിനും വിവാഹത്തിനും മരണത്തിനും മാത്രമേ ഇവിടെയുള്ളവർക്ക് ദൈവത്തിന്റെ സഹായം ആവശ്യമുള്ളു.
വീടിന്റെ ബാൽക്കണിയിൽനിന്നു നോക്കുമ്പോൾ തൊട്ടപ്പുറത്തുള്ള ഗ്രുഗാ പാർക്കിലേക്ക് ഉല്ലസിക്കാൻ പോകുന്ന ആളുകളെ കാണാം. പ്രായമായവരാണ് അധികവും. പൊതുവെ വൃദ്ധരുടെ നഗരമായിട്ടാണ് എസ്സെനെ എനിക്കുതോന്നിയത്. എസ്സെൻ മാത്രമല്ല ജർമനിയിലെ എല്ലാ നഗരങ്ങളും അങ്ങനെത്തന്നെ. കഴിഞ്ഞ തവണ സന്ദർശിച്ച ബർളിൻ, ലെയ്പ്സിഗ്, ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് എന്നിടങ്ങളിലും കണ്ടത് വാർധക്യത്തെയാണ്.
ആഹ്ളാദിക്കുന്ന വാർധക്യത്തെ എന്നു പറയണം. യുവാക്കൾ ഇല്ലെന്നല്ല. അവർ തൊഴിലും തിരക്കും കുടുംബജീവിതത്തിന്റെ പ്രാരബ്ധങ്ങളുമായി എവിടെയൊക്കെയോ ആണ്. തൊഴിൽ എന്നാൽ ഇവിടെ ഒരു വ്യക്തിയെ പൂർണമായും സമർപ്പിക്കേണ്ട ഒരു സംഗതിയാണ്. ആഗോള മുതലാളിത്തത്തിന്റെ കാലത്ത് അത് കഠിനവും അരക്ഷിതവും ആയിരിക്കുന്നു. ജർമനിയിലാണെങ്കിൽ കനത്ത നികുതിയാണ് തൊഴിലെടുക്കുന്നവർ നൽകേണ്ടത്.
ഇതിനിടയിൽ കുടുംബം പുലർത്തുക എന്നതാണ് വലിയ പ്രശ്നം. കുഞ്ഞുങ്ങളെ പരിപാലിക്കാൻ പെണ്ണിനും ആണിനും പ്രത്യേക അവധികൾ അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടൊന്നും പ്രതിസന്ധി തീരുന്നില്ല. കുഞ്ഞുങ്ങളെ ശരീരത്തിൽ ചേർത്തുകെട്ടി സഞ്ചരിക്കുന്ന യുവാക്കൾ നല്ല കാഴ്ചയാണ്. പക്ഷേ തൊഴിലിനൊപ്പം കുടുംബജീവിതം കൊണ്ടുപോകാൻ കഴിയുമോ എന്ന ആശങ്കയുള്ളതുകൊണ്ട് പലരും വിവാഹത്തിന് മടിക്കുന്നു. വിവാഹിതരായാൽ തന്നെ കുഞ്ഞുങ്ങൾ വേണ്ട എന്ന നിലപാടാണ്. എല്ലാവരും റിട്ടയർ ചെയ്യാൻ കാത്തിരിക്കുകയാണ്. എന്നിട്ട് ജീവിതം തുടങ്ങാം എന്നാണ് കരുതുന്നത്.
വാർധക്യം ഇവിടെ ഒരുവിധം സുരക്ഷിതവും സമാധാനപൂർണവുമാണെന്നു തോന്നുന്നു. മെച്ചപ്പെട്ട പെൻഷനും മറ്റ് ആനുകൂല്യങ്ങളുമുണ്ട്. വിളിച്ചാൽ വിളിപ്പുറത്താണ് അവർക്ക് വൈദ്യസഹായം. തൊണ്ണൂറു ശതമാനം വൃദ്ധരും മക്കളിൽനിന്ന് വേർപെട്ടാണ് ജീവിക്കുന്നത്. കൂട്ടാളി മരിച്ചാലും അവർ മക്കളെ ആശ്രയിച്ചുപോകാറില്ല.
