(Riots After Riots- മുന്‍ വിദേശകാര്യ മന്ത്രിയും മാധ്യമ പ്രവര്‍ത്തകനുമായ എം ജെ അക്ബര്‍)
43 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അതായത് 1980 ആഗസ്ത് 13ന് നടന്ന ഈ കൂട്ടക്കൊലയാണ് ഇപ്പോള്‍ ദേശീയരാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരിക്കുന്നത്. മൊറാദാബാദ് കൂട്ടക്കൊല. ഈ കൂട്ടക്കൊലയെുടെ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കാന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ചു. വരാനിരിക്കുന്ന 2024 തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ്സിനെയും ‘ഇന്ത്യ’ സഖ്യത്തിലെ പല കക്ഷികളെയും പ്രതിരോധത്തിലാക്കാൻ പോന്ന വിവരങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്. 1980ലെ പ്രസ്തുത സംഭവത്തിന് പിന്നാലെ ജസ്റ്റിസ് എംപി സക്സേന കമ്മീഷനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചിരുന്നു. മൂന്നുമാസത്തിനുശേഷം സക്സേന കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അന്നത്തെ വിപി സിങ് സര്‍ക്കാര്‍ അത് പുറത്തുവിട്ടില്ല. പിന്നീട് വന്ന സര്‍ക്കാരുകളും റിപ്പോര്‍ട്ട് മൂടിവെക്കുക തന്നെ ചെയ്തു. ഇതാണ് സഭയില്‍ വെക്കാന്‍ ഇപ്പോള്‍ യോഗി സര്‍ക്കാര്‍ താല്പര്യപ്പെടുന്നത്.
2024ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് യോഗി സര്‍ക്കാരിന്റെ നടപടിയെന്ന ആരോപണം ശക്തമാണ്. ഹരിയാന, മണിപ്പൂര്‍ സംഘര്‍ഷം, ഇന്ത്യ മുന്നണിയുടെ ഉദയം എന്നിവയുടെ പശ്ചാത്തലത്തിലാണ് യോഗി സര്‍ക്കാരിന്റെ നീക്കം. ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് യോഗി ഈ നീക്തത്തിലൂടെ പ്രയോഗിക്കുന്നതെന്ന് പ്രതിപക്ഷം പറയുന്നു.
മൊറാദാബാദ്
ഉത്തര്‍പ്രദേശിലെ പ്രസിദ്ധമായ നഗരങ്ങളിലൊന്നാണ് രാംഗംഗ നദിയുടെ തീരത്തുള്ള മൊറാദാബാദ്. ദേശീയ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്ന് 167 കിലോമീറ്ററും സംസ്ഥാന തലസ്ഥാനമായ ലഖ്നൗവില്‍ നിന്ന് 344 കിലോമീറ്റര്‍ ദൂരത്തിലും സ്ഥിതി ചെയ്യുന്നു. 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യ നോക്കുകയാണെങ്കില്‍ 887,871 ആണ്. മതാടിസ്ഥാനത്തില്‍ ജനസംഖ്യയില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. 51.68%. മുസ്ലീം വിഭാഗം 46.79% വരും. ശേഷിക്കുന്നത് ക്രിസ്തു, സിഖ് വിഭാഗങ്ങളാണ്.
