എസ് ജോർജ്കുട്ടി
ക്രിസ്റ്റഫർ നോളൻ തുറന്നുവിട്ട “ഓപ്പൺഹൈമർ’ എന്ന സിനിമാ ഭൂതത്തിലൂടെ, ലോക മനസാക്ഷിയെ പിടിച്ചുലച്ച ആറ്റംബോംബിന്റെ പിതാവ് ഓപ്പൺഹൈമറുടെ ജീവിവും അമേരിക്കൻ മക്കാർതീയിസവും കമ്മ്യൂണിസ്റ്റ് വേട്ടയാടലും ചുവപ്പു വെറിയും വീണ്ടും ലോകം ചർച്ച ചെയ്യുകയാണ്. എസ് ജോർജ്കുട്ടി എഴുതുന്നു.
അയാൾ മരണത്തിന്റെ അവധൂതനായിരുന്നോ ? അതോ, ഭരണകൂടം കൊലയാളിയാക്കിയ ശാസ്ത്ര പ്രതിഭയോ? അതോ ഭരണ കൂടം വേട്ടയാടിയ ബൗദ്ധികനോ? ഓപ്പൻഹൈമർ എന്ന കില്ലർ ജീനിയസിന്റെ ജീവിതവും ചരിത്രവും വീണ്ടും സിനിമാലോകത്തിലൂടെ വിചാരണ ചെയ്യുകയാണ്. “ഞാൻ മരണമാകുന്നു, ലോകങ്ങളുടെ അന്തകൻ”, എന്ന കൊലവിളിയുമായി ഓപ്പൻഹെെമർ വീണ്ടും വികാരങ്ങളുടെ വികിരണ കുടം തുറന്നിരിക്കുന്നു. അയാൾ മരണമായി, ലോകങ്ങളെ നശിപ്പിക്കുന്നവനായി, ജനിമൃതികളുടെ തീക്കടലായി ഭഗവദ് ഗീത സൂക്തം വായിക്കുകയും ഇണയെപ്രാപിക്കുകയുമാണ് ക്രിസ്റ്റഫർ നോളന്റെ ഒപ്പെൻഹൈമർ.
കെയ് ബേഡും മാർട്ടിൻ ഷെർവിനും രചിച്ച അമേരിക്കൻ പ്രോമിത്യുസ് പ്രമേയമാക്കി പ്രശസ്ത ചലച്ചിത്രകാരൻ ക്രിസ്റ്റഫർ നോളൻ തിരക്കഥയും സംവിധാനവും ചെയ്ത ഓപ്പൺഹൈമർ സിനിമ ലോക പ്രേക്ഷകരിൽ വല്ലാത്ത ഒരു തരം അസ്വസ്ഥത ഉളവാക്കുന്നു. അതാണ് ഈ സിനിമയുടെ വിജയവും. അഗ്നിയും കലാ രഹസ്യങ്ങളും സ്വർഗത്തിൽ നിന്ന് അപഹരിച്ചു, ഭൂമിയിലെ മനുഷ്യർക്ക് നൽകിയതിന് കിഴുക്കാം തൂക്കായ പാറയിൽ തൂക്കിയിട്ടു, നിത്യേന കഴുകനെക്കൊണ്ട് കരളു കൊത്തിപ്പറിപ്പിക്കയ്ക്കപ്പെടുന്ന ഗ്രീക് അർദ്ധദേവനാണ് പ്രോമിത്യുസ്. ഗ്രീക്ക് മിത്തിക്കൽ പ്രോമിത്യുസിനെ മഹാഭാരതത്തിലെ കർണനെപ്പോലെ പ്രതിനായകനായാണ് അവതരിപ്പിക്കുന്നതെങ്കിലും ഇരുവരും നായകരേക്കാൾ ഉന്നതിയിലേയ്ക് ഉയർത്തപ്പെടുന്നുണ്ടല്ലോ.
