-
ചെങ്കണ്ണ്
ചെങ്കണ്ണ് പടരുന്നു. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ചെങ്കണ്ണ് കണ്ടുവരുന്നുണ്ട്. ചെങ്കണ്ണ് വന്നാൽ സ്വയം ചികിത്സ പാടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം. എത്രയും വേഗം ഒരു നേത്ര രോഗ വിദഗ്ധന്റെ സഹായം തേടുക.
-
ചെങ്കണ്ണ് ലക്ഷണങ്ങൾ
കണ്ണിനുള്ളിലെ ചുവപ്പ്നിറം, വേദന, വീർത്ത കൺപോളകൾ, കണ്ണ് ഇപ്പോഴും നിറഞ്ഞൊഴുകുന്നത്, പീള കെട്ടുന്നത്, വെളിച്ചമുള്ള ഭാഗത്ത് നോക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാം ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ ആണ്.
-
ചെങ്കണ്ണ് പടരാതിരിക്കാൻ
അല്പമൊന്ന് ശ്രദ്ധിച്ചാൽ ചെങ്കണ്ണ് പടരുന്നത് തടയാൻ സാധിക്കും. രോഗം ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ചെങ്കണ്ണ് പടരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം.
-
കൈ കഴുകുക
മുഖത്തോ കണ്ണുകളിലോ സ്പർശിക്കുന്നതിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക. കൈകൾ വൃത്തിയാക്കാതെ കണ്ണുകളിൽ സ്പർശിക്കുന്നത് അണുബാധയ്ക്ക് വഴിയൊരുക്കും.
-
മരുന്നുകൾ പങ്കുവെയ്ക്കരുത്
ചെങ്കണ്ണ് പിടിപെട്ടാൽ വൈദ്യ സഹായം തേടണം. പൊതുവെ കണ്ടുവരുന്നത് മെഡിക്കൽ ഷോപ്പിൽ പോയി സ്വയം മരുന്ന് വാങ്ങി ഉപയോഗിക്കുകയാണ്. ഡോക്ടർ നിർദ്ദേശിക്കുന്ന തുള്ളി മരുന്ന് മാത്രം ഉപയോഗിക്കുക. ഇത് മറ്റുള്ളവരുമായി പങ്കുവെയ്ക്കാതിരിക്കുക.
-
പങ്കുവെയ്ക്കാൻ പാടില്ലാത്തവ
രോഗി ഉപയോഗിക്കുന്ന തൂവാല, തോർത്ത് തുടങ്ങിയവയൊന്നും വേറൊരാളുടെ പങ്കുവെയ്ക്കരുത്. കൂടാതെ തലയിണ, ബെഡ്ഷീറ്റ്, പുതപ്പ് എന്നിവയും മറ്റാളുകളുമായി പങ്കിടുന്നത് ഒഴിവാക്കുക. ഉപയോഗശേഷം ഇവ വൃത്തിയാക്കേണ്ടതും പ്രധാനമാണ്.
-
ഇവിടങ്ങളിൽ സ്പർശിക്കുന്നത്
എല്ലാവരും സാധാരണയായി സ്പർശിക്കാറുള്ള സ്ഥലങ്ങളിൽ തൊടുന്നത് ഒഴിവാക്കുക. വാതിലിന്റെ പിടി, ലിഫ്റ്റിന്റെ സ്വിച്ച്, മേശ, അങ്ങനെയുള്ള സ്ഥലങ്ങളിലൊക്കെ സ്പർശിക്കേണ്ടി വന്നാൽ ഉടൻ കൈ വൃത്തിയാക്കണം.
-
കുറയുന്നത് വരെ
ചെങ്കണ്ണ് പെട്ടന്ന് പടരുന്നതിനാൽ ഇത് ബാധിച്ചാൽ പൊതു സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക. കണ്ണിന്റെ ചുവപ്പ് കുറയുന്നത് വരെയെങ്കിലും സ്കൂൾ, ജോലി സ്ഥലം എന്നിവിടങ്ങളിൽ പോകുന്നത് ഒഴിവാക്കുന്നതായിരിക്കും നല്ലത്.