കലാപങ്ങളുടെ ചരിത്രമുറങ്ങുന്ന നാട്
കലാപചരിത്രമുറങ്ങുന്ന നാടാണ് മൊറാദാബാദ്. 1848-ലും പിന്നീട് 1872-ലും ഹിന്ദു-മുസ്ലീം കലാപങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1880കളില്‍ ഈ നഗരത്തില്‍ കൂടുതല്‍ ഹിന്ദു വോട്ടര്‍മാര്‍ ആയിരുന്നു. എന്നിട്ടും മുനിസിപ്പാലിറ്റിയിലെ സെക്രട്ടറിയായി വിജയിച്ചിരുന്നത് മുസ്ലീം വിഭാഗക്കാരനായിരുന്നു. കാരണം ഇലക്ടറല്‍ വാര്‍ഡുകളിലൊന്നില്‍ മാത്രമായിരുന്നു ഹിന്ദുക്കള്‍ ഭുരിപക്ഷമായിരുന്നത്. ബാക്കിയുള്ള അഞ്ച് വാര്‍ഡുകളില്‍ മുസ്ലിംകള്ക്കാണ് ഭൂരിപക്ഷം. തല്‍ഫലമായി, മുനിസിപ്പല്‍ ബോഡിയില്‍ മുസ്ലീങ്ങള്‍ക്കായിരുന്നു ഭൂരിപക്ഷം. ഇതോടെ ഹിന്ദുക്കളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വാര്‍ഡ് അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കുകയും മുനിസിപ്പാലിറ്റിയില്‍ ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പില്‍ മതപരമായ താല്പര്യങ്ങള് ഉയര്‍ത്തിയുള്ള നിലപാട് സാമുദായിക വിദ്വേഷത്തിന് കാരണമായി മാറി. എരിതീയില്‍ എണ്ണയൊഴിക്കുംപോലെ 1930കളില്‍ മുസ്ലീങ്ങള്‍ക്ക് പ്രത്യേക രാജ്യം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് രംഗത്തെത്തി. പ്രാദേശിക നേതാവും അഭിഭാഷകനുമായ ഖാസി തസ്ലിം ഹുസൈന് ഇതിനായി നിലയുറപ്പിച്ചപ്പോള്‍ ഹിന്ദു സംഘടനകളായ ആര്യസമാജവും രാഷ്ട്രീയ സ്വയംസേവക സംഘവും (ആര്‍എസ്എസ്) എതിര്‍പ്പുമായി രംഗത്തെത്തി. 1948 ജനുവരിയില്‍ നഗരത്തില്‍ വ്യാപകമായ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. പിന്നീട് 1978ല്‍ സംഭാലും ഹിന്ദു-മുസ്ലിം അക്രമത്തിന് സാക്ഷ്യം വഹിച്ചു.
ദലിത് പെണ്‍കുട്ടിയുടെ വിവാഹവും 80ലെ കലാപവും
1980 വര്‍ഷാരംഭത്തില്‍ തന്നെ മൊറാദാബാദില്‍ സാമുദായിക പ്രക്ഷുബ്ധാവസ്ഥ നിലനിന്നിരുന്നു. അതിന്റെ കാരണങ്ങളിലൊന്നായി പറയുന്നത് മാര്‍ച്ച് മാസത്തില്‍ ദലിത് പെണ്‍കുട്ടിയെ മുസ്ലിം സമുദായക്കാര്‍ തട്ടികൊണ്ടുപോയതാണ്. പിന്നാലെ ഇരുവിഭാഗങ്ങള്‍ക്കിടയിലും സംഘര്‍ഷമുണ്ടായി. എന്നാല്‍ പോലിസ് പെണ്‍കുട്ടിയെ രക്ഷിക്കുകയും തട്ടികൊണ്ട് പോയ ആളെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. ഇതോടെ കാര്യങ്ങള്‍ തണുത്തെങ്കിലും കലാപ സാധ്യത നിലനിന്നിരുന്നു. പിന്നീട് മുസ്ലീം പള്ളിയുടെ സമീപത്ത് താമസിച്ചിരുന്ന ദലിത് യുവതിയുടെ വിവാഹവേദിയില്‍ നിന്നുയര്‍ന്ന ആഘോഷ ശബ്ദത്തില്‍ പരാതിയുമായി ഇസ്ലാം വിശ്വാസികളെത്തി. അവര്‍ വിവാഹഘോഷയാത്ര തടഞ്ഞു. പിന്നാലെ ഈ തര്‍ക്കം ഇരു സമുദായങ്ങള്‍ തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയും തുടര്‍ന്ന് നിരവധി വീടുകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു.
