ദുബായ് > ദുബായ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി അതോറിറ്റി (ദീവ) സൗരോർജം ഉപയോഗിച്ച് കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാൻറ് നിർമിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ട നിർമാണത്തിന് സൗദി അറേബ്യൻ കമ്പനിക്ക് ദേവ കരാർ നൽകി. സൗദിയിലെ എസിഡബ്ല്യുഎ എന്ന കമ്പനിയാണ് 91.4 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ദേവയുടെ ഹസ്യാൻ സീ വാട്ടർ റിവേഴ്സ് ഓസ്മോസിസ് (എസ്ആർഡബ്ല്യുആർഒ) പദ്ധതിയുടെ ഒന്നാം ഘട്ട നിർമാണത്തിന് കരാർ നേടിയത്. പ്രതിദിനം 180 ദശലക്ഷം ഗാലൺ ശുദ്ധജലം ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്ലാൻറിൻറെ നിർമാണവും പ്രവർത്തനവും നടത്താനാണ് കരാർ.
ദീവയുടെ ആദ്യ സ്വതന്ത്ര ശുദ്ധജല നിർമാണ മാതൃക പദ്ധതിയാണിത്. പ്രതിദിനം 490 ഗാലൻ ഉപ്പുവെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയാണ് ദീവക്കുള്ളത് . 2026ൽ പുതിയ പ്ലാൻറ് പൂർത്തിയാവുന്നതോടെഉൽപാദനശേഷി പ്രതിദിനം 670 ഗാലണായി ഉയരും. 2030ഓടെ 100 ശതമാനം ഉപ്പുവെള്ള ശുദ്ധീകരണവും ശുദ്ധോർജവും മാലിന്യങ്ങളിൽനിന്നുള്ള ഊർജവും ഉപയോഗിച്ച് നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ദേവ എംഡിയും സിഇഒയുമായ സായിദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
പദ്ധതികൾ പൂർത്തിയാകുന്നതോടെ പ്രതിദിന ജലശുദ്ധീകരണശേഷി 490 ഗാലണിൽനിന്ന് 730 ഗാലണിൽ എത്തിക്കാനനാവുമെന്നാണ് പ്രതീക്ഷ. ലോകോത്തര നിലവാരത്തിൽ വിശ്വസസനീയവും കാര്യക്ഷമവുമായ രീതിയിൽ ശുദ്ധജലലഭ്യത ഉറപ്പുവരുത്താൻ ദേവക്ക് സാധിക്കുന്നുണ്ടെന്നും ഇതിനായി ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളും നൂതനമായ സാങ്കേതികവിദ്യകളും ഒരുക്കിയ സർക്കാറിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..