പുതിയ വർണ്ണഭംഗിയിലുള്ള വന്ദേഭാരത് ട്രെയിനിൽ വേറെയും നിരവധി പുതുമകളുണ്ട്. പുതിയ വന്ദേഭാരതിലെ ഫീച്ചറുകൾ താഴെ.
പുതിയ വന്ദേഭാരതിന്റെ ഡ്രൈവർ ഡസ്കിന് പുതിയ കളർതീം ലഭിക്കുമെന്നാണ് വിവരം. കൂടുതൽ ഭംഗിയും, വിസിബിലിറ്റിയും നൽകുക എന്നതാണ് ഈ കളർതീം മാറ്റത്തിന്റെ ഉദ്ദേശ്യം.
ഡ്രൈവർ കൺട്രോൾ പാനലിൽ എമർജൻസി സ്റ്റോപ് പുഷ് ബട്ടന്റെ സ്ഥാനത്തിന് മാറ്റംവരും. ലോക്കോപൈലറ്റിന് ഏറ്റവുമെളുപ്പത്തിൽ ഈ ബട്ടനിലേക്ക് കൈയെത്തുന്ന വിധത്തിലായിരിക്കും പുതിയ സജ്ജീകരണം. കോച്ചുകളിലെ അപ്പർ പാനലുകൾക്ക് കൂടുതൽ ഉറപ്പുനൽകും. ഭംഗിയും കൂട്ടും. കോച്ചിനകത്തെ എഫ്ആർപി പാനലുകളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്.
എയർ കണ്ടീഷനിങ് ഗുണനിലവാരം കൂട്ടാൻ പാനലുകളുടെ ഇൻസുലേഷൻ മികവുറ്റതാക്കിയിട്ടുണ്ട്. തീപ്പിടിത്തം തിരിച്ചറിയാനും അണയ്ക്കാനുമുള്ള സംവിധാനത്തിന്റെ ഗുണനിലവാരവും കൂട്ടിയിട്ടുണ്ട്.
ഇതുവരെയുള്ള വന്ദേഭാരത് ട്രെയിനുകളിലെ സീറ്റുകൾക്ക് ചുവപ്പു നിറമാണ് നൽകിയിരുന്നത്. ഓറഞ്ച് വന്ദേഭാരതിൽ നിറം നീലയായി മാറും. വാഷ് ബേസിനുകളുടെ ആഴം കുറെക്കൂടി കൂട്ടും. വെള്ളം തെറിക്കുന്നത് ഒഴിവാക്കാനാണിത്. സീറ്റുകൾ പിന്നിലേക്ക് കൂടുതൽ താഴ്ത്താൻ സാധിക്കും ഓറഞ്ച് വന്ദേഭാരതിൽ.
മൊബൈൽ ചാർജിങ് പോയിന്റുകൾ എല്ലാ സീറ്റുകൾക്കുമടിയിലായി ഉണ്ടാകും. ഇവയിലേക്ക് സുഗമമായി കണക്ട് ചെയ്യാനുള്ള ചെറിയ ഡിസൈൻ മാറ്റം വരുത്തിയിട്ടുണ്ട്. ടോയ്ലറ്റുകളിലെ ലൈറ്റിങ് 1.5 വാട്ടിൽ നിന്ന് 2.5 വാട്ടായി ഉയർത്തി.
അതെസമയം ഈ വന്ദേഭാരത് ഏത് റൂട്ടിലാണ് ആദ്യം ഓടുകയെന്നത് വ്യക്തമായിട്ടില്ല. ഓണത്തിന് കേരളത്തിലേക്ക് ഒരു വന്ദേഭാരത് പ്രഖ്യാപിക്കുമെന്നെല്ലാം നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കിൽ അത് ഓറഞ്ച് നിറത്തിലുള്ള വന്ദേഭാരത് ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നതാണ്.