80ലെ കൂട്ടക്കൊലയില്‍ കലാശിച്ച കലാപം
1980 ഓഗസ്റ്റ് 13-ന് ദലിത് കോളനിയിലെ വളര്‍ത്തുപന്നി ഈദ്ഗാഹ് പ്രദേശത്തേക്ക് കടന്നുകയറി. പന്നികളെ ഹറാമായി കണക്കാക്കിയിരുന്ന മുസ്ലീങ്ങള്‍ വിഷയം പോലിസിനെ അറിയിച്ചു. ദലിതര്‍ പന്നിയെ മനപ്പൂര്‍വം പ്രാര്‍ത്ഥനാസ്ഥലത്തേക്ക് വിട്ടതാണെന്ന സംശയവും ചിലർക്കുണ്ടായി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് പന്നിയെ ഓടിക്കാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് ചെയ്യാന്‍ വിസമ്മതിച്ചത് വാക്കേറ്റത്തിന് കാരണമായി. ചിലർ പോലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞതോടെ അക്രമം പൊട്ടിപ്പുറപ്പെട്ടു. നെറ്റിയില്‍ കല്ല് തട്ടി സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) കുഴഞ്ഞുവീണു. ചിലര്‍ വലിച്ചിഴച്ച് കൊണ്ടുപോയ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) ഡിപി സിങ്ങിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസുകാര്‍ ജനക്കൂട്ടത്തിനുനേരെ വിവേചനരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു. ജില്ലാ മജിസ്ട്രേറ്റിനൊപ്പം ട്രക്കുകളില്‍ എത്തിയ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) സേനാംഗങ്ങള്‍ നിരന്നുനിന്ന് നിറയൊഴിച്ചു. എത്ര പേര് മരിച്ചിട്ടുണ്ടെന്ന് പോലും ഇന്നും കൃത്യമായി രേഖകളില്ല. നിരവധി പേര് വെടിവെപ്പിലും നിരവധിപേര്‍ തിക്കിലും തിരക്കിലും പെട്ടും മരിച്ചു. ഇതോടെ ഈദ്ഗാഹിനെത്തിയ മുസ്ലീം ജനക്കൂട്ടം ദലിത് ചേരികള്ക്കുനേരെ തിരിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. എന്തായാലും പിന്നീട് നഗരം സാക്ഷ്യം വഹിച്ചത് കൂട്ട കൊള്ളയ്ക്കും തീവെപ്പിനുമാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനക്കൂട്ടം പോലീസുകാരെ മര്‍ദ്ദിച്ചു. ഒരു കോണ്‍സ്റ്റബിളിനെ ആക്രമകാരികള്‍ ചുട്ടുകൊന്നതായും റിപ്പോര്‍ട്ടുണ്ട്. ഗല്ഷാഹീദ് പോലീസ് ഔട്ട്പോസ്റ്റ് ആക്രമിക്കപ്പെടുകയും അതിന് തീയിടുകയും ചെയ്തു. പോലിസ് പോസ്റ്റിലുണ്ടായിരുന്ന രണ്ട് പോലിസുകാര്‍ കൂടി കൊല്ലപ്പെട്ടു.
അടുത്ത ദിവസം, അക്രമം മതപരമായ സ്വഭാവം കൈവരിക്കുകയും മൊറാദാബാദ് ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. സമീപ നഗരമായ അലിഗഡിലേക്കും വ്യാപിച്ചു. പിന്നാലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ മേഖലയില്‍ സൈന്യത്തെ വിന്യസിച്ചു. സെപ്റ്റംബര്‍ 2-ഓടെ മൊറാദാബാദിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി, സൈന്യം പിന്‍വാങ്ങി.