ഓപ്പെൻഹൈമറേയും ലോക മനസ്സിൻറെ പാതാളത്തിലേയ്ക് ചവിട്ടി താഴ്ത്താതിരിക്കാൻ ക്രിസ്റ്റഫർ നോളൻ ശരിക്കും ശ്രമിച്ചെങ്കിലും ആ ചലച്ചിത്രകാരന്റെ ആത്മാവ് അതിനു അനുവദിക്കുന്നില്ല. എന്നാൽ പ്രതിനായകനിൽ നിന്നും നായകനായി ഒപ്പെൻഹൈയ്മറെ ഉയർത്തിയെടുക്കാൻ സിലിയൻ മർഫിയുടെ അഭിനയ സിദ്ധിക്കു കഴിയുന്നു.
സിനിമയിൽ കാണിക്കുന്ന അമേരിക്കൻ ജനക്കൂട്ടത്തിനു മറ്റു മനുഷ്യരോടുള്ള ഹിംസാത്മത കണ്ടാൽ ഏതൊരാളുടേയും മനസ്സ് മരവിച്ചു പോകും. ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ 1945 ആഗസ്ത് 6, 9 തീയതികളിൽ അമേരിക്ക അണുബോംബുകൾ വർഷിച്ചത് മാനവരാശിയുടെ ഹൃദയത്തിൽ ഇന്നും അതിഘോരമായ ഇടിത്തീയായി എരിഞ്ഞിറങ്ങുകയാണ്. ബോംബു സ്ഫോടനത്തിൽ രണ്ടരലക്ഷം ആളുകൾ ഞൊടിയിടയിൽ കൊല്ലപ്പെട്ടു, നിരായുധരായ മനുഷ്യർ. എട്ടു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അണുവികിരണങ്ങളാൽ വിത്തുകോശങ്ങളിൽ, ജനിതകഭ്രംശം ഭവിച്ച ലക്ഷക്കണക്കിന് ജന്മങ്ങൾ.
ഭൂലോക കൂട്ടകൊലയാളിയെ പെറ്റു വളർത്തി, ആണവ അഗ്നിശാസ്ത്രം അഭ്യസിപ്പിച്ചു, ആയുധം ഉണ്ടാക്കിച്ചു, മാനവരാശിയെ കൊന്നൊടുക്കാനും ദാർശനികമായി അയാളെ അതിനു സജ്ജമാക്കാനും ശ്രമിക്കുന്നതായിരുന്നു അമേരിക്കൻ ഭരണ കൂടത്തിന്റെ മാനസിക നില. വൻ ലോകദുരന്തം മുൻകൂട്ടി അറിയാമായിരുന്ന ഒരു വിജ്ഞാനസമൂഹവും, അവരെ കയ്യടിച്ചു അഭിനന്ദിക്കുന്ന ജനതയും, രക്ഷിതാവായി ഭരണകൂടവും, ഇല്ലാത്ത അജ്ഞാത ശത്രുവിനെ തിരയുന്ന നിയമ വിചാരകരും. ഇവരെ എല്ലാവരെയും തൊലിയുരിച്ചു കാണിക്കാൻ ക്രിസ്റ്റഫർ നോളനു കഴിഞ്ഞിരിക്കുന്നു.
