2012നു ശേഷം അന്തരാഷ്ട്ര ക്രിക്കറ്റിൽ ഒരു താരം നേടുന്ന ഏറ്റവും വലിയ സിക്സറാണിത്
ഞായറാഴ്ച നടന്ന ഇംഗ്ലണ്ട് -പാക്കിസ്ഥാൻ രണ്ടാം ടി20 മത്സരത്തിൽ പടുകൂറ്റൻ സിക്സർ പായിച്ച് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ. ലിവിങ്സ്റ്റണിന്റെ ബാറ്റിൽ നിന്നും 122 മീറ്റർ ദൂരം പോയ സിക്സർ ഹെഡിങ്ലി സ്റ്റേഡിയത്തിന്റെ മേൽക്കൂരയും കടന്നു തൊട്ടടുത്തുള്ള റഗ്ബി പിച്ചിലാണ് ചെന്ന് വീണത്.
സികസറിന് പിന്നാലെ “ഇതാണോ ഇതുവരെയുള്ള ഏറ്റവും വലിയ സിക്സർ?” എന്ന ചോദ്യം സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.
എന്നാൽ ലിവിങ്സ്റ്റണിന്റെ 122 മീറ്റർ സിക്സർ ക്രിക്കറ്റിലെ ഏറ്റവും വലിയ സിക്സറല്ല, പക്ഷേ 2012നു ശേഷം അന്തരാഷ്ട്ര ക്രിക്കറ്റിൽ ഒരു താരം നേടുന്ന ഏറ്റവും വലിയ സിക്സറാണിത്. ഒമ്പത് വർഷം മുൻപ് ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലാൻഡ് താരം മാർട്ടിൻ ഗപ്റ്റിൽ 127 മീറ്റർ സിക്സർ പായിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ കാർ പാർക്കിങ്ങിലാണ് അന്ന് ആ പന്തു വീണത്.
2005ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഗാബയിൽ ബ്രെറ്റ് ലീ 143 മീറ്റർ സിക്സർ അടിച്ചതായി രേഖകളുണ്ട്. വാർവിക്ഷെയറിൽ നിന്നും അടിച്ചിട്ട് വോർസെസ്റ്റർഷെയറിൽ വീണ സി.കെ നായിഡുവിന്റെ ഒരു സിക്സറിനെ കുറിച്ച് ഇതിഹാസതാരങ്ങളും പറയുന്നുണ്ട്.
ഇരുപത്തേഴുക്കാരനായ ലിവിങ്സ്റ്റൺ ഇപ്പോൾ മികച്ച ഫോമിലാണ്. വെള്ളിയാഴ്ച ട്രെന്റ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ പാക്കിസ്ഥാന് എതിരെ ആദ്യ ടി20 മത്സരത്തിൽ 43 പന്തിൽ നിന്നും 103 റൺസ് നേടി റെക്കോർഡ് തിരുത്തിയിരുന്നു.
Also read: ‘അയാളുടെ ബാറ്റിങ് സേവാഗിനെ ഓര്‍മിപ്പിക്കുന്നു’; ഷായെ പ്രകീര്‍ത്തിച്ച് മുരളീധരന്
രണ്ടാം മത്സരത്തിൽ ഹെഡിങ്ലിയിൽ അതിവേഗം 36 റൺസ് നേടിയ ലിവിങ്സ്റ്റൺ, ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 16 മത്തെ ഓവറിലാണ് 122 മീറ്റർ സിക്സർ നേടിയത്. പാക്കിസ്ഥാൻ ഫാസ്റ്റ് ബോളർ ഹാരിസ് റൗഫിന്റെ പന്താണ് ലിവിങ്സ്റ്റൺ സിക്സറിന് പായിച്ചത്. ഓവർ പിച്ച് ചെയ്ത പന്ത് ബോളറുടെ തലക്ക് മുകളിലൂടെ പറത്തുകയായിരുന്നു.
മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചു. 201 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് നിശ്ചിത ഓവറിൽ 155/9 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. മൂന്നാം ടി20 മത്സരം നാളെയാണ്.