മനാമ> പ്രതിദിന എണ്ണ ഉൽപ്പാദനം പത്ത് ലക്ഷം ബാരലിന്റെ സ്വമേധയാ വെട്ടിക്കുറക്കുന്നത് സൗദി അറേബ്യ സെപ്തംബറിലേക്ക് കൂടി നീട്ടും. ഊർജ മന്ത്രാലയത്തിലെ ഒരു ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ എസ്പിഎ ആണ് ഇക്കാര്യം അറിയിച്ചത്. വെട്ടിക്കുറക്കുന്നത് നീട്ടുകയോ കൂടുതൽ വെട്ടിക്കുറച്ച് സമയം നീട്ടുകയോ ചെയ്യാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സെപ്തംബറിലെ രാജ്യത്തിന്റെ ഉൽപ്പാദനം പ്രതിദിനം ഏകദേശം 9 ദശലക്ഷം ബാരൽ (ബിപിഡി) ആയിരിക്കും. എണ്ണ വിപണികളുടെ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒപെക് പ്ലസ് രാജ്യങ്ങൾ നടത്തുന്ന മുൻകരുതൽ ശ്രമങ്ങളെ ശക്തിപ്പെടുത്താനാണ് ഈ നീക്കമെന്നും എസ്പിഎ റിപ്പോർട്ട് ചെയ്തു.
2024-ലേക്ക് വിതരണം പരിമിതപ്പെടുത്തുന്നതിനുള്ള വിശാലമായ കരാറിന് കഴിഞ്ഞ ജൂണിലെ യോഗത്തിലാണ് ഒപെക് പ്ലസ് ധാരണയായത്. ജൂലൈയിൽ സ്വമേധയാ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുമെന്ന് സൗദി പ്രഖ്യാപിക്കുകയും അത് പിന്നീട് ആഗസ്ത് വരെ നീട്ടുകയും ചെയ്തിരുന്നു.
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും ഉൾപ്പെടുന്ന ഒപെക് പ്ലസിന്റെ സംയുക്ത മന്ത്രിതല നിരീക്ഷണ സമിതി വെള്ളിയാഴ്ച യോഗം ചേരുന്നുണ്ട്. യോഗത്തിൽ എണ്ണ നയത്തിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..