ശാസ്ത ലോകത്തെ ഏറ്റവും മാരകമായ കണ്ടുപിടിത്തമായിരുന്ന ആറ്റംബോംബിന്റെ പിതാവായ ജൂലിയസ് റോബർട്ട് ഓപ്പൻ ഹൈമറെ 1954-ൽ സഹപ്രവർത്തകരും ശാസ്ത്രലോകവും രൂക്ഷമായി വിമർശിക്കുകയും അപമാനിക്കുകയും ചെയ്യുകയാണ് സിനിമയിൽ. അതിനു മുൻപുള്ള ഒമ്പത് വർഷക്കാലം അമേരിക്കയിൽ ഏറ്റവും വലിയ സെലിബ്രിറ്റിയായിരുന്ന ഓപ്പൻ ഹൈമറെ സഹപ്രവർത്തകർ സംഘം ചേർന്നു വിചാരണയ്ക്കും അപമാനത്തിനും ഇരയാക്കുന്നു. അയാളുടെ സുരക്ഷാസംവിധാനങ്ങൾ അധികാരികൾ പിൻവലിക്കുന്നു. ഒരു രാജ്യം ലോക ജനതയോടു ചെയ്ത കൊടും ക്രൂരതയുടെ ഉത്തരവാദിത്തം ഒരു ശാസ്ത്രജ്ഞനിൽ മാത്രം കേന്ദ്രീകരിക്കാൻ ശാസ്ത്രജ്ഞരും പൊതുസമൂഹവും ഒരുമ്പെടുന്നു.
അണു ബോംബ് വികസിപ്പിക്കന്നതിനു മുൻപ് ഫാസിസത്തെ ഹൈമർ ഭയപ്പെട്ടിരുന്നു. ജൂതപാരമ്പര്യത്തിൽ പിറന്നു മതത്തെ പിന്തുടരാതെ ജീവിക്കുകയായിരുന്നു ഹൈമർ. ജർമനിയിൽ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്യുന്ന ജൂതന്മാരെ അദ്ദേഹം സഹായിച്ചിരുന്നു. ഹിറ്റ്ലറിന് ജർമൻ ഭൗതികശാസ്ത്രജ്ഞർ അണുബോംബ് നിർമിച്ച് നൽകുമെന്നും ഇത് രണ്ടാം ലോകയുദ്ധത്തിൽ ഹിറ്റ്ലറെ വിജയിപ്പിക്കുമെന്നും പരിണിതഫലം ഭയാനകമായിരിക്കുമെന്നും അതു ലോക ഫാസിസത്തിന്റെ വിജയമാകുമെന്നും മറ്റു ശാസ്ത്രജ്ഞരെപ്പോലെ ഹൈമറും ഭയപ്പെട്ടു. അണുബോംബ് നിർമാണം അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു അല്ലെങ്കിൽ വിശ്വസിപ്പിച്ചു.
ജർമ്മൻ ആണവായുധ പദ്ധതിക്ക് മറുപടിയായി, അമേരിക്കാൻ അണുബോംബ് വികസിപ്പിക്കാനുള്ള മാൻഹട്ടൻ പ്രോജക്ടിനെ നയിക്കാൻ യുഎസ് ആർമി ജനറൽ ലെസ്ലി ഗ്രോവ്സ് ഓപ്പൺഹൈമറെ റിക്രൂട്ട് ചെയ്യുന്നു. അയാൾക്ക് കമ്മ്യൂണിസ്റ്റ് അനുഭാവമില്ലെന്ന് ഉറപ്പ് ലഭിച്ചതിന് ശേഷമാണ് ഗ്രോവ്സ് ഹൈമറെ റിക്രൂട്ട് ചെയ്യുന്നത്. ന്യൂ മെക്സിക്കോയിലെ ലോസ് അലാമോസിൽ രഹസ്യമായി ബോംബ് നിർമ്മിക്കാൻ ഓപ്പൺഹൈമർ ശാസ്ത്രസംഘത്തെ രൂപീകരിക്കുന്നു, വൻ പ്രത്യാഘാതങ്ങൾ ഉണ്ടെങ്കിലും ലോകത്തെ ഫാസിസത്തിൽ നിന്നു രക്ഷിക്കാൻ അണുബോംബ് സഹായിക്കും, എന്ന് അയാൾ ശാസ്ത്രജ്ഞരെ വിശ്വസിപ്പിക്കുന്നു. നാസി ഭീഷണിയും ഓപ്പൺഹൈമറെ ഇതിനു സഹായിക്കുന്നു. ഒരു ഘട്ടത്തിൽ, അദ്ദേഹവും ആൽബർട്ട് ഐൻസ്റ്റൈനും അണുബോംബ് ഒരു ചെയിൻ റിയാക്ഷൻ ആകാനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യുന്നു, ആണവായുധങ്ങളുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചായിരുന്നു ചർച്ച. അത് ഒരു പക്ഷെ വിനാശകരമായ അനന്തരഫലങ്ങളിലേക്കും ലോകാവസാനത്തിലേക്കും നയിച്ചേക്കാം എന്ന് ഐൻസ്റ്റീൻ മുന്നറിയിപ്പ് നൽകുന്നു.
