മണിപ്പൂരിലെയും ഹരിയാനയിലെയും വംശീയ-വർഗ്ഗീയ കലാപങ്ങളുടെ പശ്ചാത്തലംകൂടിയുണ്ട് യോഗി സർക്കാരിന്റെ പുതിയ നീക്കത്തിന്. അന്നത്തെ റിപ്പോർട്ട് പൂർണ്ണമായും കുറ്റപ്പെടുത്തിയത് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഷമീം അഹ്മദ് ഷായെയും, ഒരു പ്രാദേശിക ലീഗ് നേതാവായ ഹമീദ് ഹുസ്സൈനെയുമായിരുന്നു. സംസ്ഥാന പൊലീസിനും ആർഎസ്എസ്സിനും ബിജെപിക്കും ക്ലീൻചിറ്റ് നൽകുന്നതായിരുന്നു സക്സേനയുടെ റിപ്പോർട്ട്.
അതെസമയം കലാപത്തെക്കുറിച്ച് സക്സേന നടത്തിയ അന്വേഷണവും അദ്ദേഹത്തിന്റെ റിപ്പോര്ട്ടും വസ്തുതാബദ്ധമായിരുന്നില്ലെന്ന് ആരോപിച്ച് മുസ്ലീം ലീഗ് രംഗത്തെത്തിയിട്ടുണ്ട്. 1980ലെ കൂട്ടക്കൊലയെക്കുറിച്ച് പുതിയൊരു അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിക്കുമെന്ന് ലീഗ് പറയുന്നു. നേരത്തെയും ഇതേ ആവശ്യമുന്നയിച്ച് മുസ്ലീം ലീഗ് രാഷ്ട്രപതിക്ക് മെമ്മോറാണ്ടം അയച്ചിട്ടുണ്ട്.
സക്സേനയുടെ റിപ്പോർട്ട് അന്നത്തെ ഭരണകൂടത്തെ സംരക്ഷിക്കാൻ വേണ്ടി എഴുതിത്തയ്യാറാക്കിയതാണെന്ന് മുസ്ലിം ലീഗ് ദേശീയ ജോയിന്റ് സെക്രട്ടറി കൗസർ ഹയാത്ത് ഖാൻ ആരോപിക്കുന്നു. പൊലീസാണ് വെടിവെപ്പ് നടത്തിയത്. അതിന് ഉത്തരവിട്ടത് സംസ്ഥാന ഭരണകൂടമാണ്. മുസ്ലീങ്ങൾക്കെതിരെ പോലീസും ഭരണകൂടവും നേരിട്ട് നടത്തിയ നടപടിയായിരുന്നു അത്. ഇക്കാര്യം മറച്ചുപിടിക്കാൻ ഐയുഎംഎലിനെ പ്രതിസ്ഥാനത്ത് നിർത്തുകയായിരുന്നു സക്സേനയുടെ റിപ്പോർട്ട്. കലാപത്തിന്റെ ഇരകളെ സംരക്ഷിക്കാൻ കോൺഗ്രസ് സർക്കാർ യാതൊന്നും ചെയ്തില്ലെന്നും മുസ്ലീം ലീഗ് ആരോപിക്കുന്നു.
“അന്നത്തെ കോൺഗ്രസ് സർക്കാരാണ് കലാപത്തിന്റെ ഉത്തരവാദികൾ. മുസ്ലിങ്ങളുടെ ആത്മവീര്യം കെടുത്താൻ കോൺഗ്രസ് അക്കാലത്തെ രാജ്യത്തെമ്പാടും പ്രവർത്തനങ്ങൾ നടത്തി. കലാപത്തിനു ശേഷവും കോൺഗ്രസ് മുസ്ലിങ്ങൾക്ക് നീതി നൽകാൻ യാതൊന്നും ചെയ്തില്ല,” കൗസർ ഹയാത്ത് ഖാൻ പറഞ്ഞു.
2024 തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സമൂഹത്തിൽ ധ്രുവീകരണം സൃഷ്ടിക്കുക എന്നതാണ് യോഗി സർക്കാർ ഇപ്പോൾ ലക്ഷ്യം വെക്കുന്നതെന്ന് ഹയാത്ത് ഖാൻ ആരോപിക്കുന്നു. മുസ്സിം ലീഗ് കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ് എന്നതാണ് യോഗി സർക്കാരിന്റെ ലാക്ക്.
സക്സേന റിപ്പോർട്ട് 40 വര്ഷത്തിനു ശേഷം പുറത്തുവിട്ട യോഗി സർക്കാരിന്റെ ഉദ്ദേശ്യം സമൂഹത്തിൽ വർഗ്ഗീയ ധ്രുവീകരണം നടത്തലാണെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് സുരേന്ദ്ര രജ്പുത് ആരോപിച്ചു. 2024 തിരഞ്ഞെടുപ്പിനു മുമ്പായി ഹിന്ദുക്കളും മുസ്ലിങ്ങളുമെന്ന് സമൂഹത്തെ വിഭജിക്കണം ബിജെപിക്കെന്ന് അദ്ദേഹം പറഞ്ഞു.
1980 ഓഗസ്റ്റ്-നവംബർ മാസങ്ങൾക്കിടയിൽ യുപിയിലെ മൊറാദാബാദിൽ നടന്ന കലാപമാണ് മൊറാദാബാദ് കലാപം, മൊറാദാബാദ് മുസ്ലിം കൂട്ടക്കൊല എന്നെല്ലാം അറിയപ്പെടുന്നത്. ഈദ്ഗാഹ് പരിപാടി നടക്കുന്നതിനിടയിലേക്ക് ഒരു പന്നി കയറിച്ചെന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പന്നിയെ മാറ്റണമെന്ന് പൊലീസിനോട് പള്ളിയിലുള്ളവർ ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് വിസമ്മതിച്ചു. ഇതോടെ പൊലീസുമായി വാക്കുതർക്കമുണ്ടായി. പിന്നാലെ പൊലീസ് വിവേചനരഹിതമായി വെടിവെച്ചു. നൂറിലധികം പേരാണ് അന്ന് വെടിയേറ്റു മരിച്ചത്. ഇതിനു പിന്നാലെയുണ്ടായ കലാപങ്ങളിലും നിരവധി മരണങ്ങളുണ്ടായി. മാധ്യമപ്രവർത്തകനും ബിജെപി എംപിയുമായ എംജെ അക്ബർ ഈ കലാപത്തെക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ട്. അതൊരു ഹിന്ദു – മുസ്ലിം കലാപമായിരുന്നില്ലെന്നും വർഗ്ഗീയവൽക്കരിക്കപ്പെട്ട പൊലീസ് നടത്തിയ കലാപമായിരുന്നെന്നുമാണ് അദ്ദേഹം എഴുതിയത്.