അബുദാബി > അബുദാബിയിൽ പുതിയ വ്യാവസായിക ലൈസൻസുകൾ (ഒരു വ്യാവസായിക കമ്പനി സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ ലൈസൻസ്) നൽകുന്നതിൽ 2022 ജൂലൈ മുതൽ 2023 ജൂൺ വരെ 16. 6 ശതമാനം വർദ്ധനവുണ്ടായതായി അബുദാബി സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു. 2023 ന്റെ ആദ്യ പകുതിയിൽ മാത്രം മൊത്തം 116 ലൈസൻസുകൾ നൽകിയതായും 2022-ന്റെ ആദ്യ പകുതിയിൽ അനുവദിച്ച ലൈസൻസുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ 63. 3 ശതമാനം വളർച്ച കൈവരിച്ചതായും വികസന വകുപ്പിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കി.
ഈ കാലയളവിൽ വളർച്ച 12. 42 ബില്യൺ ദിർഹത്തിൽ നിന്നും 384.06 ബില്യൺ ദിർഹമെത്തിയതായും നിർമ്മാതാക്കളുടെ എണ്ണം 966 ആയി വർദ്ധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
എമിറേറ്റിലെ എണ്ണയിതര കയറ്റുമതി വർധിപ്പിക്കാനും, വ്യാവസായിക മേഖലയിലെ ആഗോളവിപണികളുമായുള്ള അബുദാബിയുടെ വ്യാപാരനിലവാരം മെച്ചപ്പെടുത്താനുമായി കഴിഞ്ഞ ജൂണിൽ അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് അബുദാബി ഇൻഡസ്ട്രിയൽ സ്ട്രാറ്റജിക്ക് (എഡിഐഎസ്) തുടക്കമിട്ടത്. വ്യാവസായിക മേഖല വികസിപ്പിച്ച് 172 ബില്യൺ ദിർഹത്തിലെത്തിക്കുകയും പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള 13,600 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, 2031-ഓടെ എമിറേറ്റിന്റെ എണ്ണയിതര കയറ്റുമതി 17,880 കോടി ദിർഹമായി ഉയർത്താനും ലക്ഷ്യമിടുന്നതാണ് പദ്ധതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..