ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് പ്രവാസികൾ. ഗൾഫ് മേഖലയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രവാസികൾ സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി.
കേരള സോഷ്യൽ സെൻ്റർ
അബുദാബി > കേരള സോഷ്യൽ സെൻ്ററിനുവേണ്ടി എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനത്തിൽ പ്രസിഡന്റ് എ കെ ബീരാൻകുട്ടി ദേശീയപതാക ഉയർത്തി. ഇന്ത്യ നേരിടുന്ന മതനിരപേക്ഷതക്കുനേരെയുള്ള കടന്നാക്രമണങ്ങൾ ചെറുത്തുതോൽപ്പിക്കാൻ ഇന്ത്യൻ ജനതക്ക് ഓരോ സ്വാതന്ത്ര്യ ദിനവും കരുത്തു പകരട്ടെ എന്ന് ആദ്ദേഹം ആശംസിച്ചു. ചടങ്ങിൽ കെഎസ്സി ജനറൽ സെക്രട്ടറി സത്യൻ കെ, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ലതീഷ് ശങ്കർ, റഫീക്ക് കൊല്ലിയത്ത്, സുബാഷ്, ഷെബിൻ പ്രേമരാജൻ, റഷീദ് അയിരൂർ, ശക്തി പ്രസിഡന്റ് ടി കെ മനോജ്, ശക്തി ആക്റ്റിംഗ് ജനറൽ സെക്രട്ടറി ഹാരീസ് സി എം പി, വോളണ്ടിയർ ക്യാപ്റ്റൻ അരുൺ, മുൻ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, കെ എസ് സി- ശക്തി പ്രവർത്തകർ പങ്കെടുത്തു.
കുവൈത്ത് ഇന്ത്യൻ എംബസി
കുവൈത്ത് സിറ്റി > ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യദിനം വിപുലമായ ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി. രാവിലെ എട്ടുമണിക്ക് ആഘോഷപരിപാടികൾ ആരംഭിച്ചു. അംബാസഡർ ഡോ. ആദർശ് സ്വൈക മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ദേശിയ പതാക ഉയർത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തു .രാഷ്ട്രപതിയുടെ സ്വതന്ത്രദിന സന്ദേശം അംബാസിഡർ ചടങ്ങിൽ വായിച്ചു.
ഐസിസി ഖത്തർ
ദോഹ > ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹം 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഐ സി സിയില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ദേശീയ ഗാനം ആലപിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസംഗത്തിന്റെ ഭാഗങ്ങള്‍ അംബാസഡര്‍ വായിച്ചു.
ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുൾ റഹ്മാൻ, ഐ ബി പി സി പ്രസിഡന്റ് ജാഫർ സാദിഖ് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ, കമ്മ്യൂണിറ്റി സംഘടനാ ഭാരവാഹികൾ, ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. സ്കൂള്‍ വിദ്യാര്‍ഥികളും കലാകാരന്മാരും സാംസ്കാരിക പരിപാടിയും ദേശഭക്തിഗാനങ്ങളും അവതരിപ്പിച്ചു.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
ജിദ്ദ > 77-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് ജിദ്ദയിലെ ഇന്ത്യൻ സമൂഹം. ഇന്ത്യൻ കോൺസുലേറ്റിൽ ആക്ടിംഗ് കോൺസുലേറ്റ് ജനറൽ മുഹമ്മദ് അബ്ദുൽ ജലീൽ പതാക ഉയർത്തി. കോൺസിലേറ്റ് ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. രാഷ്ട്രപതിയുടെ സന്ദേശം ആക്ടിംഗ് ജനറൽ വായിച്ചു. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി മറ്റ് പരിപാടികളും സംഘടിപ്പിച്ചിരുന്നു.
ബഹ്റൈൻ കേരളീയ സമാജം
മനാമ > ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബഹ്റൈൻ കേരളീയ സമാജത്തിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് ഉൾപ്പെടെയുള്ള ഭാരവാഹികൾ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..