ചൊവ്വാഴ്ചയായിരുന്നു പള്ളിക്കുനേരെ കലാപകാരികൾ സംഘടിത ആക്രമണം നടത്തിയത്. അജ്ഞാതരായ ആളുകൾക്കെതിരെയാണ് പൊലീസ് എഫ്ഐആർ ഇട്ടിട്ടുള്ളത്. സമീപത്തുള്ള സിഖ് മതസ്ഥർ ആക്രമണവിവരമറിഞ്ഞ് ഓടിയെത്തുകയും പ്രതിരോധം തീർക്കുകയുമായിരുന്നു. ഇവർ അറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്.
ഇമാമായ കലീമും അദ്ദേഹത്തിന്റെ നാല് സഹോദരങ്ങളും ഭാര്യയും മക്കളുമടക്കം ആകെ മുപ്പത് പേരാണ് സംഭവം നടക്കുമ്പോൾ പള്ളിയിലുണ്ടായിരുന്നത്. പൊലീസ് സ്ഥലത്ത് ഫ്ലാഗ് മാർച്ച് നടത്തി തിരിച്ചുപോയതിനു പിന്നാലെയാണ് അക്രമമുണ്ടായതെന്നത് ശ്രദ്ധേയമാണ്. പൊലീസ് തിരിച്ചുപോയതിനു ശേഷം ഉച്ചതിരിഞ്ഞ് 2.45ഓടെ വീണ്ടും വെടിയൊച്ചകൾ കേട്ടു തുടങ്ങിയെന്ന് ഇമാം പറയുന്നു. തോക്കുകളും വടികളുമായി അക്രമികൾ പള്ളിയിലേക്ക് ഇരച്ചെത്തി വാതിൽ തകർത്ത് അകത്തുകയറി കണ്ണിൽക്കണ്ടതെല്ലാം തകർക്കാൻ തുടങ്ങി.
ആക്രമണം നടന്നയുടനെ സമീപത്തെ സിഖുകാർ ഇമാമിനെയും കൂടെയുള്ളവരെയും തങ്ങളുടെ വീടുകളിൽ ഒളിപ്പിക്കുകയായിരുന്നു. അക്രമികൾ വരുന്നതിന്റെ ബഹളം കേട്ടുതുടങ്ങിയപ്പോൾത്തന്നെ ഇമാം എല്ലാവരെയും പള്ളിക്കു പിന്നിലൊളിപ്പിക്കാം എന്നാണ് ആലോചിച്ചത്. എന്നാൽ അയൽവാസികൾ ഓടിയെത്തുകയും എല്ലാവരെയും തങ്ങളുടെ വീടുകളിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
സോഹ്ന മസ്ജിദിനു പരിസരത്ത് താമസിക്കുന്നവര് പലരെയും സഹായത്തിനു വിളിച്ചു. ഇതിനകം പൊലീസുകാരും സ്ഥലത്തെത്തിയിരുന്നു. എന്നാൽ വെറും പന്ത്രണ്ട് പൊലീസുകാരാണ് സ്ഥലത്തുണ്ടായിരുന്നത്. മസ്ജിദിലേക്ക് ആക്രമിക്കാനെത്തിയ കലാപകാരികൾ നൂറുകണക്കിന് വരും. ഇതോടെ സിഖ് മതസ്ഥരായ നിരവധിയാളുകൾ സംഘടിച്ചെത്തുകയും ആദ്യം സ്ത്രീകളെയും കുട്ടികളെയും മാറ്റുകയുമായിരുന്നു. പിന്നാലെ മറ്റുള്ളവരെയും മാറ്റി.
രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഗ്രാമത്തലവനായ ഗുരുചൺ സിങ്ങായിരുന്നു. അദ്ദേഹം സ്ഥലത്തേക്ക് വാനുകളുമായാണ് എത്തിയത്. അക്രമികളിൽ നിന്ന് രക്ഷപ്പെട്ടവരെ ഈ വാനുകളിൽ കയറ്റി സുരക്ഷിതമായ സ്ഥലങ്ങളിലെത്തിച്ചു.
അതെസമയം തങ്ങൾ സംഭവമറിഞ്ഞ് സ്ഥലത്തെത്തി എല്ലാവരെയും രക്ഷിച്ചതായി പൊലീസ് അവകാശപ്പെട്ടു. അക്രമികൾ രക്ഷപ്പെട്ടതായും അവർ അറിയിച്ചു.