അപ്പോൾ റോബർട്ട് ഓപ്പൺഹൈമർ മാൻഹട്ടൻ പ്രോജക്ടിന്റെ, ലോസ് അലാമോസ് ലബോറട്ടറി ഡയറക്ടറായിരുന്നു. അണുബോംബിന്റെ ഗവേഷണത്തിനും രൂപകൽപ്പനയ്ക്കും പൂർണ ഉത്തരവാദിയുമായിരുന്നു. “ആറ്റം ബോംബിന്റെ പിതാവ്” എന്നാണ് അദ്ദേഹത്തെ ടൈം മാഗസിൻ വിശേഷിപ്പിച്ചത്.
ഹിരോഷിമയിലും നാഗസാക്കിയിലും1945 ഓഗസ്റ്റിൽ അണു ബോംബ് വർഷിച്ചപ്പോൾ ഹൈമറിന്റെ മുഖത്തുണ്ടായത് വിജയത്തിന്റെയും നിരാശയുടെ മിശ്രിതവികാരമായിരുന്നു. ബോംബിട്ടശേഷം മുതിർന്ന ശാസ്ത്രജ്ഞന്മാരുടെ അടിയന്തരമീറ്റിങ് കൂടി മനുഷ്യരാശിയെ ഉന്മൂലനം ചെയ്യുന്ന അണുബോംബുകളുടെ ഭാവി ഉപയോഗത്തെക്കുറിച്ച് ഭയത്തോടെ ചർച്ചചെയ്തു. ജർമനി തോൽക്കുകയും ഹിറ്റ്ലർ മരിക്കുകയും ചെയ്തിട്ടും ഇത്തരം ആയുധങ്ങൾക്കുവേണ്ടി എന്തിനാണ് അഹോരാത്രം അധ്വാനിക്കുന്നതെന്ന് അവർ ചോദ്യങ്ങളുയർത്തി. ജപ്പാൻകാർ അടുത്തകാലത്തൊന്നും ബോംബുനിർമാണ പദ്ധതിയിടില്ലെന്നാണ് ശാസ്ത്രത്തലവന്മാരുടെ സംഘം നിഗമനത്തിലെത്തിയത്. എന്നിട്ടും ഹൈമർ അണു ബോംബിട്ടതിനെ ന്യായീകരിക്കാതിരുന്നില്ല.
മഹാനായ ഡാനിഷ് ഭൗതികശാസ്ത്രജ്ഞൻ നീൽസ് ബോർ ഹൈമറോട് ചോദിച്ചു: ”പറയൂ, ഇതത്രയും വലുതാണോ? സകലയുദ്ധങ്ങളെയും അവസാനിപ്പിക്കാൻ കഴിയുന്നതാണോ നിങ്ങൾ നിർമിക്കുന്ന ഈ അണു ബോംബ്? അണു യുദ്ധത്തിലെ വിനാശത്തിന്റെ വ്യാപ്തിയിൽ നമ്മൾ ആശങ്ക പ്രകടിപ്പിച്ചില്ലെങ്കിൽ രണ്ടോ മൂന്നോ യുദ്ധങ്ങൾ കൂടി നാം കാണേണ്ടിവരും. എല്ലാവരും ആണവായുധങ്ങളാൽ സായുധരാവും”. “യുദ്ധം പൂർണമായും അവസാനിച്ചിട്ടില്ല’ എന്നായിരുന്നു അതിനു ഹൈമറുടെ മറുപടി.
