കരകൗശല വിദഗ്ധരടങ്ങുന്ന വലിയൊരു സമൂഹം രാജ്യത്തുണ്ടെന്നും അവരെ ഉയർത്തിക്കൊണ്ടുവരുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് മുതൽക്കൂട്ടാകുമെന്നതുമാണ് ഈ പദ്ധതിയുടെ അടിസ്ഥാനാശയം. സെപ്തംബർ 17ന് നടക്കുന്ന വിശ്വകർമ്മപൂജാ ദിനത്തിലായിരിക്കും പദ്ധതിയുടെ നടപ്പാക്കൽ.
മാർച്ച് മാസത്തിൽ ബജറ്റിനു ശേഷം നടത്തിയ വെബിനാറിൽ വെച്ചായിരുന്നു പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. കരകൗശല വിദഗ്ധരുടെ സമ്പന്നമായ പാരമ്പര്യം ഇന്ത്യക്കുണ്ട്. അവരെ ഉദ്ധരിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിദഗ്ധരായ കരകൗശല വിദഗ്ധർ സ്വയംപര്യാപ്തമായ ഇന്ത്യയുടെ പ്രതീകങ്ങളാണെന്ന് വെബിനാറിൽ മോദി പറയുകയുണ്ടായി. ഇന്ത്യയുടെ വളര്ച്ചയുടെ യാത്രയിൽ പാരമ്പര്യമായ തൊഴിൽ വൈദഗ്ധ്യത്തിന് വലിയ പ്രാധാന്യമുണ്ട്. അവരെ തൊഴിൽ സംരംഭകരാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മോദി പ്രസ്താവിച്ചിരുന്നു.
രാജ്യത്തെ തൊഴിൽവൈദഗ്ധ്യങ്ങളെ വളർത്തിയെടുക്കുകയും അതുവഴി യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ആശയം. പല കരകൗശല വിഭാഗങ്ങൾക്കും ആവശ്യമായ വളർച്ച ലഭിച്ചിട്ടുണ്ടെങ്കിലും വലിയ വിഭാഗവും ഇപ്പോഴും മുഖ്യധാരയ്ക്ക് പുറത്താണ്. മരപ്പണിക്കാർ, ഇരുമ്പു പണിക്കാർ, ശിൽപ്പികൾ, മേസ്തിരിപ്പണിക്കാർ തുടങ്ങിയവർ. ഇവരെല്ലാം സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന ആശയത്തിന്റെ വിപുലീകരണമായാണ് പ്രധാനമന്ത്രി ഈ ആശയത്തെ കണ്ടത്.
ബാങ്ക് ഗ്യാരണ്ടിയില്ലാതെ കോടിക്കണക്കിന് രൂപ രാജ്യത്തെ ജനങ്ങൾക്ക് വായ്പയായി നൽകിയ മുദ്ര ലോൺ പദ്ധതിയോളം പ്രാധാന്യമുള്ള പുതിയൊരു പദ്ധതിയായാണ് പ്രധാനമന്ത്രി വിശ്വകർമ്മ പദ്ധതിയെ വിശേഷിപ്പിച്ചത്. എല്ലാത്തരത്തിലുമുള്ള സഹായസഹകരണങ്ങൾ കരകൗശല ജോലികൾ ചെയ്യുന്ന വിഭാഗങ്ങൾക്ക് ലഭ്യമാക്കും. ലോണുകൾ, സാങ്കേതിക സഹായങ്ങൾ, ഡിജിറ്റൽ ശാക്തീകരണ സഹായങ്ങൾ, ബ്രാൻഡ് പ്രമോഷൻ സഹായങ്ങൾ, മാർക്കറ്റിങ്, അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കൽ തുടങ്ങിയവ ഇതിൽപ്പെടുന്നു.
ഈ പദ്ധതിയുടെ സഹായം ദളിത്, ആദിവാസി വിഭാഗങ്ങൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കരകൗശല വേലകൾ ചെയ്യുന്നവരിൽ ഭൂരിഭാഗവും ഈ വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് മോദി മാർച്ച് മാസത്തിലെ വെബിനാറിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി.