“ഞാൻ എന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. ഒരു അതിശയോക്തിയുമില്ലാതെയാണ് പറയുന്നത്. 2024 തിരഞ്ഞെടുപ്പ് ബിജെപി തോൽക്കും. ജനങ്ങളുടെ പ്രശ്നങ്ങളിൽ ശ്രദ്ധ നല്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുന്നില്ല. അദ്ദേഹം മൻ കി ബാത്ത് ചെയ്തുകൊണ്ടിരിക്കുകയാണ്,” സിദ്ധരാമയ്യ പറഞ്ഞു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.
കർണാടകത്തിലെ 28 സീറ്റുകളിൽ ഇരുപതിലും കോൺഗ്രസ് ജയിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. രാജ്യത്തെ ജനങ്ങൾ ബിജെപിയുടെ നശീകരണകാരിയായ പ്രത്യയശാസ്ത്രത്തെ തള്ളിക്കളഞ്ഞിട്ടുണ്ടെന്ന് സിദ്ധരമായ്യ പ്രസ്താവിച്ചു. വികസനരാഹിത്യവും വിലക്കയറ്റവും കെടുകാര്യസ്ഥതയും ഭരിക്കുകയാണ് രാജ്യത്ത്. ഇതിനു പുറമെയാണ് ജനങ്ങളെ വെറുപ്പിന്റെ അടിസ്ഥാനത്തിൽ പരസ്പരം ഭിന്നിപ്പിക്കുന്ന ബിജെപിയുടെ പ്രത്യയശാസ്ത്രം. അസംബ്ലി തിരഞ്ഞെടുപ്പ് കഴിഞ്ഞെന്ന ആശ്വാസത്തിൽ വിശ്രമിക്കരുതെന്ന് അണികളോട് സിദ്ധരാമയ്യ ആഹ്വാനം ചെയ്തു. കുറഞ്ഞത് 20 സീറ്റിലെങ്കിലും വിജയിക്കുമെന്ന് നാം ഹൈക്കമാൻഡിന് കൊടുത്ത വാക്കാണ്. നമുക്ക് അതിലും കൂടുതൽ നേടാനാകും: അദ്ദേഹം പറഞ്ഞു.
അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 42.8 ശതമാനം വോട്ട് നേടിയത് ചരിത്രപരമാണെന്ന് സിദ്ധരാമയ്യ പ്രസ്താവിച്ചു. രാജ്യത്തെ രക്ഷിക്കുന്നതിന് കർണാടകത്തിലെ ജനങ്ങൾ വലിയൊരു കാൽവെയ്പ്പ് നടത്തുകയായിരുന്നു.
ജനങ്ങൾക്ക് സമാധാനവും സന്തോഷവുമുണ്ടായാൽ രാജ്യത്ത് ബിജെപിയുടെ സമാധാനവും സന്തോഷവും നഷ്ടപ്പെടുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. കർണാടകത്തിൽ ബിജെപി അധികാരത്തിലിരുന്ന കാലത്ത് നടന്ന എല്ലാ അഴിമതികളും അന്വേഷിക്കുകയാണ് സർക്കാര്. ബിജെപിയുടെ സത്യം ഉടനെ പുറത്തുവരും. പാവങ്ങളുടെ പോക്കറ്റിൽ നിന്ന് പണം തട്ടിയെടുത്ത് പണക്കാർക്ക് കൊടുക്കുന്ന നയമാണ് ബിജെപിയുടേത്. കോൺഗ്രസ് സർക്കാർ ഗ്യരണ്ടി സ്കീമുകൾ നടപ്പിലാക്കിയതാണ് ഇന്ന് ജനങ്ങളുടെ പോക്കറ്റിൽ പണമുണ്ടായതിനു കാരണമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജനങ്ങളുടെ വാങ്ങൽശേഷി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ബജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് സിദ്ധരാമയ്യ തന്റെ പ്രസംഗത്തിൽ പറഞ്ഞു. കർണാടക വികസനമോഡൽ പഠിക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും രംഗത്തുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.