ഹിരോഷിമയിലും നാഗസാക്കിയിലും ആയിരവും പതിനായിരവുമല്ല നിമിഷങ്ങൾക്കകം ബോംബുതീയിൽ എരിഞ്ഞുപോയത് എന്ന ഔദ്യോഗിക കണക്കുകൾ വന്നപ്പോൾ ഹൈമർ അത്യന്തം വിഷമവൃത്തത്തിലകപ്പെടുന്നു. ഇരകളോട് അഗാധമായ സഹാനുഭൂതി അദ്ദേഹത്തിനുണ്ടാവുന്നു. രണ്ട് ബോംബും വർഷിക്കപ്പെട്ടശേഷം വിഷാദത്തിന്റെ ഇരുട്ടറകളിലേക്ക് ഹൈമർ കൂപ്പുകുത്തുന്നു. പക്ഷേ വിഷാദത്തിൽ നിന്നും മോചിതനാവേണ്ടത് തന്റെ മാത്രം ബാധ്യതയാണെന്നു തിരിച്ചറിഞ്ഞു അയാൾ സാധാരണജീവിതം നയിക്കാൻ ശ്രമിക്കുന്നു.
ഓപ്പൺഹൈമർ 1954 ഒക്ടോബറിൽ ഒരു പ്രസംഗത്തിൽ പറഞ്ഞു.. ”അവ ഭീകരതയുടെ ആയുധങ്ങളായിരുന്നു, പ്രതിരോധ ആയുധങ്ങളായിരുന്നില്ല. ഇതിനകം പരാജയപ്പെട്ട ശത്രുവിന്റെ മേലാണ് അവ ഉപയോഗിച്ചത് ”.ഹിരോഷിമ സംഭവത്തിനുശേഷം ഒരു അന്താരാഷ്ട്ര ആയുധ നിയന്ത്രണ ഭരണകൂടം സൃഷ്ടിക്കണമെന്ന് നയരൂപീകരണക്കാരെ പ്രേരിപ്പിക്കാൻ ഹൈമർ തന്റെ പിൽക്കാലം ചെലവഴിക്കാൻ ആഗ്രഹിച്ചു.
ഓപ്പിയുടെ ആദ്യഭാര്യയായി എമിലി ബ്ലണ്ട്, രണ്ടാംഭാര്യ (കാതറിൻ) കിറ്റിയായി മാറ്റ് ഡാമൺ, മിലിട്ടറി ഹാൻഡ്ലറായി, റോബർട്ട് ഡൗണി ജൂനിയർ, അറ്റോമിക് എനർജി കമ്മീഷൻ സീനിയർ അംഗമായി ലൂയിസ് സ്ട്രോസ് . ടൈറ്റിൽ കഥാപാത്രമായി സിലിയൻ മർഫി . ഫ്ലോറൻസ് പഗ്, ജോഷ് ഹാർട്ട്നെറ്റ്, കേസി അഫ്ലെക്ക്, റാമി മാലെക്, ടോം കോണ്ടി, കെന്നത്ത് ബ്രനാഗ് എന്നിവർ സഹതാരങ്ങൾ.