സെപ്റ്റംബറില്‍ ഹിന്ദു ഉത്സവമായ രക്ഷാബന്ധന് ദിനത്തിലാണ് അടുത്ത വലിയ അക്രമം നടന്നത്. 14 മരണങ്ങള് കൂടി ഇക്കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1980 നവംബര്‍ വരെ ചെറിയ തോതിലുള്ള അക്രമം തുടര്‍ന്നു. പിന്നീട് ഓരോ ആഗസ്തിലും മൊറദാബാദിലെ ഇരകളുടെ കഥ മാധ്യമങ്ങളില്‍ ഇടം പിടിക്കാറുണ്ട്. എന്നാല്‍ ഇന്നും സംഭവത്തിന്റെ ഉത്തരവാദികളെ കണ്ടെത്തിയിട്ടില്ല. മൊറാദാബാദിലെ ഗല്ഷാഹിദ് പ്രദേശത്തെ ഹെര്‍ബല്‍ മെഡിസിന് ഷോപ്പുടമയാണ് 48 കാരനായ ഫാഹിം ഹുസൈന്. അഞ്ച് വയസ്സ് മുതല്‍ ഈദ് ആഘോഷിച്ചിട്ടില്ല. 43 വര്‍ഷം മുമ്പ് ഒരു ഈദ് ദിനത്തിലാണ് അദ്ദേഹത്തിന് നാല് കുടുംബാംഗങ്ങളെ നഷ്ടമായത്. പോലീസ് തന്റെ വീടിന്റെ വാതിലുകള്‍ തകര്‍ത്താണ് മുത്തച്ഛനെയും പിതാവിനെയും കൊണ്ടുപോയത് അമ്മാവനും ഒരു വേലക്കാരനും അവരെ പോലീസ് വാഹനത്തില്‍ കയറ്റി. പിന്നീടൊരിക്കലും അവരെ കണ്ടില്ല. (അവലംബം-ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്)
ഹുസൈന്റെ 70 വയസ്സുള്ള അമ്മ സാജിദാ ബീഗം ഇപ്പോഴും ഭര്‍ത്താവിനായി കാത്തിരിക്കുകയാണ്. “മരിച്ചെങ്കില്‍ അദ്ദേഹത്തിന്റെ മൃതശരീരം കിട്ടില്ലേ, ഒരിക്കലും അത് എനിക്ക് കിട്ടിയിട്ടില്ല. ജയിലിലാണെന്ന് പോലീസ് പറഞ്ഞിരുന്നു. ഒരിക്കല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഞങ്ങളുടെ വീട് സന്ദര്‍ശിച്ച് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. ഞാന്‍ നിരസിച്ചു. എനിക്ക് എന്റെ ഭര്‍ത്താവിനെ വേണം, പണമല്ല വേണ്ടതെന്ന് ഞാന്‍ അവരോട് പറഞ്ഞു.” ഇത്തരത്തില്‍ നിരവധി കഥകള്‍ ഇന്നും മൊറാദാബാദ് നിവാസികള്‍ക്ക് പറയാനുണ്ട്. കാലം മുന്നോട്ട് പോയെങ്കിലും മനസ്സില്‍ എല്ലാം ഉറഞ്ഞുകൂടി കിടക്കുന്നുണ്ട്.
അന്നത്തെ നേതാക്കളുടെ പ്രസ്താവനകള്‍ ഇപ്രകാരമായിരുന്നു: ആര്‍എസ്എസ്, ജനസംഘം, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) എന്നീ സംഘടനകളാണ് അക്രമത്തിന് പിന്നിലെന്ന് കേന്ദ്രമന്ത്രി യോഗേന്ദ്ര മക്വാന കുറ്റപ്പെടുത്തി. അതേസമയം ‘വിദേശ ശക്തികളും’ (പാകിസ്താനെ പരാമര്‍ശിച്ച്) ‘വര്‍ഗീയ പാര്‍ട്ടികളും’ അക്രമത്തിന് പിന്നിലുണ്ടെന്നാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അഭിപ്രായപ്പെട്ടത്. മുസ്ലീങ്ങള്‍ക്കിടയിലെ ‘സാമൂഹ്യ വിരുദ്ധര്‍’ അക്രമത്തിന് ഭാഗികമായി ഉത്തരവാദികളാണെന്ന് ടൈംസ് ഓഫ് ഇന്ത്യ എഡിറ്റര്‍ ഗിരിലാല്‍ ജെയിന് പറഞ്ഞു. ഒപ്പം മുസ്ലീം നേതാക്കള്‍ വസ്തുതകള്‍ സമ്മതിക്കാതെ ആര്‍എസ്എസിനെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്ദിരാഗാന്ധിയുടെ ‘വിദേശ ഇടപെടൽ’ സിദ്ധാന്തത്തിനും അദ്ദേഹം പിന്തുണ നല്കി. ഒപ്പം ഉത്തര്‍പ്രദേശിലെ പാകിസ്താന് സന്ദര്‍ശകരുടെ എണ്ണം ലേഖനമായി അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്തു. ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനി മുസ്ലീം സംഘടനകളെയാണ് കുറ്റപ്പെടുത്തിയത്.