വാർധക്യം ഇവിടെ ഒരുവിധം സുരക്ഷിതവും സമാധാനപൂർണവുമാണെന്നു തോന്നുന്നു. മെച്ചപ്പെട്ട പെൻഷനും മറ്റ് ആനുകൂല്യങ്ങളുമുണ്ട്. വിളിച്ചാൽ വിളിപ്പുറത്താണ് അവർക്ക് വൈദ്യസഹായം. തൊണ്ണൂറു ശതമാനം വൃദ്ധരും മക്കളിൽനിന്ന് വേർപെട്ടാണ് ജീവിക്കുന്നത്. കൂട്ടാളി മരിച്ചാലും അവർ മക്കളെ ആശ്രയിച്ചുപോകാറില്ല. പരസ്പരം ചില, വിരുന്നു സന്ദർശനങ്ങൾ മാത്രമാണുള്ളത്. അതുകൊണ്ട് പേരക്കുട്ടികളെ പരിചരിക്കുക എന്ന ഉത്തരവാദിത്തമില്ല.
എസ്സെനിലെ ചരിത്ര സ്മാരകമായ വില്ല ഹ്യൂഗൽ
വൃദ്ധർ പകൽ മുഴുവൻ കാപ്പിക്കടകളുടേയും ബാറുകളുടേയും മുറ്റത്തിട്ട കസേരകളിലിരുന്ന് സംസാരിക്കും. വൈകുന്നേരമായാൽ സൈക്കിളിൽ പറന്നുനടക്കുന്നതു കാണാം. മുഖം വല്ലാതെ ചുളിഞ്ഞുപോയ അമ്മൂമ്മമാർ സൈക്കിളിൽ പായുന്നത് കാണുമ്പോൾ നമുക്ക് അത്ഭുതം തോന്നും. സൈക്കിൾ പറ്റാതാവുമ്പോൾ വാക്കിങ് സ്റ്റിക്, വാക്കർ, ചക്രക്കസേര എന്നിങ്ങനെ നിരവധി മാർഗങ്ങളുണ്ട്. ഷോപ്പിങ്ങിനും മറ്റും പുറത്തിറങ്ങുമ്പോൾ ഉന്തി നടക്കാവുന്ന ഒരിനം വാക്കർ സാധാരണമാണ്. തീരെ കിടപ്പിലാവുന്നതുവരെ ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് അവർ സഞ്ചരിക്കും.
ചക്രക്കസേരക്ക് പ്രവേശനമില്ലാത്ത വാഹനങ്ങളോ നിരത്തുകളോ കെട്ടിടങ്ങളോ ഇല്ല. വൃദ്ധരേയും വികലാംഗരേയും കുഞ്ഞുങ്ങളേയും ഉദ്ദേശിച്ചിട്ടാണ് നഗരവും ഗതാഗതവുമൊക്കെ ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞയാത്രയിൽ എന്റെ കൂട്ടുകാരി വാക്കിങ് സ്റ്റിക് ഉപയോഗിച്ചാണ് നടന്നിരുന്നത്. കാലിൽ സർജറി കഴിഞ്ഞതിന്റെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ശാരീരികമായി ബുദ്ധിമുട്ടുന്നവർക്ക് സർക്കാർ മാത്രമല്ല, സമൂഹം നൽകുന്ന പരിഗണനയും പിന്തുണയും അന്നു മനസ്സിലായി. അവർ റോഡിലിറങ്ങിയാൽ എത്ര തിരക്കുപിടിച്ചു പായുന്ന വാഹനങ്ങളും നിൽക്കും.