ഓപ്പൺ ഹൈമറിന്റെ പൂർവ ചരിത്രം വിവരിച്ചു കൊണ്ടാണ് സിനിമ പുരോഗമിക്കുന്നത്. യു.കെ.യിലെ കാവൻഡിഷ് ലബോറട്ടറിയിൽ 1926-ൽ, 22-കാരനായ ജെ റോബർട്ട് ഓപ്പൺഹൈമർ, പാട്രിക് ബ്ലാക്കെറ്റിന് കീഴിൽ പഠിക്കുമ്പോൾ ഗൃഹാതുരത്വവും ഉത്കണ്ഠയും അനുഭവിക്കുന്നു. ചില സന്ദർഭങ്ങൾ ഇതിനായി കാണിക്കുന്നുണ്ട്. ഓപ്പൺഹൈമർ തന്നെ ശിക്ഷിച്ച പ്രൊഫ. ബ്ലാക്കെറ്റ് കഴിക്കും എന്ന് കരുതി വിഷം കലർന്ന ആപ്പിൾ ലബോറട്ടറിയിലെ മേശ പുറത്തു ഉപേക്ഷിക്കുന്നു, അവിടെ സന്ദർശിക്കുന്ന മറ്റൊരു ശാസ്ത്രജ്ഞൻ ഓപ്പൺഹൈമർ തടയുന്നതിന് മുമ്പ് ആപ്പിൾ കഴിക്കുന്നു.
ഓപ്പൺ ഹൈമർ പിഎച്ച്ഡി പൂർത്തിയാക്കുന്നു. അതിനു ശേഷം ജർമ്മനിയിലെ ഗോട്ടിംഗൻ സർവകലാശാലയിൽ പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ വെർണർ ഹൈസൻബെർഗിനൊപ്പം ജോലി ചെയ്യുന്നു. അവിടെ ക്വാണ്ടം ഭൗതികശാസ്ത്രത്തെക്കുറിച്ചുള്ള ഗവേഷണങ്ങളുടെ അഭാവത്തിൽ അമേരിക്കയിലേക്ക് മടങ്ങുന്നു. പിന്നെ കാലിഫോർണിയ സർവകലാശാലയിൽ പഠിപ്പിക്കുന്നു, അതേസമയംതന്നെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും പഠിപ്പിക്കുന്നു.
ഇതിനിടെ 1939-ലെ നോബൽ സമ്മാന ജേതാവ് ഏണസ്റ്റ് ലോറൻസിനെയും സുപ്രധാന വ്യക്തികളേയും കണ്ടുമുട്ടുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന ജീൻ ടാറ്റ്ലോക്കുമായി അവർ ആത്മഹത്യ ചെയ്യുന്നത് വരെ അയാൾക്ക് അഗാധമായ പ്രണയബന്ധം ഉണ്ടായിരുന്നു. പിന്നീട് ഭാര്യയായ ജീവശാസ്ത്രജ്ഞ കാതറിൻ പ്യൂണിംഗും കമ്മ്യൂണിസ്റ്റ് ആയിരുന്നു.
രണ്ടാം ലോകയുദ്ധത്തിൽ ജർമ്മനി കീഴടങ്ങുമ്പോൾ, ചില ശാസ്ത്രജ്ഞർ പദ്ധതിയുടെ പ്രാധാന്യത്തെ ചോദ്യം ചെയ്യാൻ തുടങ്ങുന്നു; എന്നിരുന്നാലും, അത് പരിഗണിക്കാതെ തന്നെ അയാൾ പരീക്ഷണം തുടരുന്നു, പോട്സ്ഡാം കോൺഫറൻസിന് തൊട്ടുമുമ്പ് ട്രിനിറ്റി ടെസ്റ്റ് വിജയകരമായി നടത്തുന്നു.. യുഎസ് പ്രസിഡന്റ് ട്രൂമാൻ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിക്കാൻ ആജ്ഞാപിക്കുന്നു.