സക്സേന റിപ്പോര്‍ട്ടും യോഗി സര്‍ക്കാരും
വിഷയത്തില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് സക്സേന പോലിസിനും ബിജെപിക്കും ക്ലീന്‍ ചിറ്റ് നല്കി. കുറ്റം ചാര്‍ത്തിയത് കലാപസമയത്തെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഷമീം അഹ്മദ് ഷായെയും ലീഗ് നേതാവായിരുന്ന ഹമീദ് ഹുസ്സൈനെയുമാണ്. ഈ റിപ്പോര്‍ട്ടാണ് യോഗി സര്‍ക്കാര്‍ സഭയിലേക്ക് എത്തിച്ചത്. പൊതുതിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നില്‍ക്കാനുള്ള പ്രതിപക്ഷ തീരുമാനത്തിനെതിരായ ആയുധം എന്നാണ് സംഭവത്തെ പാര്‍ട്ടികള്‍ വിമര്‍ശിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ പ്രത്യേകിച്ച് അന്ന് സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ്സിനും കുറ്റക്കാരായി മുദ്രകുത്തപ്പെട്ട മുംസ്ലീം ലീഗിനും ഇടയില്‍ ഭിന്നിപ്പുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ഇതിനകം തന്നെ പ്രതിപക്ഷം തുറന്നടിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന ജനതയില്‍ വര്‍ഗീയ ഭിന്നിപ്പ് ഉണ്ടാക്കുന്നതിന് റിപ്പോര്‍ട്ട് വഴിവെച്ചേക്കും. അത്തരത്തിലുള്ള അവസരം മുതലെടുക്കാനാണ് യോഗി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും യുപിയിലെ ലീഗ് നേതാക്കള്‍ പറയുന്നുണ്ട്. പ്രതികളായവര്പോലും മരണപ്പെട്ട കാലത്ത് ഇതിന്റെ ആവശ്യമെന്താണെന്നാണ് അവര്‍ ചോദിക്കുന്നത്. അതേസമയം, ഇതിനകം തന്നെ ലീഗ് കോണ്‍ഗ്രസിനെതിരേ തിരിയുകയും ചെയ്തിട്ടുണ്ട്. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പോലിസിനെയും സര്‍ക്കാരിനെയും രക്ഷിക്കുകയാണ് ചെയ്തതെന്ന വാദമാണ് ഇതിനായി ലീഗ് ഉയര്‍ത്തിയതും. തിരഞ്ഞെടുപ്പ് സമയമാകുമ്പോഴാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്, അതിന്റെ അര്ത്ഥമെന്താണെന്നായിരുന്നു എസ്പി നേതാവ് അഖിലേഷ് യാദവിന്റെ പ്രതികരണം. ചുരുക്കത്തില്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടതിലൂടെ യോഗി സര്‍ക്കാരിന്റെ ഉദ്ദേശ്യങ്ങള്‍ ഇവയാണെന്ന് പറയാം
1. കലാപത്തിന് ഉത്തരവാദി മുസ്ലീങ്ങളാണെന്ന് പറയുന്നതിലൂടെ ഹിന്ദുത്വ മണ്ഡലങ്ങളിലെ വോട്ട് ഉറപ്പിക്കുക.
2. മുസ്ലിംകള് കൊല്ലപ്പെടുന്നത് കോണ്‍ഗ്രസ് ഭരിച്ച യുപിയിലാണെന്ന് വ്യക്തമാക്കുക. കോണ്‍ഗ്രസിന്റെ മതേതര പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിക്കുക. അതുവഴി ഇന്ത്യാ സഖ്യത്തിൽ ചേർന്നിട്ടുള്ള എസ്പി അടക്കമുള്ള മുസ്ലീം പിന്തുണയുള്ള കക്ഷികളെ മുൻനിർത്തി സഖ്യത്തെയാകെ പ്രശ്നത്തിലാക്കുക.
3. യുപിയിലെ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ അടിത്തറയായ വാല്മീകി സമുദായങ്ങളുടെ വോട്ട് തങ്ങളുടെ പെട്ടിയില്‍ വീഴ്ത്തുക. അതിലൂടെ ഹിന്ദുത്വ അജണ്ടയെ ശക്തിപ്പെടുത്തുക. കലാപത്തിന്റെ ഉത്തരവാദിയായി മുസ്ലീം ലീഗ് നേതാവിനെ ലക്ഷ്യമിടുമ്പോള്‍ എതിര്‍ഭാഗത്ത് പട്ടികജാതിക്കാരായ വാല്‍മീകികളെ ഇരകളായി ചിത്രീകരിക്കുന്നതും ഇതിനാണ്.
4. മുസ്ലീങ്ങളെ കൂടുതല്‍ ഒറ്റപ്പെടുത്തുക.