ദുബായ് > സുസ്ഥിരമായ സാമ്പത്തികവളർച്ച ലക്ഷ്യമിടുന്ന നാലുവർഷ പദ്ധതി പ്രഖ്യാപിച്ച് യുഎഇ ധനമന്ത്രാലയം. സാമ്പത്തിക വികസനത്തിനായുള്ള നൂതനാശയങ്ങൾ, ദീർഘവീക്ഷണം, ധനപരമായ നേതൃശേഷി എന്നിവയിലൂന്നിയുള്ള സർക്കാറിൻറെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനുള്ള സമഗ്രപദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യാന്തരതലത്തിൽ സാമ്പത്തികമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, സുതാര്യതയും വിശ്വാസവും ഉറപ്പുവരുത്തുക, വാണിജ്യ വളർച്ച പ്രോത്സാഹിപ്പിക്കുക, മത്സരാധിഷ്ഠിതമായ വ്യാപാര സാഹചര്യങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തി സുസ്ഥിരമായ ധനനയങ്ങൾക്ക് പദ്ധതി രൂപം നൽകുകയും നടപ്പിലാക്കുകയും ചെയ്യുമെന്ന് ദുബൈ ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പറഞ്ഞു.
2023 മുതൽ 2026 വർഷങ്ങളിലേക്കുള്ള പദ്ധതിയിൽ നാലു പ്രധാന ലക്ഷ്യങ്ങളാണ് ഉൾപ്പെടുന്നത്. ഫെഡറൽ സർക്കാറിറിൻറെ സാമ്പത്തികമായ മികവ് സാധ്യമാക്കുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുകയെന്നതാണ് ഇതിൽ പ്രധാനം അതോടൊപ്പം ഭാവിയിലെ സാധ്യതകളെ കൂടി ഉൾപ്പെടുന്ന രാജ്യത്തിൻറെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുകയും ദേശീയ സാമ്പത്തിക ഭദ്രതയെ ശക്തിപ്പെടുത്തുകയും ചെയ്യാനായി മൂന്ന് തന്ത്രപരമായ നയങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. രാജ്യത്തിൻറെ ബജറ്റ് ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി വിശ്വാസവും സുതാര്യതയും ഉറപ്പുവരുത്തുന്നതിനുള്ള നയങ്ങൾ രൂപവത്കരിക്കുമെന്നും ധനമന്ത്രി സൂചിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..