ജപ്പാൻ കീഴടങ്ങുന്നു. അതോടെ ഓപ്പൺഹൈമർ അതി പ്രശസ്തനായ വ്യക്തിയായി മാറുന്നതിലേക്കും “അണുബോംബിന്റെ പിതാവ്” എന്ന് വിളിക്കപ്പെടുന്നതിലേക്കും നയിക്കുന്നു. ബോംബിംഗുകൾ മൂലമുണ്ടായ വലിയ ആൾനാശത്തിൽ മനസ്സു തകർന്ന ഓപ്പൺഹൈമർ പ്രസിഡന്റ് ട്രൂമാനെ കാണുന്നു.. ഓപ്പൺഹൈമറിന്റെ വിഷമത്തിൽ ട്രൂമാന് വെറുപ്പുളവാകുന്നു. അത് ഒരു ബലഹീനതയാണെന്ന് ട്രൂമാൻ പറയുന്നു. തന്റെ കയ്യിൽ വൻപാതകങ്ങളുടെ ചോര പുരണ്ടിരിക്കുന്നു എന്ന ഹൈമറിന്റെ തേങ്ങിയ വാക്കുകളെ, കർചീഫ് കൊണ്ട് തുടച്ചു കളഞ്ഞോളൂ എന്നാണ് ട്രൂമാൻ പരിഹസിക്കുന്നത്.
കൂടുതൽ ആണവ വികസനത്തിനെതിരെ ഓപ്പൺഹൈമർ വാദിക്കുന്നു, പ്രത്യേകിച്ച് മാൻഹട്ടൻ പ്രോജക്ട് ശാസ്ത്രജ്ഞനായ എഡ്വേർഡ് ടെല്ലറുടെ ഹൈഡ്രജൻ ബോംബിനെതിരെ. എന്നിരുന്നാലും, സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധത്തിനിടയിൽ അയാളുടെ നിലപാട് തർക്കവിഷയമായി മാറുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള സഹോദരൻ ഫ്രാങ്കിന്റെ ആദ്യകാല ഇടപഴകലും ടാറ്റ്ലോക്കുമായുള്ള ബന്ധവും ഹൈമറിന്റെ ഇടതുപക്ഷ ബന്ധവും ഗവൺമെന്റിന്റെ സംശയത്തിന് ഇടയാക്കുന്നു. മുതിർന്ന യുഎസ് ആണവോർജ്ജ കമ്മീഷൻ അംഗമായ ലൂയിസ് സ്ട്രോസ്, ഐൻസ്റ്റൈനോട് മോശമായി സംസാരിച്ചതിന് ഓപ്പൺഹൈമറോട് നീരസപ്പെടുന്നു, ഐസോടോപ്പുകളുടെ കയറ്റുമതിയെക്കുറിച്ചുള്ള തന്റെ ആശങ്കകൾ പരസ്യമായി തള്ളിക്കളയുന്നു.
ക്രിസ്റ്റഫർ നോളൻ
ഓപ്പൺഹൈമറെ രാഷ്ട്രീയത്തിൽ നിന്ന് നീക്കം ചെയ്യാൻ ഉദ്ദേശിച്ചുള്ള ഒരു ഹിയറിംഗ് നടക്കുകയാണ്. അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് ബന്ധങ്ങളും ടാറ്റ്ലോക്കുമായുള്ള ബന്ധവും അയാളെ മാപ്പിൽ നിന്നും ഒഴിവാക്കുന്നു. അയാളെ കുറ്റവാളിയായി മുദ്രകുത്തി നാവടപ്പിക്കുന്നു. ഓപ്പൺഹൈമറിനെതിരായ സ്ട്രോസിന്റെ വ്യക്തിപരമായ ആവലാതികളും അയാളുടെ തകർച്ചയിൽ വ്യക്തിപരമായപങ്കും അവർ അടിച്ചേൽപ്പിക്കുന്നു.
ക്രിസ്റ്റഫർ നോളൻ തുറന്നുവിട്ട ഓപ്പൺ ഹെയ്മർ എന്ന സിനിമാ ഭൂതത്തിലൂടെ, ലോക മനസാക്ഷിയെ പിടിച്ചുലച്ച ആറ്റംബോംബിന്റെ പിതാവ് ഓപ്പൺഹൈമറുടെ ജീവിതവും അമേരിക്കൻ മക്കാർതീയിവും കമ്മ്യൂണിസ്റ്റ് വേട്ടയാടലും, ചുവപ്പു വെറിയും വീണ്ടും ലോകം ചർച്ച ചെയ്യുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..