ഫുട്പാത്ത് പകുതി സൈക്കിളുകൾക്കുള്ളതാണ്. ഒരിക്കൽ ഞങ്ങൾ നടക്കുമ്പോൾ എതിരെ വരുന്ന സൈക്കിൾ യാത്രക്കാരായ യുവാക്കൾ ഒന്നൊന്നായി ഒരു കടയുടെ മുന്നിലേക്ക് ഒഴിഞ്ഞു മാറി നിലയുറപ്പിച്ചു. ഞങ്ങൾക്ക്
റൂർ നദിക്കരയിലെ വെർഡൻ നഗരം
സൗകര്യമൊരുക്കിയതാണ് എന്ന് പിന്നീടാണ് മനസ്സിലായത്. ജർമൻകാർ രോഷാകുലരാകുന്നത് ആരെങ്കിലും ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നത് കാണുമ്പോഴാണ്. കുട്ടികളുടെ മുന്നിൽവച്ചാണ് നിയമലംഘനമെങ്കിൽ അവർ അയാളെ കടിച്ചുകീറും.
വാർധക്യത്തിലും വൈകല്യത്തിലും സമൂഹത്തിന്റെയും സർക്കാരിന്റെയും പിന്തുണ ലഭിക്കും എന്നുറപ്പുള്ളതുകൊണ്ടാവണം യൂറോപ്പിലെ മുതലാളിത്ത രാഷ്ട്രങ്ങളിൽപ്പോലും ആർത്തിയും അതിന്റെ ഭാഗമായ അരക്ഷിതാവസ്ഥയും കുറവായത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വാർധക്യത്തെക്കുറിച്ചും വരാനിടയുള്ള രോഗങ്ങളെക്കുറിച്ചുമുള്ള ആശങ്കയാണ് മനുഷ്യന്.
സോളോ വെറൈൻ എസ്സെൻ (കൽക്കരി ഖനി മ്യൂസിയം)
ആരോഗ്യമുള്ള കാലത്ത് കട്ടിട്ടായാലും പിടിച്ചുപറിച്ചിട്ടായാലും നാലുകാശ് ഉണ്ടാക്കിവച്ചില്ലെങ്കിൽ വാർധക്യത്തിൽ കുഴഞ്ഞുപോകും എന്ന തോന്നലുണ്ട്. മെച്ചപ്പെട്ട പെൻഷനും മറ്റ് വാർധക്യകാല സുരക്ഷകളും വ്യക്തികളിൽ മാത്രമല്ല; പൊതുസമൂഹത്തിലും സമാധാനമുണ്ടാക്കുന്നു.
യൂറോപ്പിലും അമേരിക്കയിലുമുള്ള സമ്പന്നരാജ്യങ്ങളെ ചൂണ്ടി മുതലാളിത്തമാണ് ശരി എന്നു സ്ഥാപിക്കുന്നവരുണ്ടല്ലോ. പ്രഥമദർശനത്തിൽ അവർ പറയുന്നത് ശരിയല്ലേ എന്നു തോന്നും. ഈ വാദഗതിക്ക് കൃത്യമായ ഒരു മറുപടി പണ്ട് ഡോ. മോഹൻ തമ്പി നൽകിയത് ഓർക്കുന്നു: ഇന്ത്യയടക്കം ലോകത്തിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലേയും മനുഷ്യർ പണിയെടുത്ത് പട്ടിണി കിടക്കുന്നതിന്റെ ഫലമായിട്ടാണ് അമേരിക്കയും ചില യൂറോപ്യൻ രാജ്യങ്ങളും സമ്പന്നമായിരിക്കുന്നത്.
അവിടെ ക്ഷേമപ്രവർത്തനങ്ങൾ മുറയ്ക്ക് നടക്കുന്നത്. ‘അർഹരായ’ കുറച്ചുപേർക്ക് ജീവിക്കാൻവേണ്ടി ‘അനർഹരായ’ കുറേപ്പേർക്ക് ജീവിതം ഉപേക്ഷിക്കേണ്ടി വരുന്നു . (തുടരും)
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..